Kerala
ഇന്ന് ഉത്രാടപ്പാച്ചില്‍; നാളെ തിരുവോണം
ഓണവിഭവങ്ങളും സദ്യകളും ഒരുക്കാനുള്ള ഓട്ടപ്പാച്ചിലിന്റെ ദിനമാണ് ഉത്രാടം.
കോഴിക്കോട് | തിരുവോണത്തിനറെ തലേദിവസമായ ഇന്ന് മലയാളികള്‍ ഉത്രാടപ്പാച്ചിലില്‍. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ അതീവ ശ്രദ്ധയോടെ ഓണമാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍. നാളെയാണ് തിരുവോണം.
ഓണവിഭവങ്ങളും സദ്യകളും ഒരുക്കാനുള്ള ഓട്ടപ്പാച്ചിലിന്റെ ദിനമാണ് ഉത്രാടം. പ്രതിസന്ധികള്‍ക്കിടയിലും വിപണികള്‍ സജീവമാണ്. രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ ഉച്ചക്ക് ശേഷം മൂന്ന് വരെയെങ്കിലും നീളുന്നതാണ് ഉത്രാടപ്പാച്ചില്‍. പലചരക്കു സാധനങ്ങള്‍ മാത്രമല്ല, ചട്ടിയും കലവും അടുക്കള സാധനങ്ങളും, ഇലക്‌ട്രോണിക്‌സ് വിഭവങ്ങളുമെല്ലാം വാങ്ങാന്‍ മലയാളി തിരഞ്ഞെടുക്കുന്നത് ഉത്രാട ദിനമാണ്. ഓണത്തിന് പൂക്കം തീര്‍ക്കാനുള്ള പൂക്കള്‍ കൂടി വാങ്ങിയ ശേഷമാണ് ഉത്രാടപ്പാച്ചല്‍ നിര്‍ത്തി വീട്ടിലെത്തുന്നത്.
ഇരട്ട മാസ്‌കിട്ട്, ഗ്യാപ്പിട്ട്, സോപ്പിട്ടാണ് ഇത്തവണയും ഓണാഘോഷം. ഒത്തുചേരലുകള്‍ മാറ്റിവെച്ച് ആഘോഷങ്ങള്‍ വീടിന്റെ നാല് ചുവരുകള്‍ക്കിടയില്‍ ഒതുങ്ങും. ഓണാഘോഷം പരിധികള്‍ ലംഘിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ആറംമുളയില്‍ ഇത്തവണ ഉത്രട്ടാതി വള്ളംകളി ഉണ്ടായിരിക്കില്ല. പന്ത്രണ്ട് പള്ളിയോടങ്ങള്‍ക്ക് അനുമതി തേടിയിരുന്നെങ്കിലും മൂന്ന് പള്ളിയോടങ്ങള്‍ക്കാണ് അധികൃതര്‍ അനുമതി നല്‍കിയത്.