Kerala
സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചുവെന്ന് ഇന്ന് ഉത്തരവിറക്കണം; കേരള വി സിക്ക് അന്ത്യശാസനവുമായി ഗവര്‍ണര്‍
സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിന്‍വലിക്കാന്‍ കഴിയില്ലെന്നും വൈസ് ചാന്‍സലര്‍ മറുപടി നല്‍കിയിരുന്നു
തിരുവനന്തപുരം | സെനറ്റ് അംഗങ്ങളെ പിരിച്ചുവിടുന്നതില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചു ഇന്ന് ഉത്തരവ് ഇറക്കണമെന്നാണ് വി സിക്ക് ഗവര്‍ണര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിന്‍വലിക്കാന്‍ കഴിയില്ലെന്നും വൈസ് ചാന്‍സലര്‍ മറുപടി നല്‍കിയിരുന്നു . ഇതിന് പിന്നാലെയാണ് ഇന്ന് തന്നെ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഉത്തരവിറക്കണമെന്ന് ഗവര്‍ണര്‍ അന്ത്യശാസനം പുറപ്പെടുവിച്ചിരിക്കുന്നത്.
ചാന്‍സലറെന്ന നിലയില്‍ താന്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അസാധാരണ നടപടിയിലൂടെ ഗവര്‍ണര്‍ പിന്‍വലിച്ചത്. വിസി നിര്‍ണയ സമിതിയിലേക്കുള്ള കേരള സര്‍വകലാശാല പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ചാന്‍സിലര്‍ അയോഗ്യരാക്കിയത്. നാല് വകുപ്പ് മേധാവിമാരും രണ്ട് സിന്റിക്കേറ്റ് അംഗങ്ങളും പിന്‍വലിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.പ്രതിനിധിയെ നിര്‍ദ്ദേശിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തെ തുടര്‍ന്ന് ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്ന് ഇടത് അംഗങ്ങള്‍ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെയാണ് അസാധാരണ നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങിയത്.