Connect with us

National

നെഹ്രുവിന്റെ സ്മരണയില്‍ ഇന്ന് ശിശുദിനം

നെഹ്രുവിന്റെ 135-ാം പിറന്നാള്‍ ദിനമാണ് ഇന്ന്. തന്റെ ഹൃദയത്തില്‍ സൂക്ഷിച്ച റോസാ പൂ പോലെ അദ്ദേഹം കുഞ്ഞുങ്ങളെ കണ്ടു

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്മരണയില്‍ ഇന്ന് ശിശുദിനം. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം. നെഹ്രുവിന് കുഞ്ഞുങ്ങളോടുണ്ടായിരുന്ന സ്നേഹവായ്പാണ് ഈ ദിവസം ശിശുദിനമായി ആചരിക്കാന്‍ കാരണം.

നെഹ്രുവിന്റെ 135-ാം പിറന്നാള്‍ ദിനമാണ് ഇന്ന്. തന്റെ ഹൃദയത്തില്‍ സൂക്ഷിച്ച റോസാ പൂ പോലെ അദ്ദേഹം കുഞ്ഞുങ്ങളെ കണ്ടു. കുട്ടികള്‍ ഒരു പൂന്തോട്ടത്തിലെ മുകുളങ്ങള്‍ പോലെയാണ്. അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും വളര്‍ത്തണം. അവര്‍ രാജ്യത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ്. ശരിയായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന്റെ മെച്ചപ്പെട്ട ക്രമം കെട്ടിപ്പടുക്കാന്‍ കഴിയൂ- കുട്ടികളെപ്പറ്റി പറയുമ്പോള്‍ നെഹ്രുവിന്റെ വാക്കുകളില്‍ സ്നേഹവും വാത്സല്യവും നിറഞ്ഞുനിന്നു.

ചാച്ചാജി എന്നാണ് നെഹ്രുവിനെ കുഞ്ഞുങ്ങള്‍ വിളിച്ചിരുന്നത്. കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷകരമായി ബാധിക്കുന്നതെന്തും രാജ്യത്തേയും ബാധിക്കുമെന്നായിരുന്നു നെഹ്രുവിന്റെ പക്ഷം. ജാതിമത വേര്‍തിരിവുകളില്ലാതെ പരസ്പര സ്നേഹത്തില്‍ കെട്ടിപ്പടുക്കേണ്ടതാണ് കുട്ടികള്‍ക്കിടയിലെ സൗഹൃദമെന്ന് നെഹ്രു വിശ്വസിച്ചു. കുട്ടികളുടെ ക്ഷേമത്തിനായി സദാ പ്രതിബദ്ധനായിരുന്നു നെഹ്രു.

തകര്‍ന്ന കുടുംബബന്ധങ്ങളും സാമൂഹികവും സാമ്പത്തികമായുള്ള പിന്നാക്കാവസ്ഥയുമെല്ലാം ഇന്ത്യയില്‍ കുട്ടികളുടെ ജീവിതത്തെ ഇന്നും സാരമായി ബാധിക്കുന്നു. ഒരു കോടിയില്‍പരം ബാലതൊഴിലാളികള്‍ ഇന്ത്യയിലുണ്ടെന്നാണ് യൂണിസെഫിന്റെ കണക്കുകള്‍. ലഹരി ഉപയോഗം കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു. ഇതിനെയെല്ലാം ശക്തമായി പ്രതിരോധിക്കേണ്ടതിനെ ഓര്‍മപ്പെടുത്തുകയാണ് ശിശുദിനം.

ശാസ്ത്രീയ അറിവില്‍ നെഹ്രു വിശ്വസിക്കുകയും എല്ലാ പഠനങ്ങളും യുക്തിയെ അടിസ്ഥാനമാക്കി വേണമെന്ന് ശഠിക്കുകയും ചെയ്തു. ഈ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍പോലും അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഇന്ത്യയിലെ എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുനല്‍കാനുള്ള തീരുമാനമെടുത്തത് നെഹ്‌റുവിന്റെ കാലത്താണ്. ഐ ഐ ടികള്‍, ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എന്നിവയെല്ലാം തന്നെ നെഹ്രുവിന്റെ കാലത്താണ് യാഥാര്‍ത്ഥ്യമായത്. നെഹ്‌റുവിന്റെ സ്മരണകളെ പോലും മായ്ച്ചുകളയാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് ശിശുദിനത്തിന്റെ പ്രത്യേക അര്‍ഥം കൈവരുന്നു.

 

Latest