Connect with us

feature

ആജ് റമസാൻ കാ ചാന്ദ്...

മാസം കണ്ടാൽ ഗുൽബർഗയിലെ പള്ളിയിലെ കോളാമ്പിയിൽ നിന്ന് ശബ്ദം ഉയരും. വെള്ള താടിയും തൂവെള്ള ജുബ്ബയും പൈജാമയും ധരിച്ച പ്രായമായവർ പരസ്പരം കണ്ടാൽ ഉച്ചത്തിൽ വിളിച്ചുപറയും. "ആപ്കോ റമസാൻ മുബാറക് ഹു' വീടുകളൊക്കെ അലങ്കരിക്കും. ചെറിയ മക്കൾ ഗെല്ലിയിൽ ഒച്ച വെച്ചു കൊണ്ട് ഓടിക്കളിക്കുന്നത് കാണാം.

Published

|

Last Updated

“ആജ് റമസാൻ ക ചാന്ദ് ദിഖ കൽ സുബ സബ് സെഹ്‌രി കരോ’ മാസം കണ്ടാൽ ഗുൽബർഗയിലെ പള്ളിയിലെ കോളാമ്പിയിൽ നിന്ന് ശബ്ദം ഉയരും. വെള്ള താടിയും തൂവെള്ള ജുബ്ബയും പൈജാമയും ധരിച്ച പ്രായമായവർ പരസ്പരം കണ്ടാൽ ഉച്ചത്തിൽ വിളിച്ചുപറയും. “ആപ്കോ റമസാൻ മുബാറക് ഹു’ വീടുകളൊക്കെ അലങ്കരിക്കും. ചെറിയ മക്കൾ ഗെല്ലിയിൽ ഒച്ച വെച്ചു കൊണ്ട് ഓടിക്കളിക്കുന്നത് കാണാം. തറാവീഹ് നിസ്കാരത്തിന് പള്ളി കവിയും. തറാവീഹ് കഴിഞ്ഞാൽ എല്ലാവരും പച്ച ഖുബ്ബയിലേക്ക് മുഖം തിരിച്ചു വളരെ മര്യാദയോടെ എഴുന്നേറ്റ് നിൽക്കും. പള്ളിയിലെ ഇമാം പ്രവാചകന്റെ പ്രകീർത്തനമായ നാത് പാടും “മുസ്തഫാ ജാനേ റഹ്മത് പേ ലാകോ സലാം’ ആളുകൾ അത് ഏറ്റ് ചൊല്ലും. പലരുടെയും കണ്ണ് നിറയുന്നത് കാണാം. പള്ളിക്ക് പുറത്ത്‌ ഒരുക്കിയ കാവ മൊത്തിക്കുടിച്ച ശേഷം എല്ലാവരും ആലിംഗനം ചെയ്താണ് പിരിയുക. ഇത്‌ റമസാൻ മുപ്പത് വരെ തുടരും.

അത്താഴത്തിനെ സഹരി എന്നാണ് പറയുക. അത്താഴത്തിന്റെ സമയമായാൽ മുക്രി മൈക്കിൽ വിളിച്ചു പറയും “ഹെ റോസ് ദാറോ സെഹ്‌രി കെ ലിയേ ഉടോ’ നോമ്പ് കാരെ അത്താഴത്തിന് വേണ്ടി ഉണരൂ… അത്താഴ സമയം അവസാനിച്ചു എന്ന് ജനങ്ങളെ അറിയിക്കുന്നത് വലിയ ശബ്ദത്തിലുള്ള സൈറൻ മുഴക്കികൊണ്ടാണ്.

