Connect with us

Eduline

ഫാർമസിസ്റ്റാകാൻ...

പ്ലസ് ടു തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, അല്ലെങ്കിൽ ബയോളജി സബ്ജക്ടുകൾ പഠിച്ചവർക്ക് ഫാർമസി കോഴ്‌സിന് ചേരാം. പ്ലസ് ടുവിനു ശേഷം ഫാം ഡി കോഴ്‌സ് പഠിക്കാനുള്ള അവസരവും നിലവിലുണ്ട്.

Published

|

Last Updated

ഞാൻ പ്ലസ് ടു സയൻസ് പഠിക്കുന്നു. ഇനി ഫാർമസി കോഴ്‌സിന് ചേരണം. ആ കോഴ്‌സിനെ കുറിച്ച് വിശദീകരിക്കാമോ ?

മുഹമ്മദ് ഷാനിബ് സി കെ
യു എച്ച് എച്ച് എസ് എസ് ചാലിയം

ഫാർമസി മേഖലയിലെ ഒരുകരിയർ നിങ്ങൾക്ക് മനുഷ്യരാശിയെ സേവിക്കാനും അതിൻ്റെ ക്ഷേമം മെച്ചപ്പെടുത്താനുമുള്ള അവസരമാണ്. നമ്മളിൽ മിക്കവരും ജീവിതത്തിൻ്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ മരുന്ന് ഉപയോഗിച്ചിട്ടുണ്ടാകും, ഈ മരുന്നുകൾ ഉണ്ടാക്കുന്നതിന് പിന്നിൽ ഒരു ശാസ്ത്രമുണ്ട് ഫാർമസ്യൂട്ടിക്കൽ സയൻസ് എന്നാണ് ഇത് അറിയപ്പെടുന്നത്. മരുന്നുകളുടെ ഉത്പാദനം, നിർമാണ പ്രവർത്തനങ്ങൾ, ഗുണനിലവാരം ഉറപ്പുവരുത്തൽ, പരിശോധന, വിപണനം, എന്നിവയുമായി ബന്ധപ്പെട്ടതാണ് ഫാർമസിസ്റ്റുകളുടെ കർമ മേഖല. ആശുപത്രികളിലേക്കും സ്വകാര്യ ഫാർമസികളിലേക്കും മരുന്നുകൾ നൽകുന്നതും, മരുന്നുകൾ എങ്ങനെ കഴിക്കണം എന്ത് പ്രതികരണങ്ങൾ ഉണ്ടാവാം തുടങ്ങിയ രോഗികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകലും ഫാർമസിസ്റ്റുകളുടെ കടമയിൽപ്പെടുന്നു.

പ്ലസ് ടു തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, അല്ലെങ്കിൽ ബയോളജി സബ്ജക്ടുകൾ പഠിച്ചവർക്ക് ഫാർമസി കോഴ്‌സിന് ചേരാം. ഫാർമസി മേഖലയിലെ പ്രധാനപ്പെട്ട കോഴ്‌സുകൾ ഏതെല്ലാമാണെന്ന് നോക്കാം. രണ്ട് വർഷത്തെ ഡിപ്ലോമ ഇൻ ഫാർമസി, നാല് വർഷത്തെ പ്രൊഫഷനൽ ഡിഗ്രി ആയ ബാച്ചിലർ ഇൻ ഫാർമസി, അതിന് ശേഷം രണ്ട് വർഷത്തെ മാസ്റ്റർ ഓഫ് ഫാർമസിയോ മൂന്ന് വർഷത്തെ ഡോക്ടർ ഓഫ് ഫാർമസിയോ ചെയ്യാവുന്നതാണ്. രണ്ട് വർഷത്തെ ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ലാറ്ററൽ എൻട്രി സ്‌കീം വഴി ബാച്ചിലർ ഫാർമസിയുടെ രണ്ടാം വർഷത്തിലേക്കുള്ള പ്രവേശനവും നേടാം. ഡിപ്ലോമ ഫാർമസി കോഴ്‌സിന് പ്ലസ് ടു ഹയർസെക്കൻഡറിയുടെ മാർക്ക് അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്. ബാച്ചിലർ ഫാർമസി ബി ഫാം കോഴ്‌സിന് കേരളത്തിൽ കേരള എൻജിനീയറിംഗ് ആൻഡ് മെഡിക്കൽ എൻട്രൻസ് എക്‌സാമിനേഷൻ്റെ പേപ്പർ ഒന്ന് ഫിസിക്‌സ് കെമിസ്ട്രി പരീക്ഷ വഴി ലഭിക്കുന്ന റാങ്ക് അടിസ്ഥാനത്തിലാണ് കേരള കമ്മീഷണർ ഓഫ് എൻട്രൻസ് എക്‌സാമിനേഷൻ കേരള പ്രവേശനം നൽകി വരുന്നത്. കേരളത്തിൽ അഞ്ച് സർക്കാർ ഫാർമസി കോളജുകൾ നിലവിലുണ്ട്. കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം.

