Connect with us

From the print

ഉറച്ച നിലപാടിൽ പാർലിമെന്റിലേക്ക്: "ഫലസ്തീൻ ജയിച്ചു'

ലേബർ പാർട്ടിയിലെ ചില ഉന്നതർ തോറ്റത് ഫലസ്തീൻ വിഷയത്തിലെ ചാഞ്ചാട്ടം മൂലമാണ്

Published

|

Last Updated

ലണ്ടൻ | ബ്രിട്ടീഷ് പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ഫലസ്തീൻ അനുകൂല സ്ഥാനാർഥികൾക്ക് ഗംഭീര വിജയം. ഫലസ്തീൻ അനുകൂല നയം ഇടർച്ചയില്ലാതെ പ്രഖ്യാപിച്ച സ്ഥാനാർഥികൾ മിക്കവരും ഉജ്ജ്വല വിജയമാണ് നേടിയത്. ലേബർ പാർട്ടിയും കൺസർവേറ്റീവ് പാർട്ടിയും ഫലസ്തീനിലെ ആക്രമണത്തെ അപലപിച്ചുവെങ്കിലും ഇസ്‌റാഈലിന് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്ന സന്തുലനം പാലിച്ചിരുന്നു. ഈ ഔദ്യോഗിക നയം ചോദ്യം ചെയ്ത സ്വതന്ത്ര സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിന് ജയിച്ചു കയറി. ലേബർ പാർട്ടിയിലെ ചില ഉന്നതർ തോറ്റത് ഫലസ്തീൻ വിഷയത്തിലെ ചാഞ്ചാട്ടം മൂലമാണ്. ഫലസ്തീൻ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്ന ഗ്രീൻ പാർട്ടി സ്ഥാനാർഥികളും വെന്നിക്കൊടി പാറിച്ചു.
അഞ്ച് സ്വതന്ത്രർ
ലേബർ പാർട്ടി മുൻ നേതാവ് ജെറമി കോർബിൻ ഉൾപ്പെടെ അഞ്ച് സ്വതന്ത്ര ഫലസ്തീൻ അനുകൂല സ്ഥാനാർഥികൾ ഉജ്വല വിജയം നേടി. ലീസസ്റ്റർ സൗത്തിൽ വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി ശൗക്കത്ത് ആദം ഈ നിരയിൽ പ്രധാനിയാണ്. ബെർമിംഗ്ഹാം പെറി ബാറിൽ നിന്ന് അയ്യൂബ് ഖാൻ, ബ്ലാക്ക് ബേണിൽ നിന്ന് അദ്‌നാൻ ഹുസൈൻ, ഡ്യൂസ്ബറിയിൽ നിന്ന് ഇഖ്ബാൽ മുഹമ്മദ് എന്നിവർ വീഴ്ത്തിയത് വമ്പൻമാരെയാണ്.
പുതിയ പ്രധാനമന്ത്രിയും ലേബർ പാർട്ടി മേധാവിയുമായ കിയ്ർ സ്റ്റാർമറിനെതിരെ തന്റെ മണ്ഡലമായ ഹോൾബോണിലെയും സെന്റ് പാൻക്രാസിലെയും പോളിംഗ് സ്റ്റേഷനിൽ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു. ഫലസ്തീനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യത്തോടെ പ്രക്ഷോഭകർ അദ്ദേഹത്തെ വളയുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്ക ഘട്ടത്തിൽ അദ്ദേഹം ഇസ്‌റാഈലിനെ ന്യായീകരിച്ച് രംഗത്തു വന്നിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ നിലപാട് മയപ്പെടുത്തി. ഗസ്സയിലെ കുഞ്ഞുങ്ങളെ കൊല്ലുന്നതിന് ന്യായീകരണമില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ തിരുത്തൽ. എന്നാൽ ഫലസ്തീൻ പ്രക്ഷോഭകരെയും മനുഷ്യാവകാശ സംഘടനാ പ്രവർത്തകരെയും തൃപ്തിപ്പെടുത്താൻ ഈ നയം മാറ്റം പര്യാപ്തമായിരുന്നില്ല. മാത്രവുമല്ല, തന്റെ പുതിയ നിലപാട് ആത്മാർഥമാണെന്ന് വിശ്വസിപ്പിക്കാവുന്ന തരത്തിലുള്ളതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രസ്താവനകൾ.
