International
യുക്രൈനില്‍ ആക്രമണം കടുപ്പിച്ച് റഷ്യ; നാലുലക്ഷം ജനങ്ങളെ ബന്ധിയാക്കിയെന്നു മേയര്‍
നേരത്തെ റഷ്യ വെടിനിര്‍ത്തലിന് സമ്മതിച്ച മരിയുപോളില്‍ ഷെല്ലാക്രമണം തുടരുകയാണ്
കീവ് | വെടിനിര്‍ത്തല്‍ അവസാനിച്ച ശേഷം യുക്രൈനില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. അധിനിവേശത്തിന്റെ പതിനൊന്നാം ദിവസമായ ഇന്നും യുക്രൈനുമേല്‍ ആക്രമണം ശക്തമായി തുടരുകയാണ്. കീവിലും ഖാര്‍ക്കീവിലുമെല്ലാം പോരാട്ടം രൂക്ഷമാണ്. നേരത്തെ റഷ്യ വെടിനിര്‍ത്തലിന് സമ്മതിച്ച മരിയുപോളില്‍ ഷെല്ലാക്രമണം തുടരുകയാണ്. ഇതുകാരണം ആളുകളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നതായി യുക്രൈന്‍ അറിയിച്ചു. മരിയുപോളിൽ ശക്തമായ ആക്രമണം തുടരുകയാണെന്ന് മരിയുപോള്‍ മേയര്‍. നഗരത്തിലെ ജലവിതരണവും വൈദ്യുതിയും തടസ്സപ്പെട്ടു. നഗരത്തിൽ അഞ്ച് ദിവസമായി വൈദ്യുതി ഇല്ല. നാലുലക്ഷം ജനങ്ങളെ റഷ്യ ബന്ധിയാക്കിയെന്നും മേയര്‍ ആരോപിച്ചു. അതേസമയം, മൂന്നാംഘട്ട സമാധാന ചര്‍ച്ച നാളെ നടക്കും.
കീവ് പിടിച്ചടക്കാനുള്ള റഷ്യയുടെ ശ്രമങ്ങളെ യുക്രൈന്‍ ഇപ്പോഴും ശക്തമായി ചെറുത്തുനില്‍ക്കുകയാണ്. ഇന്നലെ വെടിനിര്‍ത്തലിന് റഷ്യ സമ്മതിച്ച മരിയുപോളില്‍ കനത്ത ഷെല്ലാക്രമണമാണ് നടക്കുന്നത്. ഇതേത്തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കുന്നത് യുക്രൈന്‍ നിര്‍ത്തിവെച്ചു. മരിയുപോള്‍, വോള്‍നോവാഹ എന്നിവിടങ്ങളിലാണ് ആറ് മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അതേസമയം, യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ് സഹായിക്കണമെന്ന് വീണ്ടും നാറ്റോയോട് അഭ്യര്‍ത്ഥിച്ചു. യുദ്ധവിമാനങ്ങളുള്‍പ്പടെ നല്‍കി സഹായിക്കണമെന്നാണ് യുക്രൈന്റെ ആവശ്യം. വ്യോമപാത നിരോധനത്തിന് നാറ്റോ മടിക്കുന്നത് അവരുടെ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നതെന്നും കുലേബ പറഞ്ഞു. അതേസമയം, യുക്രൈന് മുകളില്‍ വ്യോമപാത നിരോധനം ഏര്‍പ്പെടുത്തിയാല്‍ സംഘര്‍ഷം വഷളാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കി. നിരോധനത്തിന് നീക്കമുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകും. യുക്രൈനിലെ സൈനിക നടപടി റഷ്യ ഉദ്ദേശിച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും പുടിന്‍ പറഞ്ഞു. റഷ്യയില്‍ പട്ടാള നിയമം ഏര്‍പ്പെടുത്തില്ലെന്നും അത്തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും പുടിന്‍ വ്യക്തമാക്കി.
നാറ്റോ വ്യാേമപാത നിരോധനം ഏര്‍പ്പെടുത്തണമെന്ന് നേരത്തെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ പോര്‍വിമാനങ്ങള്‍ തടയാനായിരുന്നു ഇത്. ആവശ്യം നാറ്റോ തള്ളി.
അതേസമയം, യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ എണ്ണം ക്രമാതീതമാകുന്നുവെന്ന് പോളണ്ട് അറിയിച്ചു. ഏഴ് ലക്ഷത്തിലധികം യുക്രൈനുകാര്‍ പോളണ്ട് അതിര്‍ത്തിയിലേയ്ക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്