Connect with us

Editorial

സുഡാനില്‍ സമാധാനം സാധ്യമാകാന്‍

ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ അനുരഞ്ജനമുണ്ടാക്കുന്നതിന് അന്താരാഷ്ട്ര കൂട്ടായ്മകളുടെ ശക്തമായ ഇടപെടല്‍ അനിവാര്യമാണ്. സുഡാന്‍ ജനതയുടെ നേര്‍ക്ക് ലോകത്തിന്റെ സഹായഹസ്തം നീളണം. സുഡാന്‍ ജനത തിരഞ്ഞെടുക്കുന്ന സിവിലിയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരണം.

Published

|

Last Updated

വടക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സൈന്യവും അര്‍ധ സൈനിക വിഭാഗവും തമ്മില്‍ തുടരുന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞുവെന്നാണ് യു എന്‍ കണക്ക്. ആയിരക്കണക്കിനാളുകള്‍ക്ക് പരുക്കേറ്റു. വെടിനിര്‍ത്തല്‍ ധാരണയായിരുന്നെങ്കിലും ഇടതടവില്ലാതെ ഏറ്റുമുട്ടല്‍ തുടര്‍ന്നതോടെ പലായനം ചെയ്യാന്‍ പോലും സാധിക്കാത്ത നിലയിലാണ് ജനങ്ങള്‍. ഏറ്റുമുട്ടലിന്റെ കെടുതി മുഴുവന്‍ അനുഭവിക്കുന്നത് സിവിലിയന്‍മാരാണ്. നിയമവാഴ്ച പാടേ തകര്‍ന്നിരിക്കുന്നു. ഭക്ഷണവും വെള്ളവും കിട്ടാതെ മനുഷ്യര്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. വൈദ്യുതി, വാര്‍ത്താ വിതരണ സംവിധാനങ്ങളെല്ലാം തകര്‍ന്നു. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാന്‍ ജീവിതം അസാധ്യമായ ഇടങ്ങളുടെ പട്ടികയിലേക്ക് നീങ്ങുകയാണ്.

ആക്രമണത്തിന് ചെറിയൊരു ശമനം വരുമ്പോള്‍ ആയിരക്കണക്കിനാളുകള്‍ അയല്‍ രാജ്യമായ ചാഡിലേക്കും മറ്റും പലായനം ചെയ്യുകയാണ്. അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവയെല്ലാം പാഴ്‌വാക്കാകുകയാണ്. ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും രോഗികളാല്‍ നിറഞ്ഞിരിക്കുകയാണെന്നും രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത് വലിയ മാനുഷിക ദുരന്തമാണെന്നും ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കുന്നു. ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ അനുരഞ്ജനം ഉണ്ടാക്കുന്നതിന് അന്താരാഷ്ട്ര കൂട്ടായ്മകളുടെ ശക്തമായ ഇടപെടല്‍ അനിവാര്യമാണ്. സുഡാന്‍ ജനതയുടെ നേര്‍ക്ക് ലോകത്തിന്റെ സഹായഹസ്തം നീളണം. ആ നാട്ടില്‍ സമാധാനം തിരികെ വരാനും ആ മനുഷ്യരുടെ വേദന അവസാനിക്കാനും പ്രാര്‍ഥിക്കുകയും വേണം.

നിലവിലുള്ള ഭരണകര്‍ത്താവ് ഫാസിസ്റ്റ് പ്രവണതകളിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും ജനദ്രോഹ നയങ്ങളിലേക്കും നീങ്ങുമ്പോള്‍ രാഷ്ട്രീയ, സൈനിക അട്ടിമറികളുണ്ടായേക്കാം. ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഇത്തരം ഭരണാധികാരികളെ താഴെയിറക്കുകയും ചെയ്‌തേക്കാം. ഈ അട്ടിമറികള്‍ പലപ്പോഴും രക്തരൂഷിതവുമായേക്കാം. എന്നിട്ടും ഇവ ന്യായീകരിക്കപ്പെടുന്നത് തുടര്‍ന്ന് വരുന്ന ഭരണ സംവിധാനം മെച്ചപ്പെട്ടതാകുന്നത് കൊണ്ടാണ്. പുറത്താക്കിയ ഭരണ സംവിധാനത്തിന്റെയും രാഷ്ട്രത്തലവന്റെയും എല്ലാ കെട്ട വശങ്ങളും പേറുന്നതാണ് പുതിയ ഭരണമെങ്കില്‍ അട്ടിമറിയെ എങ്ങനെ ന്യായീകരിക്കാനാകും? ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിനെ താഴെയിറക്കാന്‍ തഹ്‌രീര്‍ പ്രക്ഷോഭം നടന്നു. ഒടുവില്‍ ബ്രദര്‍ഹുഡിന്റെ കീഴിലുള്ള ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി അധികാരം പിടിച്ചു. പക്ഷേ, ജനജീവിതം ദുസ്സഹമായി തന്നെ തുടര്‍ന്നു. പ്രതിവിപ്ലവമുണ്ടായി. മുബാറക്കിന്റെ വലം കൈയായ ഫതാഹ് അല്‍ സീസിയാണ് ഇപ്പോള്‍ അവിടെ ഭരിക്കുന്നത്. ലിബിയയില്‍ പാശ്ചാത്യ പിന്തുണയോടെ നടന്ന സായുധ പ്രക്ഷോഭത്തിനൊടുവില്‍ മുഅമ്മര്‍ ഗദ്ദാഫിയെ കൊന്നുതള്ളി. അതിന്റെ ശരിതെറ്റുകള്‍ അവിടെ നില്‍ക്കട്ടെ. ലോകത്തെ ഏറ്റവും അരാജകമായ ഇടമായി ലിബിയ അധഃപതിച്ചിരിക്കുന്നു എന്നതാണ് ആത്യന്തിക സത്യം. ഇതു തന്നെയാണ് സുഡാനിലെയും സ്ഥിതി.

