prathivaram health
മാനസികാരോഗ്യം നിലനിര്‍ത്താന്‍...
അല്ലാഹു നൽകിയ ജീവിതത്തിന്റെ ഭാഗമാണ് പരീക്ഷണങ്ങൾ. വിഷാദാവസ്ഥയിൽ അകപ്പെടാതിരിക്കാനുള്ള മാർഗം ഇഹലോകം ബുദ്ധിമുട്ടുള്ളതാണെന്നുള്ള വാസ്തവം തിരിച്ചറിയലാണ്.
മനുഷ്യാരോഗ്യത്തിന്റെ അവിഭാജ്യഘടകമാണ് മാനസികാരോഗ്യം. മതം, ജീവിതം, കുടുംബം, സമ്പത്ത് എന്നിവ സംരക്ഷിക്കുന്നതിന് സമാനമാണ് മാനസികാരോഗ്യം നിലനിർത്തൽ. പത്താം നൂറ്റാണ്ടിലെ വിശ്വവിഖ്യാത പണ്ഡിതനായ അൽ-ബൽഖി “SUSTENANCE FOR BODY AND SOUL’ എന്ന രചനയിൽ ശരീരവും മനസ്സും തമ്മിലുള്ള ഇടപെടലുകൾക്ക് പ്രാമുഖ്യം നൽകുന്നുണ്ട്. പനി പോലെയുള്ള ശാരീരികാസുഖങ്ങൾ മാനസികാരോഗ്യത്തിൽ പങ്ക് വഹിക്കുമെന്നും സമാനമായി വിഷാദം പോലെയുള്ള മാനസികമായ രോഗങ്ങൾ ശാരീരികമായി പ്രകടമാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിലാണ് മുസ്്ലിം ലോകത്ത് സൈക്യാട്രിക് ആശുപത്രികൾ നിലവിൽ വന്നത്. മാനസിക രോഗങ്ങൾക്ക് സൊമാറ്റിക്, സൈക്കോതെറാപ്പി പോലെയുള്ള ചികിത്സകൾ നൽകുന്നതിനോടൊപ്പം ഖുർആൻ പാരായണ തെറാപ്പി, സ്വഭാവ പരിഷ്കരണം തുടങ്ങിയ സമീപനങ്ങളും മുസ്്ലിം ഡോക്ടർമാർ നടത്തിയിട്ടുണ്ട്. മുസ്്ലിമിന് നിർബന്ധമായ അഞ്ച് വഖ്ത്ത് നിസ്കാരം, ദുആ, ദിക്ർ, ഖുർആൻ പാരായണം തുടങ്ങിയവയും മാനസികാരോഗ്യ വർധനവിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
വിഷാദത്തിനടിമപ്പെട്ട മനസ്സിന് ഖുർആനിക സൂക്തങ്ങളിലേക്ക് ഊളിയിടുമ്പോൾ ആശ്വാസവും മാർഗദർശനവും ലഭ്യമാകുന്നു. ഖുർആനിക സൂക്തങ്ങളുടെ ഭാഷാസൗന്ദര്യവും അഗാധമായ അർഥങ്ങളും കലുഷിതമായ മനസ്സിനെ ശാന്തതയിലേക്ക് നയിക്കുന്നു. സ്രഷ്‌ടാവിന്റെ കരുണ വിവരിക്കുന്ന സൂക്തങ്ങൾ ക്ലേശകരമായ മനസ്സിൽ പ്രത്യാശയുടെ പൂമൊട്ടുകൾ വിരിയിക്കുന്നു.ഖുർആനിലെ പ്രവാചക ചരിത്രങ്ങൾ അവരനുഭവിച്ച യാതനകൾ വിളിച്ചോതുന്നുണ്ട്.
അല്ലാഹു നൽകിയ ജീവിതത്തിന്റെ ഭാഗമാണ് പരീക്ഷണങ്ങൾ. വിഷാദാവസ്ഥയിൽ അകപ്പെടാതിരിക്കാനുള്ള മാർഗം ഇഹലോകം ബുദ്ധിമുട്ടുള്ളതാണെന്നുള്ള വാസ്തവം തിരിച്ചറിയലാണ്. സൂറത്തുൽ ബലദിലെ നാലാം സൂക്തം ഈ അർഥത്തിലേക്ക് വിരൽ ചൂണ്ടുന്നു. “തീർച്ചയായും നാം മനുഷ്യനെ പ്രയാസത്തിൽ സൃഷ്ടിച്ചു'(90:04). മക്ക മുശ്‌രികീങ്ങളിൽ നിന്ന് മുഹമ്മദ് നബി(സ)ക്ക് പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നപ്പോൾ ആശ്വാസമായി ഇറങ്ങിയതാണ് ഈ വചനങ്ങൾ. മനുഷ്യനിൽ ആത്മാവ് സന്നിവേശിക്കപ്പെട്ടത് മുതൽ ഊരപ്പെടുന്നത് വരെ അവന് പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്നും ആദം സന്തതിയേക്കാൾ പ്രയാസത്തിലായി ഒന്നിനെയും സൃഷ്ടിച്ചിട്ടില്ലെന്നും മുഹമ്മദ് അലി സ്വാബൂനിയുടെ സ്വഫ്‌വതുത്തഫാസീറിൽ ബലദിലെ നാലാം സൂക്തത്തിന്റെ തഫ്സീറിൽ വിശദീകരിക്കുന്നുണ്ട്.