ദസ്തർ

മഗ്‌രിബ് ബാങ്ക് വിളിക്കുന്നതിന് മുന്പ് തന്നെ ചെറിയ കുട്ടികളൊക്കെ പള്ളിയിൽ വരും. ഓരോ വീട്ടിലെയും ഉമ്മമാർ പള്ളിയിൽ നോമ്പ് തുറക്കാൻ വരുന്നവർക്ക് പ്ലേറ്റിൽ ഫ്രൂട്ട്സും ചെറിയ എണ്ണക്കടികളൊക്കെ കൊടുത്തയക്കും. തുണി കൊണ്ട് മൂടിയാണ് കടികൾ കൊണ്ടുവരാറുള്ളത്. നിലത്ത് വിരിച്ച ദസ്തറിൽ കൊണ്ടുവരുന്ന എല്ലാ വിഭവങ്ങളും ഒരുമിച്ചു കൂട്ടും.
ഓരോ അഞ്ചുപേർക്കിടയിൽ ഫ്രൂട്സ് ചെറിയ കൂന പോലെ ആക്കിയത് കാണാം. റോസ് കളറിലുള്ള റൂഹഫ്സയാണ് ജ്യൂസിന് പകരമുള്ള വെള്ളം. ഇമാം മൈക്ക് ഓൺ ആക്കി “അല്ലാഹുമ്മ, ലക്സ്സുംതു’ എന്ന് പറയുമ്പോൾ ആളുകൾ നോമ്പ് തുറക്കുകയായി. നിമിഷ നേരം കൊണ്ട് ദസ്തർ കാലിയാകും. വളരെ ഹൃദ്യമായ കഴ്ചകളായിരുന്നു ഓരോന്നും. ഇവിടുത്തെ റമസാനിന്റെത് പ്രത്യേകതകൾ നിറഞ്ഞ നിരവധി വിശേഷങ്ങളടങ്ങിയതാണ്. എല്ലാവരും കഴിച്ച് കഴിഞ്ഞാൻ പല ദിവസങ്ങളിലും വിഭവങ്ങൾ പലതും ബാക്കിയാകാറുണ്ട്. ഇങ്ങനെ ബാക്കിയാവുന്ന നോന്പുതുറ വിഭവങ്ങൾ ചെറിയ കുട്ടികൾക്ക് വീട്ടിലേക്ക് കൊണ്ടുപോകാൻ നൽകും.

മൂമിൻ പുര

ഗുൽബർഗയിൽ രാത്രി സജീവമായിരിക്കുന്ന ഒരു മാർക്കറ്റ് ആണ് മൂമിൻ പുര. നോമ്പ് തുറന്ന്‌ കഴിഞ്ഞാൽ ധാരാളം ആളുകൾ ഇവിടെ എത്തിച്ചേരും. ഹരീസ്, ഹലീം, കീർ, കധു കി കീർ, തഹാരി, കാജർക്കി ഹൽവ, മുഹബ്ബത് കാ സർബത്… അങ്ങനെ തുടങ്ങിയ ധാരാളം സ്‌പെഷ്യൽ ഫുഡ് ലഭിക്കുന്ന ഒരിടം. യമനാണ് ഹരീസിന്റെ ഉത്ഭവ കേന്ദ്രം. ഹരീസ് ആണ് എല്ലാവർക്കും പ്രിയം. പതിനേഴാം നൂറ്റാണ്ടിൽ യെമനി പട്ടാളക്കാർ ഇന്ത്യയിൽ എത്തി നിസാമിയുടെ പട്ടാളത്തിൽ ചേർന്ന സമയത്താണ് ഹരീസിന്റെയും വരവ്. വലിയ ചെമ്പ് മണ്ണിൽ കുഴിച്ചിട്ട് അതിന് ചുറ്റും ഇഷ്ടികയും ചളിയും ചേർത്താണ് ഹരീസിനുള്ള അടുപ്പ് നിർമിക്കുന്നത്.

വടക്കൻ കേരളത്തിൽ കല്യാണത്തിനും മറ്റും വിളമ്പുന്ന അലീസ പോലെയുള്ള ഒരു ഭക്ഷണ വിഭവമാണ് ഹരീസ്. ആട്ടിറച്ചികൊണ്ടാണ് ഹരീസ് ഉണ്ടാക്കുക. മൂമിൻ പുരയിലെ ഓരോ മൂലയിലും രുചികരമായ ഹരീസിന്റെ അടുപ്പ് കാണാം. പിന്നെ ആളുകൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ഡിഷ് ആണ് “കധുകി കീർ’ ചുരങ്ങ കൊണ്ട് ഉണ്ടാക്കുന്ന ഈ വിഭവം മധുരമുള്ളതാണ്. പ്രവാചകന് ചുരങ്ങ ഇഷ്ടമുള്ളതിനാൽ ബഹുമാനിച്ചു കൊണ്ട് ചുരങ്ങയെ “കധു ശരീഫ്’ എന്ന ഓമനപ്പേരിലാണ് ഇവിടത്തുകാർ വിളിക്കുന്നത്. ഇതുപോലെ പല നാടുകളിൽ നിന്നായി കുടിയേറിയ ധാരാളം വിഭവങ്ങൾ ലഭിക്കും. മൂമിൻ പുര റമസാൻ മുപ്പത് വരെ ആളുകളെ കൊണ്ട് ശ്വാസംമുട്ടും.

Latest