1958ല്‍ സ്വതന്ത്രമായ ശേഷം നിരവധി അട്ടിമറികളിലൂടെ കടന്നുവന്ന സുഡാനില്‍ ഒടുവില്‍ ഉമര്‍ അല്‍ ബശീറും വീണു. അദ്ദേഹം അധികാരമൊഴിയണമെന്നാവശ്യപ്പെട്ട് സുഡാനിലെ ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ ബശീര്‍ ഒഴിഞ്ഞപ്പോള്‍ സംഭവിച്ച അധികാര ശൂന്യതയില്‍ ആദ്യം സൈനിക- സിവിലിയന്‍ സംയുക്ത സംവിധാനവും പിന്നീട് സമ്പൂര്‍ണ സൈനിക ഭരണവുമാണ് സംഭവിച്ചത്. സിവിലിയന്‍ സര്‍ക്കാറിന് കൈമാറുന്നതിന് പകരം സൈനിക നേതാവ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ അധികാരം കൈയാളി.
ഈ ദൗത്യത്തില്‍ എല്ലാ അര്‍ഥത്തിലും കൂടെ നിന്നയാളാണ് ഇപ്പോള്‍ സൈന്യത്തിനെതിരെ രൂക്ഷമായ ആക്രമണത്തിന് നേതൃത്വം നല്‍കുന്ന ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗാലോ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള റാപിഡ് സപോര്‍ട്ട് ഫോഴ്‌സ് ആണ് സൈന്യത്തെ വെല്ലുവിളിക്കുന്നത്. ഈ രണ്ട് നേതാക്കള്‍ക്കും ദേശീയതയുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ യാതൊരു അടിത്തറയുമില്ല. ഒരു കാര്യത്തിലും അഭിപ്രായവ്യത്യാസവുമില്ല. ആകെയുള്ളത് അധികാര മോഹം മാത്രമാണ്. സുഡാന്റെ സമാധാനത്തിന് ഇപ്പോള്‍ വേണ്ടത് രണ്ട് പക്ഷത്തെയും അധികാരത്തിലേക്ക് അടുപ്പിക്കാതിരിക്കുക എന്നതാണ്. സുഡാന്‍ ജനത തിരഞ്ഞെടുക്കുന്ന സിവിലിയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരണം. അത്തരമൊരു സംവിധാനത്തെ ഭരിക്കാന്‍ അനുവദിക്കുകയും സൈന്യം ബാരക്കിലേക്ക് മടങ്ങുകയുമാണ് വേണ്ടത്.

കലാപകലുഷമായ സുഡാനില്‍ 3,000ത്തിലേറെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ ആക്രമണത്തിനിടെ ഖര്‍ത്വൂമില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് ചെറിയൊരു ഇടവേളയെങ്കിലും കിട്ടാതെ രക്ഷാദൗത്യത്തിലേക്ക് നീങ്ങുക ദുഷ്‌കരമാണ്. സഊദി അറേബ്യ, ഈജിപ്ത് തുടങ്ങി സുഡാനില്‍ സ്വാധീനമുള്ള രാജ്യങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യ ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. സഊദി കഴിഞ്ഞ ദിവസം ഒഴിപ്പിച്ച വിവിധ രാജ്യക്കാര്‍ക്കിടയില്‍ ഏതാനും ഇന്ത്യക്കാരുമുണ്ട്.

തലസ്ഥാനമായ ഖര്‍ത്വൂമില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി കരമാര്‍ഗം രക്ഷാദൗത്യത്തിലേക്ക് നീങ്ങാനാണ് ഇന്ത്യ പദ്ധതിയാവിഷ്‌കരിക്കുന്നത്. വിമാനത്താവളം പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ ഇതല്ലാതെ വഴിയില്ല. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് യു എസുമായും യു കെയുമായും ഇ യുവുമായും ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തോടുള്ള സമീപനത്തില്‍ അവരുമായി യോജിക്കാന്‍ തയ്യാറായിട്ടില്ല. യു എസ്, കാനഡ, ദ. കൊറിയ, യു കെ, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയവയുടെ എംബസികള്‍ ആക്രമണങ്ങളെ അപലപിച്ചപ്പോള്‍ അഭിപ്രായം പറയേണ്ടതില്ലെന്ന നിലപാടാണ് തത്കാലം ഇന്ത്യ കൈക്കൊണ്ടത്. ഒഴിപ്പിക്കല്‍ ദൗത്യത്തെ ബാധിക്കുമെന്നതിനാലാണ് ഇന്ത്യ ഈ നിലപാടെടുത്തത്. ഒരു കാലത്ത് സമൃദ്ധമായ രാജ്യമായിരുന്ന സുഡാന്‍ സമ്പൂര്‍ണ നാശത്തിലേക്ക് നീങ്ങുന്നതിന് മുമ്പ് സമാധാനപരമായ പരിഹാരത്തിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കൈകോര്‍ക്കേണ്ടതാണ്.

Latest