Kerala
ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ
സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും മഹാസുദിനമാണ് വിശ്വാസിക്ക് പെരുന്നാൾ
കോഴിക്കോട് | ഇബ്‌റാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ. ലോകത്തിലെ ഏറ്റവും വലിയ മാനവ സംഗമമായ ഹജ്ജ് കർമങ്ങളുടെ പരിസമാപ്തി കൂടിയാണ് ഈ ദിനങ്ങൾ. സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും മഹാസുദിനമാണ് വിശ്വാസിക്ക് പെരുന്നാൾ.
തക്ബീർ മുഖരിതമാണ് പെരുന്നാളിന്റെ രാപകലുകൾ. പ്രാർഥനക്ക് സ്വീകാര്യത ലഭിക്കുന്ന അത്യപൂർവ സമയങ്ങളിലൊന്ന്. പെരുന്നാൾ നിസ്‌കാരവും ഉള്ഹിയ്യത്ത് കർമവും ബലിപെരുന്നാളിന്റെ സവിശേഷ കർമങ്ങളാണ്. ഹജ്ജ് കർമങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച അറഫാ നോമ്പ് അനുഷ്ഠിച്ച ശേഷമാണ് വിശ്വാസികൾ ബലിപെരുന്നാളിലേക്കെത്തുന്നത്.
പെരുന്നാൾ ആഘോഷത്തിന്റെതാണ്. കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും പുതുക്കാനുള്ള ദിനം കൂടിയാണത്. ആഘോഷം അതിരുവിടാതെയുള്ള കരുതലാണ് വിശ്വാസി ആർജിക്കേണ്ടത്.
ശക്തമായ മഴ മാറിയ സാഹചര്യത്തിലാണ് ബലിപെരുന്നാൾ സുദിനം. പെരുന്നാളിനോടനുബന്ധിച്ച വസ്ത്ര വിപണിയും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ വളരെ സജീവമായിരുന്നു. മാംസം, പച്ചക്കറി സാധനങ്ങൾക്ക് ഉൾപ്പെടെയുണ്ടായ വിലക്കയറ്റത്തിന് നടുവിൽ കൂടിയാണ് പെരുന്നാൾ ദിനം. ഒമാൻ ഒഴികെയുള്ള ഗൾഫ് നാടുകളിൽ ഇന്നലെയായിരുന്നു ബലിപെരുന്നാൾ.