ഇവ കൂടാതെ 50 ഓളം പ്രൈവറ്റ് ഫാർമസി കോളജുകളും ലഭ്യമാണ്. കോഴ്‌സുകൾ തിരഞ്ഞെടുക്കുമ്പോൾ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജുകൾ എ ഐ സി ടി ഇ അംഗീകാരത്തോടു കൂടിയുള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
ആൾ ഇന്ത്യ തലത്തിൽ വരുന്ന പ്രധാന സ്ഥാപനങ്ങൾ ജാമിയ ഹംദർദ് കോളജ് ഓഫ് ഫാർമസി, ബിർള ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ സയൻസ്, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യൂക്കേഷൻ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് ഹൈദരാബാദ്, റായ്ബറേലി, കൊൽക്കത്ത, പി എസ് ജി കോളജ് ഓഫ് ഫാർമസി കോയമ്പത്തൂർ, എന്നിവ ഈ മേഖലയിലെ ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളാണ്.

അസം യൂനിവേഴ്‌സിറ്റി, ഗുരു കാശിദാസ് വിശ്വവിദ്യാലയം, ഹേമാവതി നന്ദൻ ബഹുഗുണ അഗർവാൾ യൂനിവേഴ്‌സിറ്റി, ഇന്ദിരാഗാന്ധി നാഷനൽ ട്രൈബൽ യൂനിവേഴ്‌സിറ്റി, തുടങ്ങിയ സെൻട്രൽ യൂനിവേഴ്‌സിറ്റികളിലെ ബി ഫാം കോഴ്‌സുകളിലേക്ക് കോമൺ യൂനിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് സി യു ഇ ടി യു ജി വഴിയാണ് പ്രവേശനം.

ബി ഫാം പഠനത്തിന് ശേഷം GPAT (Graduate Pharmacy Aptitude Test) എന്ന ദേശീയ തല പ്രവേശന പരീക്ഷ വഴി സ്‌റ്റൈപ്പൻ്റോടു കൂടി വിവിധ സ്ഥാപനങ്ങളിൽ M.Pharm (Master of Pharmacy) കോഴ്സ് പഠിക്കാവുന്നതാണ്. കൂടാതെ മൂന്ന് വർഷത്തെPharm D, MBA (Pharmaceutical Management), MBA (Pharma Marketing), MSc Clinical Research/ Bio informatics/ Pharmaceutical Chemistry, M.Tech Biotechnology/ Medical bio technology/ Bio informatics തുടങ്ങിയ മേഖലകളിൽ ഉപരിപഠനം നടത്താം.

പ്ലസ് ടുവിനു ശേഷം ഫാം ഡി കോഴ്‌സ് പഠിക്കാനുള്ള അവസരവും നിലവിലുണ്ട്. ആറ് വർഷമാണ് കോഴ്സ് ദൈർഘ്യം. അവസാന വർഷം ഇൻ്റേൺഷിപ്പാണ്. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ക്ലിനിക്കൽ ഫാർമസിസ്റ്റായി പ്രവർത്തിക്കാം. ഇന്ത്യയിൽ അവസരങ്ങൾ കുറവാണെങ്കിലും വിദേശ രാജ്യങ്ങളിൽ ക്ലിനിക്കക്കൽ ഫാർമസിസ്റ്റുകൾക്ക് മികച്ച തൊഴിലവസരങ്ങളുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളിലാണ് പഠനാവസരമുള്ളത് എന്നതു കൊണ്ട് തന്നെ ബി ഫാമിന് ശേഷം ഈ മേഖല തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

 

ഉന്നത പഠനം, പരീക്ഷകൾ, പ്രവേശനം, തൊഴിൽ സംബന്ധമായ സംശയങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുന്നു.
ചോദ്യങ്ങൾ ഇമെയിൽ, വാട്സ്ആപ്പ് വഴി അയക്കാം.
9349918816

ചീഫ് കരിയർ കൗൺസിലർ, സിജി ചേവായൂർ

Latest