Connect with us

Articles

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: നീണാള്‍ വാഴേണ്ട ഓര്‍മകള്‍

രാഷ്ട്രത്തിന്റെ, ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുന്നു. ജനാധിപത്യവും മതേതരത്വവും ആക്രമിക്കപ്പെടുന്നു. അസഹിഷ്ണുതയുടെ കൊലവിളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുകയാണ്. 1942ലെ ക്വിറ്റ് ഇന്ത്യ പ്രമേയത്തില്‍ സ്വതന്ത്ര ഇന്ത്യയെ ഫാസിസത്തിനെതിരെ പൊരുതാന്‍ സജ്ജമാക്കുക എന്നൊരു ലക്ഷ്യമുണ്ടായിരുന്നു.

Published

|

Last Updated

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും നിര്‍ണായക സമരമായിരുന്നു 1942ലെ ക്വിറ്റ് ഇന്ത്യ സമരം. സുദീര്‍ഘമായ ഒരു സ്വാതന്ത്ര്യ സമര ചരിത്രമാണ് ഇന്ത്യയുടേത്. 1857ല്‍ അതിന് തുടക്കം കുറിച്ചു. 1885ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ രൂപവത്കരണത്തോടെയാണ് അതൊരു പ്രസ്ഥാനമായി മാറുന്നത്.

സ്വാതന്ത്ര്യലബ്ധിക്കായി നിരവധി സമരപ്രസ്ഥാനങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് രൂപംകൊടുത്തു. നിസ്സഹകരണ പ്രസ്ഥാനം, പൂര്‍ണ സ്വരാജ്, ഉപ്പ് സത്യഗ്രഹം, സിവില്‍ നിയമലംഘനം തുടങ്ങിയവ പ്രധാനപ്പെട്ട സമരങ്ങളായിരുന്നു. 1942 ആഗസ്റ്റ് അഞ്ചിന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി ക്വിറ്റ് ഇന്ത്യ പ്രമേയത്തിന്റെ കരട് തയ്യാറാക്കി. ആഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രസിഡന്റ് മൗലാനാ അബുല്‍കലാം ആസാദിന്റെ അധ്യക്ഷതയില്‍ ബോംബെയില്‍ സമ്മേളിച്ച് ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കി. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം ഉടന്‍ അവസാനിപ്പിക്കുക, ബ്രിട്ടീഷ് ഭരണത്തിനെതിരെ ഒരു സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം തുടങ്ങുക, സ്വതന്ത്ര ഇന്ത്യയെ സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരെ പൊരുതാന്‍ സജ്ജമാക്കുക തുടങ്ങിയവയായിരുന്നു പ്രമേയത്തിലെ പ്രധാന വിഷയങ്ങള്‍. മഹാത്മാ ഗാന്ധിയെ സമര നായകനായും തിരഞ്ഞെടുത്തു.

എല്ലാ തുറകളിലുമുള്ള ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഗാന്ധിജി അഭ്യര്‍ഥിച്ചു. ചരിത്രപ്രസിദ്ധമായ തന്റെ പ്രസംഗത്തില്‍ ഗാന്ധിജി പറഞ്ഞു- ‘ഇന്നത്തെ ഈ അടിമത്തം നിലനിര്‍ത്താനാണോ നമ്മള്‍ ഇവിടെ ജീവിക്കേണ്ടത്? ഈ നാടിനെ അടിമത്തത്തിന്റെ ചങ്ങലകളില്‍ നിന്ന് മോചിപ്പിക്കാനാകുന്നില്ലെങ്കില്‍ ജീവിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്സുകാര്‍ ദൃഢനിശ്ചയം ചെയ്യണം. ഇതായിരിക്കട്ടെ നമ്മുടെ പ്രതിജ്ഞ. സ്വാതന്ത്ര്യം എന്ന ലക്ഷ്യം നേടുന്നതിനായി ആവശ്യമായി വന്നാല്‍ പ്രാണന്‍ ത്യജിക്കാന്‍ പോലും നാം സന്നദ്ധരാകണം. കുറച്ചുകൂടി ക്ഷമിച്ചിരിക്കൂ എന്ന് നിങ്ങളോട് എനിക്ക് പറയാനാകില്ല. സ്ഥിതിഗതികള്‍ ക്ഷമിക്കാവുന്നതിനും അപ്പുറത്തെത്തിയിരിക്കുന്നു. കോണ്‍ഗ്രസ്സിന് മുന്നില്‍ ഇപ്പോള്‍ വേറൊരു പോംവഴിയുമില്ല. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ നിങ്ങള്‍ക്കൊരു കൊച്ചു മന്ത്രം ഓതിത്തരാം. ഇത് നിങ്ങളുടെ ഹൃദയത്തില്‍ പതിച്ചിടണം. നിങ്ങളുടെ ഓരോ ശ്വാസത്തിലും അതിന്റെ ഒച്ച പുറത്ത് വരണം. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക, ഇതാണ് ആ മന്ത്രം. ഒന്നുകില്‍ ഇന്ത്യയെ സ്വതന്ത്രയാക്കും, അല്ലെങ്കില്‍ ഈ ഉദ്യമത്തിനിടയില്‍ ഞാന്‍ രാജ്യത്തിന് വേണ്ടി ജീവാര്‍പ്പണം നടത്തും’.

