Connect with us

National

പാര്‍ലമെന്റിലും സംസ്ഥാന അസംബ്ലികളിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കും: ജഗ്ദീപ് ധന്‍ഖര്‍

ഭരണഘടനയില്‍ ഭേദഗതി വരുത്തും. സംവരണം നടപ്പായാല്‍ 2047ന് മുമ്പ് തന്നെ രാജ്യം ''നമ്പര്‍ വണ്‍'' ആകുമെന്നും ധന്‍ഖര്‍ പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി| പാര്‍ലമെന്റിലും സംസ്ഥാന അസംബ്ലികളിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍. ഭരണഘടനയില്‍ ഭേദഗതി വരുത്തും. സംവരണം നടപ്പായാല്‍ 2047ന് മുമ്പ് തന്നെ രാജ്യം ”നമ്പര്‍ വണ്‍” ആകുമെന്നും ധന്‍ഖര്‍ പറഞ്ഞു.രാജസ്ഥാനിലെ ജയ്പൂരില്‍ വിശ്വവിദ്യാലയ മഹാറാണി മഹാവിദ്യാലയയിലെ പെണ്‍കുട്ടികളുമായി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജഗ്ദീപ് ധന്‍ഖര്‍.

ഭരണഘടനയില്‍ ഉചിതമായ ഭേദഗതികളോടെ, പാര്‍ലമെന്റിലും സംസ്ഥാന അസംബ്ലികളിലും വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്ന ദിവസം വിദൂരമല്ല. 2047 ഓടെ നമ്മള്‍ ഒരു ആഗോള ശക്തിയാകുമെന്നും എന്നാല്‍ ഈ സംവരണം നടപ്പായാല്‍, 2047 ന് മുമ്പ് തന്നെ നമ്മള്‍ ഒന്നാം സ്ഥാനത്തെത്തുമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.

നിലവില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ എല്ലാ തെരഞ്ഞെടുപ്പുകളിലും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മൂന്നിലൊന്ന് സംവരണമുണ്ട്. ഈ സംവരണം വളരെ പ്രധാനമാണെന്നും ഇതിനെ കാര്യക്ഷമമായി പ്രയോജനപ്പെടുത്താന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയിലെ ‘ചെയര്‍മാന്‍’ എന്ന വാക്കിനെയും ജഗ്ദീപ് ധന്‍ഖര്‍ ചോദ്യം ചെയ്തു. രാജ്യത്തിന്റെ ഉപരാഷ്ട്രപതിയും രാജ്യസഭയുടെ ചെയര്‍മാനുമാണ് താന്‍. ഒരു സ്ത്രീക്കും ഈ സ്ഥാനം വഹിക്കാന്‍ കഴിയും. പക്ഷേ, ഭരണഘടന പറയുന്നത് ‘ചെയര്‍മാന്‍’ എന്നാണ്. എന്നാല്‍ തന്റെ നേതൃത്വത്തില്‍ ഈ രീതി മാറ്റി. ആ കസേരയില്‍ ഇരുന്ന് സഭ ഭരിക്കുന്ന പുരുഷനെയോ സ്ത്രീയെയോ ഞങ്ങള്‍ ചെയര്‍മാന്‍ എന്നല്ല പകരം പാനല്‍ ഓഫ് വൈസ് ചെയര്‍പേഴ്‌സണ്‍ എന്ന് വിശേഷിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

 

 

Latest