Connect with us

Arikomban

അരിക്കൊമ്പൻ പറമ്പിക്കുളത്തേക്ക്; എതിര്‍പ്പ് ശക്തം, ജനകീയ പ്രതിഷേധം

പറമ്പിക്കുളത്ത് 11ൽ അധികം ആദിവാസി കോളനികളുണ്ടെന്നാണ് കര്‍ഷക സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നത്.

Published

|

Last Updated

പാലക്കാട് | അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിനെതിരെ പാലക്കാടും എതിര്‍പ്പ് ശക്തമാകുന്നു. നടപടി തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും കെ ബാബു എം എല്‍ എ കത്ത് നല്‍കി. വനം വകുപ്പ് ഈ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന ആവശ്യവുമായി കര്‍ഷക സംരക്ഷണ സമിതി രംഗത്തെത്തിയിട്ടുണ്ട്. പറമ്പിക്കുളത്ത് 11ൽ അധികം ആദിവാസി കോളനികളുണ്ടെന്നാണ് കര്‍ഷക സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നത്.

അരിക്കൊമ്പനെന്ന ആക്രമണ സ്വഭാവമുള്ള കാട്ടാനയെ കൊണ്ടുവിടുന്നത് പറമ്പിക്കുളത്തെയും പരിസര പ്രദേശങ്ങളിലെയും സമാധാന അന്തരീക്ഷം തകര്‍ക്കും. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പറമ്പിക്കുളത്തു നിന്ന് ഇറങ്ങി വന്ന 27 ആനകളുടെ നിരന്തര ആക്രമണങ്ങള്‍ മൂലം മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളില്‍ 40 ലക്ഷത്തിലധികം കാര്‍ഷിക വിളകള്‍  നശിച്ചു. കൊല്ലങ്കോട് റേഞ്ച് വനം വകുപ്പിന്റെ അതികഠിനമായ പരിശ്രമത്തിലാണ് 90 ശതമാനം ആനകളും പറമ്പിക്കുളത്തേക്ക് തിരിച്ചു പോയത്. ഏതാനും ചില ആനകള്‍ മലയടിവാരത്ത് ഉള്ളപ്പോഴാണ് അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നത്.

തെന്മല അടിവാര പ്രദേശത്ത് വസിക്കുന്നവര്‍ക്കും കര്‍ഷകര്‍ക്കും ഭീഷണിയാകുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും ഇല്ലെങ്കില്‍ ജനകീയ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ഇന്ന് നെന്മാറ എം എൽ എയുടെ നേതൃത്വത്തില്‍ പറമ്പിക്കുളത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ പ്രദേശവാസികളും ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. പകല്‍ സമയത്ത് ആനയെ കൊണ്ടുവരുന്നത് തടയുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാത്രി സമയങ്ങളില്‍ തമിഴ്‌നാട് ഉദുമല്‍പേട്ട വഴി ആനയെ കൊണ്ടുവന്നു വിടുമെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.