Kerala
തിരുപ്പിറവിയുടെ ഓര്‍മയില്‍ ഇന്ന് ക്രിസ്മസ്
ക്രൈസ്തവ ദേവാലയങ്ങളില്‍ അര്‍ധരാത്രിയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനകളിലും കുര്‍ബാനയിലും ആയിരക്കണക്കായ വിശ്വാസികള്‍ അണിനിരന്നു
തിരുവനന്തപുരം | തിരുപ്പിറവിയുടെ ഓര്‍മയില്‍ ഇന്ന് ക്രിസ്മസ്. ക്രൈസ്തവ ദേവാലയങ്ങളില്‍ അര്‍ധരാത്രിയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനകളിലും കുര്‍ബാനയിലും ആയിരക്കണക്കായ വിശ്വാസികള്‍ അണിനിരന്നു.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ കുര്‍ബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. പി എം ജിയിലെ ലൂര്‍ദ് ഫൊറോന പള്ളിയില്‍ നടന്ന കുര്‍ബാനക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടില്‍ കാര്‍മികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി.
കൊച്ചി വരാപ്പുഴ അതിരൂപതയില്‍ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ക്രിസ്മസ് പാതിരാ കുര്‍ബാന നടന്നു. കാലടി ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമം വ്യത്യസ്തമായ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. യേശുദേവന്റെ ചിത്രം വച്ചായിരുന്നു ആശ്രമത്തിലെ ആരതി ചടങ്ങുകള്‍. ആശ്രമത്തിലെത്തിയ കരോള്‍ സംഘത്തിന് സ്വീകരണവും നല്‍കി. ക്രിസ്മസ് രാവില്‍ നാട്ടിലെമ്പാടും കരോള്‍ സംഘങ്ങള്‍ വീടുകള്‍ കയറിയിറങ്ങി. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പകര്‍ന്ന് ഇന്ന് ആഘോഷ നിറവിലാണ് എങ്ങും.