Kerala
ഇന്ന് നബിദിനം; പ്രവാചകാനുരാഗത്താൽ മനം നിറച്ച് വിശ്വാസികൾ
പ്രവാചകരുടെ മദ്ഹുകൾ പാടിയും പറഞ്ഞും വിശ്വാസികൾ അതിരറ്റ് സന്തോഷിക്കുന്ന രാപകൽ
കോഴിക്കോട് | പുണ്യ റബീഇന്റെ 12ാം നാളിൽ ഇന്ന് നബിദിനം. ലോകത്തിനാകെയും അനുഗ്രഹമായി പ്രവാചകർ മുഹമ്മദ് നബി (സ്വ) പിറവികൊണ്ട ദിനം. പ്രവാചകരുടെ മദ്ഹുകൾ പാടിയും പറഞ്ഞും വിശ്വാസികൾ അതിരറ്റ് സന്തോഷിക്കുന്ന രാപകൽ. ദഫിന്റേയും അറബനയുടേയും താളത്തിൽ അലതല്ലുന്ന പ്രവാചക പ്രേമത്തിന്റെ ആഹ്ളാദം. ഇന്ന് മണ്ണും വിണ്ണും പ്രവാചകാനുരാഗത്തിൽ അലിഞ്ഞുചേരും.
ഇന്നത്തെ ദിനം മിഴിതുറന്നത് പ്രവാചക കീർത്തനങ്ങളുടെ ആരവങ്ങളോടെയാണ്. പ്രഭാത നിസ്‌കാരത്തിന് തൊട്ടു മുമ്പാണ് മുഹമ്മദ് നബി (സ)യുടെ ജന്മസമയം. മസ്ജിദുകളും മത സ്ഥാപനങ്ങളും ഈ സമയം മൗലിദ് സദസ്സുകളാൽ മുഖരിതമായി. ശേഷം ഭക്ഷണം, മധുര പാനീയങ്ങൾ എന്നിവ വിതരണം ചെയ്തു.
നബിദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളാണ് വിവിധ മുസ്‌ലിം സംഘടനകളും പള്ളി- മദ്‌റസാ കമ്മിറ്റികളും ആസൂത്രണം ചെയ്തിരിക്കുന്നത്. മദ്റസകളിൽ വിദ്യാർഥികളുടെ കലാപരിപാടികളും ഘോഷയാത്രകളും ഈ സുദിനത്തിന് മാറ്റ് കൂട്ടും. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളുടെ ആഭിമുഖ്യത്തിലും വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു നബിദിനം.