v s birth day
വി എസിന് ഇന്ന് 98-ാം പിറന്നാള്‍
കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായകന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സജീവ രാഷ്ട്രീയത്തിലില്ല
തിരുവനന്തപുരം| ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും മുതിര്‍ന്ന നേതാവും മുന്‍ കേരള മുഖ്യമന്ത്രിയുമായി വി എസ് അച്ച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍. പോരാട്ടത്തിന്റെ പര്യായവും കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത നേതാവുമായ വി എസ് കഴിഞ്ഞ രണ്ട് വര്‍ഷമായി വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകളാല്‍ സജീവ രാഷ്ട്രീയത്തിലില്ല.
തിരുവനന്തപുരത്ത് മകന്‍ അരുണ്‍കുമാറിന്റെ വസതിയില്‍ കുടുംബത്തിനൊപ്പം വിശ്രമ ജീവിതത്തിലാണ്. പിറന്നാളിയിട്ട് മുന്‍വര്‍ഷങ്ങളിലേത് പോലെ വലിയ ആഘോഷങ്ങളൊന്നുമില്ല.
അടുത്തിടെയുണ്ടായ പക്ഷാഘാതം വി സിനെ ശാരീരികമായി തളര്‍ത്തുകയായിരുന്നു. എഴുന്നേറ്റ് നടക്കാന്‍ ഉള്‍പ്പെടെ മറ്റൊരാളുടെ സഹായം ആവശ്യമാണ്. പക്ഷേ എന്നും പത്രങ്ങള്‍ വായിച്ച് കേള്‍പ്പിക്കും. ചില സമയങ്ങളില്‍ ടി വി കാണുമെന്നുമാണ് കുടുംബം പറയുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ മന്ത്രിമാര്‍ ഉള്‍പ്പെടെ സന്ദര്‍ശനത്തിന് താത്പര്യം അറിയിച്ചെങ്കിലും കൊവിഡ് സാഹചര്യവും വി എസിന്റെ ആരോഗ്യ അവസ്ഥയും മുന്‍നിര്‍ത്തി ഡോക്ടര്‍മാര്‍ വിലക്കുകയായിരുന്നു.
98-ാം പിറന്നാള്‍ ആഘോഷിക്കുന്ന വി എസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സംസ്ഥാനത്തെ മുതിര്‍ന്ന ഭരണ, പ്രതിപക്ഷ നേതാക്കള്‍ ആശംസകള്‍ അറിയിച്ചു