National
വൈറലാകാന്‍ ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍
ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബെംഗളുരു|കര്‍ണാടകയിലെ ഹാസനിന്‍ നിര്‍ത്തിയിട്ട ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടിയാണ് യുവാക്കള്‍ ഈ പ്രവൃത്തി ചെയ്തത്. ആയുര്‍വേദത്തില്‍ ബിരുദ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായവര്‍. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം പിഴ ഈടാക്കി വിട്ടയച്ചു.
സംഭവത്തിന്റെ 25സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ കോടതി പിഴ ഈടാക്കിയ ശേഷം വിട്ടയക്കുകയായിരുന്നു.
പ്ലാസ്റ്റിക് കവറില്‍ പെട്രോള്‍ നിറച്ച ശേഷം കവറില്‍ പടക്കമിട്ട് കെട്ടിവെയ്ക്കുന്നതും പിന്നീട് ഈ കവര്‍ നിര്‍ത്തിയിട്ട ടാങ്കറിന് മുന്നില്‍ വെച്ച് തീകൊളുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ടാങ്കറിലേക്ക് തീ ആളിപ്പടരാതിരുന്നത് വലിയ അപകടം ഒഴിവായി.