Connect with us

Kerala

ഇന്ന് എസ് വൈ എസ് സ്ഥാപകദിനം; സർഗാത്മക യൗവനത്തിന്റെ 70 വർഷങ്ങൾ

സോഷ്യൽ ആക്റ്റിവിസത്തിന്റെ പുതിയ അടയാളപ്പെടുത്തലുകൾ ലക്ഷ്യം വെച്ച് പ്ലാറ്റിനം ജൂബിലി പദ്ധതികളുടെ തുടക്കം കൂടിയാണ് ഈ സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്നത്. സ്ഥാപകദിനമായ ഇന്ന് യൂനിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയും പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും.

Published

|

Last Updated

കോഴിക്കോട് | യുവതയുടെ സേവന ഭൂപടം എത്ര വിശാലമാണെന്ന് കർമം കൊണ്ട് അടയാളപ്പെടുത്തിയ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) എഴുപതിലേക്ക്. 1954 ഏപ്രിൽ 24ന് സമസ്ത കേരള ജഇയ്യത്തുൽ ഉലമയുടെ കാർമികത്വത്തിൽ താനൂരിൽ വെച്ചാണ് എസ് വൈ എസ് രൂപവത്കരിച്ചത്. പേര് കൊണ്ട് യുവജന സംഘമായിരുന്നെങ്കിലും കേരള മുസ്്ലിം ജമാഅത്ത് രൂപവത്കരിക്കുന്നത് വരെയുള്ള ആറ് പതിറ്റാണ്ടുകൾ ബഹുജന സംഘടനയുടെ ദൗത്യമാണ് സംഘടന നിർവഹിച്ചുവന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നയനിലപാടുകൾ ജനകീയമാക്കാനും ആദർശ പ്രചാരണം സാധ്യമാക്കാനുമുള്ള ചാലകമായിരുന്നു എസ് വൈ എസ്.

വികലാശയങ്ങൾ പ്രചരിപ്പിച്ച് ഇസ്്ലാമിനെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന നവീനാശയക്കാരുടെ വെല്ലുവിളികൾ കേരളീയ മുസ്്ലിം സമൂഹത്തെ തുറിച്ചുനോക്കിയിരുന്ന കാലത്താണ് എസ് വൈ എസ് രൂപവത്കൃതമാകുന്നത്. അവരെ പ്രതിരോധിച്ചുനിർത്തിയെന്നു മാത്രമല്ല സ്വത്വപ്രതിസന്ധി അനുഭവപ്പെടും വിധം പ്രതിസന്ധിയിലാക്കാനും എസ് വൈ എസിന് കഴിഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് എസ് വൈ എസ് ആവിഷ്‌കരിച്ച മർകസ് ഒരു മാതൃകയാകുകയും കേരളീയ മുസ്്ലിം സമൂഹം അനുഭവിച്ച പ്രതിസന്ധികൾക്ക് പരിഹാരമാകും വിധം ഗ്രാമനഗരങ്ങളിലേക്ക് പകർത്തപ്പെടുകയും ചെയ്തു. ഇന്ന് രാജ്യത്തെ എല്ലാ ഭാഗങ്ങളിലും മർകസ് മാതൃകയിൽ വിദ്യാഭ്യാസ സമുച്ചയങ്ങൾ സ്ഥാപിതമായി എന്നത് എസ് വൈ എസിന്റെ ഏഴ് പതിറ്റാണ്ടിലേക്കെത്തുന്ന മുന്നേറ്റങ്ങളുടെ തുടർച്ചയാണ്.

ആതുരസേവന മേഖലയിലും ദാരിദ്ര്യ നിർമാർജനത്തിനും എസ് വൈ എസ് ആവിഷ്‌കരിച്ച സാന്ത്വനം തുല്യതയില്ലാത്ത സമർപ്പണത്തിന്റെ കാഴ്ചകളാണ് നൽകുന്നത്. ആശുപത്രികളുടെ പരിസരത്തും ഗ്രാമങ്ങളിലും ഭക്ഷണ വിതരണം, മരുന്ന് വിതരണം, ഉപകരണ സമർപ്പണം, പാലിയേറ്റീവ് സേവനങ്ങൾ തുടങ്ങി വലിയ സഹായങ്ങൾ നൽകാൻ സംഘടനക്ക് കഴിയുന്നു. നിത്യരോഗികൾക്കുള്ള സാമ്പത്തിക സഹായം, ഡയാലിസിസിനുള്ള ധനസഹായം, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവർക്കുമുള്ള താമസ സൗകര്യങ്ങൾ, വീട് നിർമാണം, വിവാഹത്തിനുള്ള സഹായങ്ങൾ തുടങ്ങി സാന്ത്വനം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ജീവകാരുണ്യ, സന്നദ്ധപ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളിൽ എല്ലാ തുറയിലുമുള്ള ജനങ്ങൾ ഉൾപ്പെടുന്നുണ്ട്. ജീവിതത്തിരക്കുകൾക്കിടയിൽ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തനങ്ങൾ നിലച്ചുപോകാതിരിക്കാൻ സംഘടന ആവിഷ്‌കരിച്ച സ്‌കൂൾ ഓഫ് ഖുർആൻ, റീഡേഴ്‌സ് ക്ലബ്, റൗളത്തുൽ ഖുർആൻ, സുഫ്ഫ ദർസ് തുടങ്ങിയ പദ്ധതികൾ സാധാരണക്കാരായ സ്ത്രീ പുരുഷന്മാരെ അറിവിന്റെയും അന്വേഷണത്തിന്റെയും വഴിയിൽ ചേർത്തുനിർത്തുന്നു.

4,12,000ലധികം അംഗങ്ങളും അവരുടെ കുടുംബവും അവരിടപെടുന്ന സമൂഹവുമടക്കം വലിയ ഒരു ജനത സംഘടനയുടെ പ്രവർത്തനങ്ങളുടെ ഭാഗമാകുകയും അതിന്റെ ഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു.

സോഷ്യൽ ആക്റ്റിവിസത്തിന്റെ പുതിയ അടയാളപ്പെടുത്തലുകൾ ലക്ഷ്യം വെച്ച് പ്ലാറ്റിനം ജൂബിലി പദ്ധതികളുടെ തുടക്കം കൂടിയാണ് ഈ സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്നത്. സ്ഥാപകദിനമായ ഇന്ന് യൂനിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയും പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. ഗൃഹ സമ്പർക്കത്തിലൂടെ ഒരു ലക്ഷം പേരിലേക്ക് എസ് വൈ എസ് മുന്നോട്ടുവെക്കുന്ന വിഷനും മിഷനും എത്തിക്കും.

Latest