Kerala
ഇന്നാണ് പൂരം.....പൂരങ്ങളുടെ പൂരം
തിരുവമ്പാടിയുടെ മഠത്തില്‍ വരവ്, പഞ്ചവാദ്യം പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം തുടങ്ങിയവ പൂരത്തിന് കൊഴുപ്പേകും.
തൃശൂര്‍ | പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. പൂരത്തിന്റെ വിവിധ ചടങ്ങള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. പൂരച്ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് കണിമംഗലം ദേശത്തു നിന്നും ശാസ്താവിന്റെ എഴുന്നള്ളത്ത് നടന്നു. രാവിലെ ഏഴിന് ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എത്തും. തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിന്നായി ഘടക പൂരങ്ങള്‍ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് തിരിക്കും.
തിരുവമ്പാടിയുടെ മഠത്തില്‍ വരവ്, പഞ്ചവാദ്യം പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം തുടങ്ങിയവ പൂരത്തിന് കൊഴുപ്പേകും. വൈകിട്ടാണ് ലോകപ്രശസ്തമായ തെക്കോട്ടിറക്കവും കുടമാറ്റവും നടക്കുക. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ ഗജവീരന്‍മാരെ അണി നിരത്തി പരസ്പരം മത്സരിക്കുന്ന കാഴ്ച പൂരപ്രേമികളെ ആവേശക്കൊടുമുടിയിലാഴ്ത്തും.
പുലര്‍ച്ചെ നടക്കുന്ന വെടിക്കെട്ടാണ് മറ്റൊരാകര്‍ഷണം. വെടിമരുന്ന് പ്രയോഗങ്ങള്‍ ആകാശത്ത് വര്‍ണവിസ്മയം വിരിയിക്കും. നാളെ അടുത്ത പൂരത്തിന്റെ തീയതി പ്രഖ്യാപിച്ച് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും.