Connect with us

From the print

ഇന്ന് ലോക എയ്ഡ്‌സ് ദിനം: "ഒന്നായ് പൂജ്യത്തിലേക്ക്' ലക്ഷ്യം കൈവരിക്കാൻ കേരളം

കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ 1,263 പേരിലാണ് എച്ച് ഐ വി അണുബാധ കണ്ടെത്തിയത്

Published

|

Last Updated

തിരുവനന്തപുരം| ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസരിച്ച് 2030ഓടെ പുതിയ എച്ച് ഐ വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തേ ആ ലക്ഷ്യത്തിലെത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ലക്ഷ്യം കൈവരിക്കാൻ “ഒന്നായ് പൂജ്യത്തിലേക്ക് ‘ എന്ന ക്യാമ്പയിനിലൂടെ വലിയ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. 2025ഓടെ 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് കേരളം പ്രയത്‌നിക്കുന്നത്.

ഇതിൽ ആദ്യത്തെ 95 എന്നത് എച്ച് ഐ വി ബാധിതരായവരിൽ 95 ശതമാനം ആളുകളും അവരുടെ എച്ച് ഐ വി രോഗാവസ്ഥ തിരിച്ചറിയുക എന്നുള്ളതാണ്. രണ്ടാമത്തെ 95 എച്ച് ഐ വി അണുബാധിതരായി കണ്ടെത്തിയവരിൽ 95 ശതമാനത്തെയും എ ആർ ടി ചികിത്സക്ക് വിധേയരാക്കുക എന്നതാണ്. ഇവരിലെ 95 ശതമാനം ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുകയാണ് മൂന്നാമത്തെ 95 കൊണ്ട് ലക്ഷ്യമാക്കുന്നത്.

2024ലെ കണക്ക് പ്രകാരം കേരളം രണ്ടാമത്തെയും മൂന്നാമത്തെയും ലക്ഷ്യം കൈവരിച്ചു. ഒന്നാമത്തെ ലക്ഷ്യം 76 ശതമാനം വരെ കൈവരിച്ചു. എച്ച് ഐ വി ബാധിതരായവരിൽ മുഴുവൻ പേരുടെയും രോഗബാധ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ 1,263 പേരിലാണ് എച്ച് ഐ വി അണുബാധ കണ്ടെത്തിയത്. എച്ച് ഐ വി അണുബാധയുടെ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.

Latest