കലുഷിതമായ മനസ്സിന്റെ മുറിവുകളെ സുഖപ്പെടുത്താൻ സാധ്യമാകുന്ന സൂക്തങ്ങൾ നമുക്ക് ഖുർആനിൽ കാണാനാകും. “അല്ലാഹുവിന്റെ അനുമതിയോടെ മാത്രമേ ഏതൊരു വിപത്തും ആരെയും ബാധിക്കുകയുള്ളൂ’ (64:11). അടിമ നേരിടുന്ന പരീക്ഷണങ്ങളെല്ലാം ഉടമയിൽ നിന്നാണെന്ന് മനസ്സിലാക്കുമ്പോൾ അവൻ പ്രയാസങ്ങളിൽ നിന്ന് മുക്തനാകും. “വിജയം കൈവിട്ടതിലും വിപത്തേറ്റത്തിലും നിങ്ങൾ ഇനിയും ദുഃഖിക്കാതിരിക്കാനാണ് മാപ്പരുളിയത്'(3:153). ഉഹദ് യുദ്ധവേളയിൽ അവതീർണമായ ഖുർആനിക വചനമാണിത്. തനിക്ക് ജീവിതത്തിൽ നഷ്ടപ്പെട്ടതും വന്നുഭവിച്ചതുമായ പ്രയാസങ്ങളാൽ ഖേദിക്കുന്ന ഏതൊരു മനസ്സിനും ആശ്വാസം പകരുന്നതാണീ വാക്കുകൾ. “കഴിവിൽ കവിഞ്ഞത് പ്രവർത്തിക്കാൻ ഒരാളെയും അല്ലാഹു നിർബന്ധിക്കുകയില്ല'(2:286). അടിമയുടെ തിരിച്ചറിവിനപ്പുറം ഉടമക്കവനെ മനസ്സിലാക്കാൻ സാധിക്കും. മനുഷ്യ ജീവിതത്തിലെ സംഭവവികാസങ്ങളത്രയും അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ്. അടിമക്ക് നേരിടേണ്ടിവരുന്ന സകല പ്രയാസങ്ങൾക്കും അവതരണം ചെയ്യാനുള്ള വാതിലുകളും നാഥൻ തുറന്നുനൽകും. ഒരു വ്യക്തിയുടെ കഴിവിനപ്പുറമുള്ള യാതൊന്നും നാഥൻ അവനെ ഏൽപ്പിക്കുന്നില്ല .
വിശ്വാസിയുടെ ജീവിതത്തിൽ ക്ഷമയും അല്ലാഹുവിൽ ഭരമേൽപ്പിക്കലും അത്യന്തികമായി അനിവാര്യമാണ്. വിശുദ്ധ ഖുർആനിൽ നൂറു തവണ “ക്ഷമ’യെന്ന പദം ആവർത്തിക്കപ്പെട്ടിട്ടുണ്ട്. ദുരിതങ്ങളും കഷ്ടതകളും നാഥന്റെ പരീക്ഷണമാണെന്നുള്ള തിരിച്ചറിവ് സഹനത്തിന് ശക്തി പകരുന്നു. ക്ഷമിക്കുന്നതിലൂടെ അല്ലാഹുവിന്റെ സ്നേഹവും (ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു 3:146 ) കരുണ കരസ്ഥമാക്കാനും സ്വർഗപ്രവേശനം ഉറപ്പാക്കാനും സാധിക്കും. “ഭയം, വിശപ്പ് , ധനക്കമ്മി, ജീവനാശം, കായ്കനി ദൗർബല്യം തുടങ്ങിയ കാര്യങ്ങളിലൂടെ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. വല്ല വിപത്തും സംഭവിക്കുമ്പോൾ “ഞങ്ങൾ അല്ലാഹുവിൽ നിന്നുള്ളവരും അവനിലേക്ക് മടങ്ങുന്നവരുമാണ്’ എന്നു പറയുന്ന ക്ഷമാശീലർക്ക് താങ്കൾ ശുഭവാർത്ത അറിയിക്കുക. തങ്ങളുടെ നാഥനിൽ നിന്നുള്ള അനുഗ്രഹങ്ങളും കാരുണ്യവും അവരിൽ വർഷിക്കും’ (2:155-157).
അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിലൂടെ അടിമയുടെ വിശ്വാസം കരുത്താർജിക്കുന്നു. സ്രഷ്‌ടാവ് കൂടെയുണ്ടെന്ന വിശ്വാസം സർവ മേഖലകളിലും അവന് ശക്തി പകരുന്നു. “അല്ലാഹുവിനെ ആരെങ്കിലും സൂക്ഷിക്കുന്നുവെങ്കിൽ അവൻ അയാൾക്കൊരു മോചനമാർഗം സജ്ജീകരിച്ചു കൊടുക്കുന്നതും നിലച്ചിരിക്കാത്ത വിധം ഉപജീവനം നൽകുന്നതുമാണ്. അവന്റെ മേൽ ആരെങ്കിലും കാര്യങ്ങൾ ഭരമേൽപ്പിക്കുന്നുവെങ്കിൽ അവന് അല്ലാഹു തന്നെ മതി’ (65:2-3). അലി(റ) പറയുന്നു :”അല്ലാഹുവിനെ ഭയപ്പെടുന്ന ഏതൊരാൾക്കും അവൻ കഷ്ടതകളിൽ നിന്ന് കരകയറാനുള്ള മാർഗവും ഇരുട്ടിൽ നിന്നുള്ള വെളിച്ചവും ഒരുക്കുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം’.