Kerala
ഇന്ന് നബിദിനം; തിരുപ്പിറവിയുടെ ഹർഷാരവത്തിൽ വിശ്വാസികൾ
മദ്റസകളിൽ വിദ്യാർഥികളുടെ കലാപരിപാടികളും ഘോഷയാത്രകളും ഈ സുദിനത്തിന് മാറ്റ് കൂട്ടും.

കോഴിക്കോട് | പുണ്യ റബീഇന്റെ 12ാം നാളിൽ ഇന്ന് നബിദിനം. പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മം കൊണ്ട് അനുഗൃഹീതമായ സുദിനം. പ്രവാചകന്റെ മദ്ഹുകൾ പാടിയും പറഞ്ഞും വിശ്വാസികൾ അതിരറ്റ് സന്തോഷിക്കുന്ന രാപകൽ. ദഫിന്റേയും അറബനയുടേയും താളത്തിൽ അലതല്ലുന്ന പ്രവാചക പ്രേമത്തിന്റെ ആഹ്ളാദം.
ഇന്നത്തെ ദിനം മിഴിതുറന്നത് പ്രവാചക കീർത്തനങ്ങളുടെ ആരവങ്ങളോടെയാണ്. പ്രഭാത നിസ്‌കാരത്തിന് തൊട്ടു മുമ്പാണ് മുഹമ്മദ് നബി (സ)യുടെ ജന്മസമയം. മസ്ജിദുകളും മത സ്ഥാപനങ്ങളും ഈ സമയം മൗലിദ് സദസ്സുകളാൽ മുഖരിതമായി. ശേഷം ഭക്ഷണം, മധുര പാനീയങ്ങൾ എന്നിവ വിതരണം ചെയ്തു.
നബിദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളാണ് വിവിധ മുസ്‌ലിം സംഘടനകളും പള്ളി- മദ്‌റസാ കമ്മിറ്റികളും ആസൂത്രണം ചെയ്തിരിക്കുന്നത്. മദ്റസകളിൽ വിദ്യാർഥികളുടെ കലാപരിപാടികളും ഘോഷയാത്രകളും ഈ സുദിനത്തിന് മാറ്റ് കൂട്ടും.
ലോകത്തിന്റെ പല ഭാഗങ്ങളിലും വിപുലമായ ഗ്രാൻഡ് മീലാദ് സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. മദീന ചാർട്ടർ ബഹുസ്വരതയുടെ മഹനീയ മാതൃക എന്ന പ്രമേയത്തിൽ മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മീലാദ് കോൺഫറൻസ് ഞായറാഴ്ച മർകസ് നോളജ് സിറ്റിയിൽ നടക്കും. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംഘടനകളുടെ ആഭിമുഖ്യത്തിൽ റാലി, പുസ്തകചർച്ച, സ്‌നേഹപ്പുടവ തുടങ്ങിയ വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ഒമാൻ ഒഴികെ ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്നലെയായിരുന്നു നബിദിനം. ഗൾഫ് രാജ്യങ്ങളിലും വിവിധ അറേബ്യൻ രാജ്യങ്ങളിലും വ്യത്യസ്തമായ പരിപാടികളാണ് സ്വദേശികളുടെയും പ്രവാസികളുടെയും നേതൃത്വത്തിൽ നടക്കുന്നത്.