Connect with us

വ്രതവിശുദ്ധി

കള്ളിയും പുള്ളിയുമുടുത്ത് പള്ളിയിൽ പോകുന്നവരോട്

Published

|

Last Updated

നിസ്‌കാരത്തിന് അറബിയിൽ സ്വലാത്ത് എന്നാണ് പറയുക. ഈ പദത്തിനർഥം പ്രാർഥന എന്നാണ്. നിസ്‌കാരത്തിന് പൊതുവിൽ പ്രാർഥന എന്ന് പറയാമെങ്കിലും മതപരമായ വീക്ഷണത്തിൽ അത് പ്രത്യേകമായ ചില പ്രവർത്തനങ്ങളോടെയുള്ള പ്രാർഥനയാണ്. “അല്ലാഹു അക്ബർ’ എന്ന പരിശുദ്ധ വാചകം കൊണ്ടാണത് ആരംഭിക്കുക. ‘അസ്സലാമുഅലൈക്കും വറഹ്്മതുല്ലാഹ്’ എന്ന് സലാം പറഞ്ഞു കൊണ്ടാണ് അവസാനിപ്പിക്കേണ്ടത്. തുടങ്ങിക്കഴിഞ്ഞാൽ അവസാനിക്കും വരെ അന്യമായ വാക്കോ പ്രവൃത്തിയോ അനുവദനീയമല്ല. പരിപൂർണമായും അല്ലാഹുവിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് അവനെ മുന്നിൽ കണ്ടു കൊണ്ടുള്ള ഖുർആൻ പാരായണം, ദൈവിക സ്മരണകൾ, അപദാനങ്ങൾ, ചേഷ്ടാ വണക്കങ്ങൾ എന്നിവ മാത്രം.

അംഗസ്‌നാനം ചെയ്ത് ശുദ്ധമായി ശാരീരികമായും മാനസികമായും സജ്ജമായാണ് നിസ്‌കാരത്തിലേക്ക് ഒരുങ്ങേണ്ടത്.
സൂറതുൽ അഅ്‌റാഫിലെ 31-ാം അധ്യായത്തിന് ഖുർആൻ വ്യാഖ്യാതാക്കൾ നൽകുന്ന വിശദീകരണം ഇങ്ങനെ വായിക്കാം: “ആദം സന്തതികളേ, എല്ലാ ആരാധനാ വേളകളിലും നിങ്ങൾ നാണം മറക്കുക. അഥവാ വസ്ത്രം ധരിക്കുക.’

നിസ്‌കാര സമയത്ത് ശരീരഭാഗം മറക്കുന്ന കാര്യത്തിൽ ആൺ പെൺ വ്യത്യാസമുണ്ട്. പുരുഷന് പൊക്കിളിന്റെ താഴേക്ക് കാൽമുട്ട് വരെ മറച്ചാൽ മതിയാകും. സ്ത്രീക്ക് മുഖവും കൈപ്പത്തിയും ഒഴികെയുള്ള ഭാഗം മുഴുവൻ മറക്കണം. ഇത് നിർബന്ധമാണ്. ധരിക്കുന്ന വസ്ത്രം ശാരീരിക വർണം വ്യക്തമാകുംവിധം സുതാര്യമാകരുതെന്നും മാലിന്യമുക്തമാകണമെന്നും നിബന്ധനയുണ്ട്.
വരകളും അടയാളങ്ങളുമുള്ള വസ്ത്രം ധരിച്ച് നിസ്‌കരിക്കൽ കറാഹതാണ്-മോശപ്പെട്ട പ്രവർത്തനമാണ്.

വരയുള്ള വസ്ത്രമണിഞ്ഞും വരയുള്ളതിലേക്ക് തിരിഞ്ഞും അത്തരം വസ്തുക്കളിൽ നിന്നും നിസ്‌കരിക്കൽ കറാഹത്താണ്. കാരണം അത് നിസ്‌കാരത്തിന്റെ ആത്മാർഥതയിൽ കുറവ് വരുത്തും (ഫത്ഹുൽ മുഈൻ).

ശ്രദ്ധ തിരിക്കുന്ന അടയാളമുള്ള വസ്ത്രം പോലെയുള്ളതിലേക്ക് തിരിഞ്ഞ് നിസ്‌കരിക്കൽ കറാഹത്താണെന്നും ഫത്ഹുൽ മുഈനിൽ കാണാം.
വരകളും പുള്ളികളും ചിത്രങ്ങളുമുള്ള വസ്ത്രം ധരിച്ച് നിസ്‌കരിക്കാൻ പാടില്ലെന്നോ ഇത്തരം നിസ്‌കാരം സ്വീകരിക്കുകയില്ലെന്നോ മേൽ പറഞ്ഞതിന് അർഥമില്ല. നിസ്‌കാരത്തിന്റെ ശ്രദ്ധ തിരിക്കുന്ന വിധത്തിലുള്ളതാണെങ്കിൽ കറാഹത്ത് വരും. അഥവാ അത്തരം വസ്ത്രങ്ങൾ ഉടുക്കാതിരിക്കലാണ് പ്രതിഫലാർഹം.
നബി (സ) പറയുന്നു: നിങ്ങൾ വെളുത്ത വസ്ത്രം ധരിക്കുക. കാരണം അത് കൂടുതൽ വൃത്തിയുള്ളതും ഏറ്റവും നല്ലതുമാണ്. നിങ്ങളിൽ നിന്ന് ആരെങ്കിലും മരിച്ചാൽ അതിൽ കഫൻ ചെയ്യുക. (നസാഇ).

വെളുത്ത വസ്ത്രത്തിലെ അഴുക്ക് അല്ലാത്തതിനെക്കാൾ പെട്ടെന്ന് തിരിച്ചറിയാനാകും. വർണവസ്ത്രങ്ങൾ മലിനമായാലും ശ്രദ്ധയിൽ പെട്ടുകൊള്ളണമെന്നില്ല. വെടിപ്പും വൃത്തിയുമുള്ള വസ്ത്രം അണിഞ്ഞാണ് അല്ലാഹുവിലേക്ക് മുന്നിടേണ്ടത്. നമ്മുടെ വസ്ത്രങ്ങളിലെ ചിത്രങ്ങളും പേരും വരയും പിന്നിൽ അണിനിരന്ന് നിസ്‌കരിക്കുന്നവരുടെ ചിന്ത തിരിക്കാനിടവരരുത്. ലുങ്കിയും ജഴ്‌സിയുമിട്ട് നിസ്‌കരിക്കുന്നതിനേക്കാൾ നല്ലത് അന്തസ്സുള്ള വസ്ത്രം ധരിക്കലാണ്.