ആഗസ്റ്റ് ഒമ്പതിന് രാത്രി തന്നെ നേതാക്കളെ ബ്രിട്ടീഷ് ഭരണകൂടം ജയിലിലടച്ചു. ഗാന്ധിജി, നെഹ്റു, ആസാദ്, സരോജിനി നായിഡു, ആസഫ് അലി തുടങ്ങി മുഴുവന്‍ നേതാക്കളെയും അറസ്റ്റ് ചെയ്തു. ഗാന്ധിജിയെയും സരോജിനി നായിഡുവിനെയും പുണെയിലെ ആഗാഖാന്‍ കൊട്ടാരത്തിലും നെഹ്റുവിനെയും ആസാദിനെയും മറ്റും അഹമ്മദ് നഗര്‍ കോട്ടയിലും പാര്‍പ്പിച്ചു. മൂന്ന് വര്‍ഷത്തോളം നെഹ്റുവും ആസാദും മറ്റു നേതാക്കളും അഹമ്മദ് നഗര്‍ കോട്ടയിലെ ജയിലില്‍ കഴിഞ്ഞു. നെഹ്റുവിന്റെ സുപ്രസിദ്ധ കൃതി ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’ ഈ ജയില്‍വാസത്തിലെഴുതിയതാണ്. 1942 ആഗസ്റ്റ് ഒമ്പത് മുതല്‍ 1945 മാര്‍ച്ച് വരെ നെഹ്റു അഹമ്മദ് നഗര്‍ കോട്ട ജയിലിലായിരുന്നു.

എല്ലാ തുറകളിലുമുള്ള ജനങ്ങളുടെ സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു ക്വിറ്റ് ഇന്ത്യ സമരം. വെടിവെപ്പുകളില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് ആളുകള്‍ തടങ്കലിലായി. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് തന്നെ മതവാദികളും ഈ രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്തവരും ഒറ്റുകൊടുത്തവരും അക്കാലത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഹിന്ദുമഹാസഭ സമരത്തെ എതിര്‍ക്കുകയും ബ്രിട്ടീഷ് ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുന്നത്, അതായത് സ്വാതന്ത്ര്യ സമരം ഭ്രാന്താണെന്നാണ് ആര്‍ എസ് എസ് നേതൃത്വം പറഞ്ഞത്. ഇന്ത്യന്‍ ജനതയുടെ ദൗര്‍ബല്യം ബ്രിട്ടീഷുകാര്‍ മുതലെടുത്തതിന്റെ ഫലമായിരുന്നു ഈ വിഭജനം. ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം തന്നെ വിജയിച്ചു.

ജാതി, മത വ്യത്യാസമില്ലാതെ ഒട്ടനവധി പേരുടെ രക്തസാക്ഷിത്വത്തിലൂടെ, ത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രാഷ്ട്രത്തിന്റെ, ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുന്നു. ജനാധിപത്യവും മതേതരത്വവും ആക്രമിക്കപ്പെടുന്നു. അസഹിഷ്ണുതയുടെ കൊലവിളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുകയാണ്. 1942ലെ ക്വിറ്റ് ഇന്ത്യ പ്രമേയത്തില്‍ സ്വതന്ത്ര ഇന്ത്യയെ ഫാസിസത്തിനെതിരെ പൊരുതാന്‍ സജ്ജമാക്കുക എന്നൊരു ലക്ഷ്യമുണ്ടായിരുന്നു.

ഫാസിസത്തിന്റെ ബീഭത്സരൂപം ആദ്യം നാം കണ്ടത് 1948 ജനുവരി 30നാണ്. ഒരു നൂറ്റാണ്ടിലെ ഇതിഹാസ പുരുഷന്‍, രാഷ്ട്രപിതാവ് മഹാത്മജി വധിക്കപ്പെട്ടു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അഹിംസ എന്ന ആയുധം കൊണ്ട് പൊരുതി, രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാവിനെ ഫാസിസ്റ്റുകള്‍ വെടിവെച്ച് കൊന്നു. ബ്രിട്ടീഷുകാരന്‍ ചെയ്യാന്‍ മടിച്ച കൃത്യം ഇന്ത്യക്കാരന്‍ ചെയ്തു. മതമൗലികവാദത്തിന്റെ, തീവ്രവാദത്തിന്റെ, ഭീകരവാദത്തിന്റെ ആദ്യ രക്തസാക്ഷിയായി ഗാന്ധിജി മാറി. 1992ലെ ബാബരി മസ്ജിദിന്റെ തകര്‍ച്ചയും 2002ലെ ഗുജറാത്ത് വംശഹത്യയും ഫാസിസത്തിന്റെ അജന്‍ഡ തന്നെ.

