Kerala
'എന്നെ വയനാട്ടില്‍ കാണില്ലെന്ന് പറയുന്നവരോട്, അത് പ്രിന്‍സിപ്പല്‍ പറഞ്ഞതു പോലെയായിരിക്കും': പ്രിയങ്ക ഗാന്ധി
വയനാട്ടില്‍ ജയിച്ചാല്‍ തന്നെ അപൂര്‍വമായി മാത്രമേ കാണാനാകൂ എന്ന എതിരാളികളുടെ പ്രചാരണങ്ങളോട് മറുപടിയായാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
വയനാട് | താന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു കഴിഞ്ഞാല്‍ ഇടക്കിടെ വയനാട് സന്ദര്‍ശിക്കാതെ ഡല്‍ഹിയില്‍ തങ്ങണമെന്നത് അത്യന്തികമായി തീരുമാനിക്കുക മലയോര നിയോജക മണ്ഡലത്തിലെ ജനതയാണെന്ന് വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി .വയനാട്ടില്‍ ജയിച്ചാല്‍ തന്നെ അപൂര്‍വമായി മാത്രമേ കാണാനാകൂ എന്ന എതിരാളികളുടെ പ്രചാരണങ്ങളോട് മറുപടിയായാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
തന്റെ മകന്‍ ബോര്‍ഡിംഗ് സ്‌കൂളില്‍ പഠിക്കുന്ന സമയം താന്‍ പലപ്പോഴും അവനെ സന്ദര്‍ശിച്ചിരുന്നുവെന്നും ഒടുവില്‍ തന്റെ സന്ദര്‍ശനം കുറയ്ക്കാന്‍ പ്രിന്‍സിപ്പല്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു .അതിനാല്‍, നിങ്ങള്‍ എന്നെ കാണില്ലെന്ന് പറയുന്നവരോട്, അത് പ്രിന്‍സിപ്പല്‍ പറഞ്ഞതു പോലെയായിരിക്കും. ദയവായി, ഇപ്പോള്‍ മതി, ഡല്‍ഹിയില്‍ പോയി കുറച്ചുനേരം നില്‍ക്കൂ എന്ന് പറയും-പ്രിയങ്ക പറഞ്ഞു.കോഴിക്കോട് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ കോടഞ്ചേരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
വയനാട്ടിലെ ഓരോ വ്യക്തിയും ഉത്തരവാദിത്വത്തിന്റേയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ശക്തമായ ബന്ധത്തെയാണ് പ്രതിനിധീകരിക്കുന്നത്. അവരുടെ പാര്‍ലമെന്റിനെ പ്രതിനിധീകരിക്കാന്‍ അവര്‍ തനിക്ക് അവസരം നല്‍കുമെന്നും പ്രിയങ്ക പറഞ്ഞു.
സഹോദരന്‍ രാഹുലിനെപ്പോലെ പ്രിയങ്കയും വയനാടിനെ വഴിയമ്പലം മാത്രമായി കണക്കാക്കുമെന്നും മണ്ഡലത്തിലെത്തില്ലെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി ആരോപിച്ചിരുന്നു .പ്രിയങ്കയുടെ വരവും റോഡ്ഷോയും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന സീസണ്‍ ഫെസ്റ്റിവല്‍ മാത്രമായി ചുരുങ്ങുമെന്ന് ബിജിപെ സ്ഥാനാര്‍ഥി നവ്യ ഹരിദാസും ആരോപിച്ചിരുന്നു.
അതേ സമയം തൊഴിലില്ലായ്മയും വിലക്കയറ്റവും പോലുള്ള അവശ്യ വിഷയങ്ങള്‍ അഭിസംബോധന ചെയ്യാതെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം ‘വിഭജന രാഷ്ട്രീയത്തില്‍’ ഏര്‍പ്പെടുകയാണെന്ന് അഞ്ചാം ദിവസവും തുടരുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രിയങ്ക ആരോപിച്ചു.
മെഡിക്കല്‍ കോളേജിന്റെ അഭാവം, രാത്രി യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍, മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വയനാട്ടിലെ പ്രാദേശിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ പ്രിയങ്ക അവ പരിഹരിക്കാന്‍ തന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധി നടത്തിയ. ശ്രമങ്ങളെ അഭിനന്ദിക്കുകും ചെയ്തു. രാഷ്ട്രീയ കാരണങ്ങളാല്‍ ഇപ്പോഴും അവശ്യ സൗകര്യങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ വയനാട്ടിലെ ഒരു ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ജില്ലയുടെ സാധ്യതകള്‍ പരമാവധി വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
ഇക്കോടൂറിസം, ആത്മീയ വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ തരത്തിലുള്ള ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാധ്യമാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു