Connect with us

Health

ഇന്നത്തെ ഭക്ഷണം, നാളത്തെ ആരോഗ്യം

നമ്മൾ ദിവസേന കഴിക്കുന്ന ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന കൃത്രിമമായ നിറങ്ങളും അമിതമായി ഉപയോഗിക്കുന്ന കെമിക്കൽ പ്രിസർവേറ്റീവ്കളും, ശരീരത്തിലെ ഫ്രീറാഡിക്കലിന്റെ അളവ് ക്രമാതീതമായി ഉയർത്തുന്നു. ഇത് ഹൃദ്രോഗം, കരൾ രോഗം, അർബുദങ്ങൾ, നേത്ര ലെൻസ് തകരാറ്, സന്ധി വീക്കം, തലച്ചോറിലെ നാഡീകോശങ്ങളുടെ കേടുപാടുകൾ എന്നിവ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു.

Published

|

Last Updated

കുട്ടികൾ ആരോഗ്യത്തോടെ വളരണമെങ്കിൽ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ബുദ്ധിപരമായ വികാസത്തിനും രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും പോഷകാഹാരം കൂടിയേ തീരൂ. കുഞ്ഞുങ്ങളുടെ ആരോഗ്യപരമായ വളർച്ചക്ക് പൂർണമായും ആരോഗ്യകരമായ ഭക്ഷണം കൂടി വേണം. ശാരീരിക വളർച്ച മാത്രമല്ല, മാനസിക വളർച്ചക്കും പോഷകാഹാരം അത്യന്താപേക്ഷിതമാണ്. എന്നാൽ, കുഞ്ഞുങ്ങൾക്ക് അത്യാവശ്യമുള്ള പോഷകങ്ങൾ ഏതെല്ലാമാണെന്ന് അറിഞ്ഞു ഭക്ഷണം കൊടുക്കാൻ എല്ലാവരും ഒരുപോലെ ശ്രദ്ധിക്കാറില്ല. കുട്ടികൾക്ക് താത്പര്യമുള്ള രുചി, ഭക്ഷണത്തിന്റെ അളവ് എന്നിവ മാത്രമാണ് മിക്ക രക്ഷിതാക്കളും ശ്രദ്ധിക്കുന്ന കാര്യം. ഇത്തരത്തിൽ രുചി കേന്ദ്രീകൃതമായ ഭക്ഷണ രീതി നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

അമ്മമാർ കുഞ്ഞുങ്ങൾക്ക് നൽകുന്ന സ്നേഹം പോലെ തന്നെയാണ് അവർക്ക് നൽകേണ്ട ഭക്ഷണവും. അത് പരിശുദ്ധവും കലർപ്പില്ലാത്തതുമായിരിക്കണം. നമ്മുടെ കുട്ടികൾ കഴിക്കുന്ന ഓരോ ഉരുളയും അവരുടെ നാളേക്കുള്ള വളർച്ചയാണ്. എന്നാൽ, ഇന്നത്തെ കാലത്തെ കുട്ടികളുടെ ഭക്ഷണരീതിയിൽ ഉണ്ടായ മാറ്റവും അവരുടെ ആരോഗ്യനിലയും വളരെ അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. അമിതവണ്ണവും ഉയർന്ന രക്തസമ്മർദവും പ്രമേഹവും ഇന്ന് കുഞ്ഞുങ്ങളിൽ പോലും കണ്ടുതുടങ്ങിയിരിക്കുന്നു. ഭക്ഷണ രീതിയിലെ മാറ്റങ്ങളും പാക്ക് ചെയ്ത് സംസ്‌കരിച്ച ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗവും തന്നെയാണ് ഈ ഒരു അവസ്ഥക്ക് പിന്നിലെ കാരണം എന്ന് നിസ്സംശയം പറയാം.