ഫാസിസത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്, അത് ഭൂതകാലത്തെ ഭയപ്പെടുന്നു എന്നതാണ്. അതുകൊണ്ടാണ് ചരിത്രത്തെ വളച്ചൊടിക്കുകയും വക്രീകരിക്കുകയും ചെയ്യുന്നത്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, മൗലാനാ അബുല്‍കലാം ആസാദ് തുടങ്ങിയ ദേശീയ നേതാക്കളുടെ പേരുകള്‍ ചരിത്ര പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്താല്‍ അവരെക്കുറിച്ചുള്ള ഓര്‍മകള്‍ പൊതുജനങ്ങളുടെ മനസ്സില്‍ നിന്ന് മായ്ച്ചു കളയാമെന്നാണ് ഫാസിസ്റ്റുകള്‍ കരുതുന്നത്.

സമത്വവും സ്വാതന്ത്ര്യവും അനുവദിക്കാത്ത ദുരവസ്ഥയാണ് ഫാസിസം. ന്യൂനപക്ഷങ്ങളും ദളിത് വിഭാഗങ്ങളും മാത്രമല്ല ഭൂരിപക്ഷ സമുദായാംഗങ്ങളും ഫാസിസത്തിന്റെ ഇരകളാകുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യയില്‍ കാണുന്നത്. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഫാസിസ്റ്റ് ഭരണത്തില്‍ ചോദ്യം ചെയ്യപ്പെട്ടു. ഡോ. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് തുടങ്ങിയവര്‍ രക്തസാക്ഷികളായി. പശുവിന്റെ പേരില്‍ എണ്ണമറ്റ ആള്‍ക്കൂട്ടാക്രമണങ്ങളും കൊലപാതകങ്ങളും രാജ്യത്ത് അരങ്ങേറി. നിരവധി പേര്‍ രക്തസാക്ഷികളായി.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഇന്ത്യന്‍ റിപബ്ലിക്കിന്റെ നാല് ലക്ഷ്യങ്ങളെ നിര്‍വചിക്കുന്നുണ്ട്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ. രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തക്കും ആശയപ്രകാശനത്തിനും മതവിശ്വാസത്തിനും ആരാധനക്കും ഉള്ള സ്വാതന്ത്ര്യവും, സ്ഥിതിസമത്വവും അവസരസമത്വവും ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും ഉറപ്പുവരുത്തുന്നതിന് സാഹോദര്യമെന്ന ലക്ഷ്യം ഭരണഘടനയുടെ ആമുഖത്തില്‍ ഊന്നിപ്പറയുന്നുണ്ട്. സ്വാതന്ത്ര്യത്തെപ്പോലെ, സമത്വത്തെപ്പോലെ, സാഹോദര്യവും നിലനിര്‍ത്താനായാലേ രാജ്യത്തിന് നിലനില്‍പ്പുള്ളൂ. എല്ലാ പൗരന്മാരും ഉള്‍ക്കൊള്ളുന്ന ഒരു സാഹോദര്യം ഉണ്ടെങ്കില്‍ മാത്രമേ രാഷ്ട്രത്തിന്റെ ഐക്യം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഒരേ നാടിന്റെ മക്കളാണെന്നും തമ്മില്‍ സഹോദരങ്ങളാണെന്നും എല്ലാവര്‍ക്കും തോന്നണം. സഹിഷ്ണുതയും ബഹുസ്വരതയുമാണ് നമ്മുടെ പാരമ്പര്യവും പൈതൃകവും.

സമസ്ത മേഖലയിലും ഫാസിസ്റ്റ് കടന്നുകയറ്റത്തിന് രാജ്യം സാക്ഷിയാകുന്നു. വിദ്വേഷവും മതഭ്രാന്തും പാവപ്പെട്ട ജനങ്ങളുടെ മനസ്സിലേക്ക് കുത്തിനിറക്കപ്പെടുകയാണ്. മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യന്‍ വിഭജിക്കപ്പെടുകയാണ്. അന്യമതവിദ്വേഷം ശക്തിയാര്‍ജിക്കുന്ന, ഫാസിസത്തിന്റെ പിടിയിലമരുന്ന രാജ്യത്തെ രക്ഷിക്കാന്‍ ഗാന്ധിയുടെ ദര്‍ശനങ്ങളായ സഹിഷ്ണുതക്കും അഹിംസക്കും കഴിയും. ഫാസിസത്തിനെതിരെ പോരാടാനും സാഹോദര്യം നിലനിര്‍ത്താനും ക്വിറ്റ് ഇന്ത്യ ദിന സ്മരണ നമുക്ക് പ്രചോദനമാകട്ടെ.

 

---- facebook comment plugin here -----

Latest