Connect with us

Kerala

പി പി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

Published

|

Last Updated

കണ്ണൂര്‍ | എ ഡി എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.  കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദത്തിനു ശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു. മൃതദേഹം ബന്ധുക്കള്‍ എത്തുന്നതിനു മുമ്പു നടപടികള്‍ പൂര്‍ത്തീകരിച്ച കാര്യവും അന്വേഷിക്കണമെന്നും ഭാര്യ ആവശ്യപ്പെട്ടു.

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദാണ് വിധി പറഞ്ഞത്. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

വിധി പകര്‍പ്പ് വന്ന ശേഷം അനന്തര നടപടികള്‍ സ്വീകരിക്കുമെന്ന ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും നിയമനടപടികളില്‍ നിന്ന് ഒളിച്ചോടുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിവ്യയുടെ ഭാഗത്ത് നിന്ന് ആത്മഹത്യാ പ്രേരണ നല്‍കുന്ന പരാമര്‍ശങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും അഴിമതിക്കെതിരെ ഒരു പൊതു പ്രവര്‍ത്തക നിര്‍വഹിക്കേണ്ട പ്രതികരണം മാത്രമാണ് അവര്‍ നിര്‍വഹിച്ചതെന്നുമായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങള്‍ നിരത്തി.

കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞ ശേഷമായിരിക്കും സി പി എം ദിവ്യക്കെതിരെ സംഘടനാ പരമായ നടപടി സ്വീകരിക്കുക. സമ്മേളന കാലയളവില്‍ അച്ചടക്ക നടപടി പതിവില്ലെങ്കിലും ഇക്കാര്യത്തില്‍ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ദിവ്യക്കെതിരായ സംഘടനാ നടപടി ചര്‍ച്ച ചെയ്യാന്‍ സി പി എം ജില്ലാ നേതൃയോഗങ്ങള്‍ ബുധനാഴ്ച ചേരുന്നുണ്ട്.

എ ഡി എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പി പി ദിവ്യക്കെതിരെ സി പി എം ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും പാര്‍ട്ടി തല നടപടികള്‍ വന്നിട്ടില്ല. കൈക്കൂലി പരാതി നല്‍കിയ പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോലീസും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വിധി വരുന്നതിനായി കാക്കുകയാണ്.

Latest