ഇന്നത്തെ കുഞ്ഞുങ്ങളുടെ ഇഷ്ടവിഭവങ്ങളിൽ പലതും ആരോഗ്യകരമല്ലാത്ത കലോറി മൂല്യം കൂടിയ കേക്കുകൾ, ചോക്ലേറ്റുകൾ, എണ്ണക്കടികൾ, പലതരം ജങ്ക് ഫുഡുകൾ, മയോണൈസ്, പൊരിച്ചതും വറുത്തതുമായ ഇറച്ചി വിഭവങ്ങൾ എന്നിവയാണല്ലോ. ഇവയെല്ലാം തന്നെ കഴിക്കുന്നത് കൊണ്ട് വായിലെ രുചി മുകുളങ്ങളെ പുളകം കൊള്ളിക്കുന്നതോടൊപ്പം പൊണ്ണത്തടി, ജീവിതശൈലി രോഗങ്ങൾ, ഉദരരോഗങ്ങൾ, മലബന്ധം, ഉറക്കമില്ലായ്മ, ഉൽക്കണ്ഠ, വിഷാദം തുടങ്ങിയ രോഗങ്ങൾക്ക് അടിമയാകുക കൂടി ചെയ്യുന്നുണ്ടെന്ന് പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. ആരോഗ്യകരമായ ഭക്ഷണത്തിന് പകരം എന്തെങ്കിലും ഒരു ഭക്ഷണം എന്ന നിലയിലേക്ക് ഇന്നത്തെ കുഞ്ഞുങ്ങളുടെ ഭക്ഷണരീതി മാറിയിരിക്കുന്നു. ഈയൊരു മാറ്റം തന്നെയാണ് അവരുടെ ആരോഗ്യനിലയെ ഈ നിലയിലേക്ക് എത്തിക്കുന്നതും. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കുറഞ്ഞ രോഗപ്രതിരോധശേഷി. ചെറിയ അസുഖങ്ങൾ പോലും ഇന്നത്തെ കുട്ടികൾക്ക് തരണം ചെയ്യാൻ കഴിയാതെയായിരിക്കുന്നു.

നമ്മൾ ദിവസേന കഴിക്കുന്ന ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന കൃത്രിമമായ നിറങ്ങളും അമിതമായി ഉപയോഗിക്കുന്ന കെമിക്കൽ പ്രിസർവേറ്റീവ്കളും, ശരീരത്തിലെ ഫ്രീറാഡിക്കലിന്റെ അളവ് ക്രമാതീതമായി ഉയർത്തുന്നു. ഇത് ഹൃദ്രോഗം, കരൾ രോഗം, അർബുദങ്ങൾ, നേത്ര ലെൻസ് തകരാറ്, സന്ധി വീക്കം, തലച്ചോറിലെ നാഡീകോശങ്ങളുടെ കേടുപാടുകൾ എന്നിവ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. . അതിനാൽ തന്നെ ആരോഗ്യകരമായ ഭക്ഷണ രീതിയിലേക്ക് തിരിച്ചു പോകേണ്ടത് ഇന്നത്തെ തലമുറയുടെ ആവശ്യകതയാണ്.

എന്താണ് ശരിയായ ഭക്ഷണരീതി ?
മിതമായ അളവിൽ അന്നജം (കാർബോഹൈഡ്രേറ്റുകൾ), മാംസ്യം (പ്രോട്ടീൻ), ധാതു ലവണങ്ങളാൽ സമ്പന്നമായതും, നാരുകൾ അടങ്ങിയതുമായ ഭക്ഷണരീതി ഇന്നത്തെ തലമുറയിലെ പ്രധാന വെല്ലുവിളിയായ ജീവിത ശൈലി രോഗങ്ങളെ അകറ്റി നിർത്തും.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായകമായ ഭക്ഷണരീതി ആയിരിക്കണം നമ്മൾ കുഞ്ഞുങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. അതിനാൽ തന്നെ വിവിധ നിറമുള്ള പഴങ്ങളും പച്ചക്കറികളും ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൂലം കൂടുതൽ ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ എന്നിവ ലഭ്യമാകും. പഴങ്ങൾക്കും പച്ചക്കറികൾക്കും കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങൾ നൽകുന്ന പോഷകേതര ബയോ ആക്ടീവ് മൂലകങ്ങളായ ഫൈറ്റോകെമിക്കൽസ് ഫ്രീറാഡിക്കലിനെ നീക്കംചെയ്ത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. നിറത്തിനനുസരിച്ച് പല തരം ഫൈറ്റോകെമിക്കലുകളാണ് ഓരോന്നിലും അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവയെല്ലാം നമ്മുടെ ശരീരത്തിന് ആവശ്യമാണ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് കുഞ്ഞുങ്ങളുടെ ഭക്ഷണം ഊർജസ്വലവും ആരോഗ്യകരമായ വർണങ്ങൾ നിറഞ്ഞതുമാക്കുക. അതോടൊപ്പം അവശ്യ ന്യൂട്രിയന്റുകളായ കാത്സ്യം, വിറ്റാമിൻ ഇ, വിറ്റാമിൻ ഡി, വിറ്റാമിൻ സി, വിറ്റാമിൻ ബി 6, സെലീനിയം എന്നിവ അടങ്ങിയ ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തേണ്ടത്.