കോർബിൻ വിജയം
40 വർഷത്തിലേറെയായി ലണ്ടനിലെ ഇസ്ലിംഗ്ടൺ നോർത്ത് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന 75 കാരനായ കോർബിൻ, ലേബർ പാർട്ടിയുടെ പ്രഫുൽ നർഗുണ്ടിനെയാണ് തോൽപ്പിച്ചത്. 16,873 നെതിരെ 24,120 വോട്ടുകൾക്കാണ് വിജയം.
തന്റെ വിജയാഘോഷത്തിനിടയിലും ഫലസ്തീൻ ഐക്യദാർഢ്യം അദ്ദേഹം ആവർത്തിച്ചു. ‘എനിക്ക് വോട്ട് ചെയ്തവർ സമാധാനത്തിനായി വാദിക്കുന്നവരാണ്. ഗസ്സയിൽ ഇന്ന് കാണുന്ന കൂട്ടക്കുരുതി അനുവദിക്കാത്ത സർക്കാറിന് വേണ്ടിയാണ് അവർ വോട്ട് ചെയ്തത്’ – കോർബിൻ പറഞ്ഞു.
ഈ വിജയം വ്യത്യസ്തമായ ഭാവിയിലേക്കുള്ള നേർക്കാഴ്ചയാണ്. ഇത് ചുരുക്കം ചിലരുടെ താത്പര്യങ്ങളേക്കാൾ അനേകായിരം മനുഷ്യരുടെ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു. വിയോജിപ്പുകളെ ഞരുക്കുന്നവർ പ്രത്യാഘാതം അനുഭവിക്കുമെന്ന സന്ദേശം വരാനിരിക്കുന്ന സർക്കാറിന് നൽകുന്നത് കൂടിയാണ് ഈ വിജയമെന്നും ജെറമി കോർബിൻ കൂട്ടിച്ചേർത്തു. ലേബർ പാർട്ടിയെ ഊർജസ്വലമായി നയിച്ച നേതാവായിരുന്നു ജെറമി കോർബിൻ. യൂറോപ്യൻ യൂനിയൻ വിടാനുള്ള ബ്രെക്‌സിറ്റ് വോട്ടെടുപ്പിന്റെ ഘട്ടത്തിൽ, 2016ൽ പാർട്ടിയെ നയിച്ച അദ്ദേഹം 2017ലെ പൊതുതിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. പക്ഷേ, 2019ലെ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി പിന്നോട്ട് പോയി. അതോടെ കോർബിൻ നേതൃ സ്ഥാനമൊഴിഞ്ഞു. അദ്ദേഹം ആന്റി സെമിറ്റിക് സമീപനം പുലർത്തിയെന്ന അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 2020ൽ ലേബർ പാർട്ടി അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
ഇത്തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്റെ സ്വതന്ത്ര സ്ഥാനാർഥിത്വം അദ്ദേഹം മുന്നോട്ട് വെച്ചു. നീതിക്കും ജനാധിപത്യത്തിനും സമാധാനത്തിനുമായി ഗോദയിലിറങ്ങുന്നു എന്നായിരുന്നു പ്രഖ്യാപനം.
തോറ്റത് ലേബറുകൾ
ലീസസ്റ്റർ സൗത്തിൽ പ്രമുഖ ലേബർ നേതാവ് ജോനാഥൻ ആഷ്വർത്തിനെയാണ് ശൗക്കത്ത് ആദം തോൽപ്പിച്ചത്. ഗസ്സയിലെ വെടിനിർത്തൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ ശക്തമായി ഉന്നയിച്ച ഇഖ്ബാൽ മുഹമ്മദ് തോൽപ്പിച്ചതും ലേബർ സ്ഥാനാർഥിയെയാണ്. അദ്‌നാൻ ഹുസൈൻ ബ്ലാക്ക്‌ബേണിൽ പരാജയപ്പെടുത്തിയത് ലേബർ സ്ഥാനാർഥി കേറ്റ് ഹോളേണിനെയാണ്.
‘നിങ്ങളുടെ ആശങ്കകൾ അറിയിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ഗസ്സയിലെ വംശഹത്യക്കെതിരെ നമ്മുടെ ജനപ്രതിനിധികൾ എന്ന് വിളിക്കപ്പെടുന്നവർ മിണ്ടാതിരിക്കുമ്പോൾ അവിടെ ഉറച്ച ശബ്ദമായി ഞാനുണ്ടാകും’- വോട്ടർമാരെ ഓൺലൈൻ അഭിസംബോധന ചെയ്ത അദ്‌നാൻ പറഞ്ഞു.