കുഞ്ഞുങ്ങളുടെ ഭക്ഷണരീതി മികച്ചതാകാൻ വേണ്ടി ഇഷ്ടപ്പെട്ട വിഭവങ്ങൾ ആരോഗ്യകരമായ രീതിയിൽ പാചകം ചെയ്തു കഴിക്കുന്നത് ഒരു നല്ല മാറ്റം തന്നെയാണ്. ഉദാഹരണത്തിന് റിഫൈൻഡ് ഫ്ലോർ അല്ലെങ്കിൽ മൈദ ഉപയോഗിച്ചിട്ടുള്ള ഭക്ഷണങ്ങൾക്കു പകരം മുഴുവൻ ധാന്യം പൊടിച്ചത് ഉപയോഗിക്കാവുന്നതാണ്. പഞ്ചസാരക്ക് പകരം ഈത്തപ്പഴം, ഡ്രൈ ഫ്രൂട്‌സ്, ശർക്കര എന്നിവ ചേർക്കുന്നതും സോസുകൾക്കും മയോണൈസിനും പകരം യോഗർട്ട് ഡിപ്പുകൾ, പുളി കുറഞ്ഞ തൈര്, ചമ്മന്തി പോലുള്ള ആരോഗ്യകരമായ മാറ്റങ്ങൾ പരീക്ഷിക്കാവുന്നതാണ്. കൃത്രിമ നിറങ്ങൾക്കും മണങ്ങൾക്കും പകരമായി ഇഞ്ചി, ഏലക്ക, കറുവപ്പട്ട, ഗ്രാമ്പു, ജീരകം പോലെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.

കുഞ്ഞുങ്ങളുടെ ഭക്ഷണരീതിയിൽ നാരുകൾ അടങ്ങിയ പച്ചക്കറി , ഇലക്കറികൾ, സാലഡുകൾ , പഴവർഗങ്ങൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തുക. ഇതു വഴി കുഞ്ഞുങ്ങളിലെ മലബന്ധം തടയുന്നതിന് സാധിക്കും. ഭക്ഷണരീതി പോലെ തന്നെ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് ഉറക്കം. ആരോഗ്യവാനായ ഒരു കൂട്ടിക്ക് ആറ് മുതൽ എട്ട് മണിക്കൂർ വരെ നല്ല ഉറക്കം കിട്ടിയിരിക്കണം. ഉറക്കക്കുറവ് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുടെയും മൂലകാരണമാണ് എന്ന് പറയാം.

ആരോഗ്യകരമായ പോഷകസമ്പുഷ്ടമായ ഭക്ഷണ രീതിയും കൃത്യമായ വ്യായാമവും തന്നെയാണ് മികച്ച പ്രതിരോധ ശേഷിക്കായുള്ള ഏക വഴി. അമിതമായി ഉപ്പ്, എണ്ണ, കൊഴുപ്പ് , മധുരം അടങ്ങിയ ആഹാര സാധനങ്ങൾ , സംസ്‌കരിച്ചെടുത്ത ഭക്ഷണങ്ങൾ, മൈദ കൊണ്ടുള്ള ആഹാരസാധനങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉപയോഗം കുറക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാർബണേറ്റഡ് ബിവറേജുകൾ ആയ മധുരമുള്ള സോഡ, എനർജി ഡ്രിങ്കുകൾ, അരിച്ചെടുത്ത പഴച്ചാറുകൾ, ബേക്കറി സാധനങ്ങൾ, മധുരപലഹാരങ്ങൾ, പഞ്ചസാര, പ്രോസസ്സ്ഡ് മീറ്റ് (ഹാം, സോസേജ്, ഹോട്‌ഡോഗ്), ചൂടാക്കിയ എണ്ണ , ഹൈഡ്രജനേറ്റഡ് ട്രാൻസ് ഫാറ്റ് – വനസ്പതി എന്നിവ പൂർണമായും നിയന്ത്രിക്കുന്നതും മൂലം ശരീരത്തിൽ ഫ്രീ റാഡിക്കലിന്റെ അളവ് താരതമ്യേന കുറയുന്നു. തത്ഫലമായി പ്രതിരോധശേഷി കൂടുതൽ കൈവരിക്കാനും കഴിയും.

ഒരു നല്ല നാളെക്കായി നമുക്ക് പോഷക സമ്പന്നമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തി ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും നല്ല ജീവിതശൈലിയിലൂടെയും മികച്ച രോഗപ്രതിരോധശേഷിയുള്ള പൂർണ ആരോഗ്യവാന്മാരായ ഒരു തലമുറയെ തന്നെ പടുത്തുയർത്താം.

കമ്മ്യൂണിറ്റി ന്യൂട്രിഷ്യൻ ഫോറം കേരള