Connect with us

Health

ഇന്ന്‌ ലോക പ്രമേഹ ദിനം; പഞ്ചസാര മാത്രമല്ല, ഈ ഭക്ഷണങ്ങളും നിങ്ങളെ പ്രമേഹ രോഗിയാക്കാം...

ശരീരം ഇന്‍സുലിൻ്റെ പ്രവര്‍ത്തനത്തെ പ്രതിരോധിക്കുമ്പോഴോ അല്ലെങ്കില്‍ പാന്‍ക്രിയാസിന് മതിയായ അളവില്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴോ ആണ് ടൈപ്പ്-2 പ്രമേഹം ഉണ്ടാകുന്നത്.

Published

|

Last Updated

ക്തത്തിലെ പഞ്ചസാരയുടെ അളവ് ശരീരത്തിന് ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന വളരെ ഗൗരവമായ ആരോഗ്യപ്രശ്‌നമാണ് പ്രമേഹം. ഷുഗറെന്നും പ്രമേഹമെന്നും പൊതുവെ പറയുമെങ്കിലും പ്രമേഹം രണ്ട് തരത്തിലുണ്ട്. ടൈപ്പ് -1, ടൈപ്പ്-2.

ശരീരം ഇന്‍സുലിൻ്റെ പ്രവര്‍ത്തനത്തെ പ്രതിരോധിക്കുമ്പോഴോ അല്ലെങ്കില്‍ പാന്‍ക്രിയാസിന് മതിയായ അളവില്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴോ ആണ് ടൈപ്പ്-2 പ്രമേഹം ഉണ്ടാകുന്നത്. പൊണ്ണത്തടി, പോഷകസമ്പുഷ്ടമല്ലാത്ത ഭക്ഷണം, വ്യായാമക്കുറവ് തുടങ്ങി ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഈ തരത്തിലുള്ള പ്രമേഹത്തിന് കാരണമാകുന്നത്.

അതേസമയം ടൈപ്പ്-1 പ്രമേഹം ജീവിതശൈലി പ്രശ്‌നങ്ങള്‍ കൊണ്ട് വരുന്നതല്ല. ജനിതകപരമായ കാരണങ്ങളോ ചില വൈറസുകളോ ആണ് ഇതിന് പിന്നില്‍. ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നത് കൊണ്ടാണ് ഈ തരത്തിലുള്ള പ്രമേഹം ഉണ്ടാകുന്നത്.കുട്ടികളിലും കൗമാരപ്രായക്കാരിലും ടൈപ്പ്-1 പ്രമേഹം കണ്ടുവരുന്നു.അതിനാല്‍ ജുവനൈല്‍ ഡയബെറ്റിസ് എന്നും ഇതറിയപ്പെടുന്നു. ഈ പ്രമേഹത്തിന് ഫലപ്രദമായ ചികിത്സകള്‍ ഇല്ല. ഇന്‍സുലിന്‍ ഉപയോഗിച്ചും ഭക്ഷണക്രമത്തിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് ആപത്കരമായ സാഹചര്യം ഒഴിവാക്കുക മാത്രമാണ് വഴി.

രണ്ട്‌ പ്രമേഹങ്ങളും കൃത്യമായി നിയന്ത്രിക്കേണ്ടവയാണ്‌. അല്ലെങ്കിൽ ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമാകുകയും ശരീരത്തിലെ മറ്റ് അവയവങ്ങളെയും സംവിധാനങ്ങളെയും ദോഷകരമായി ബാധിക്കുകയും ചെയ്യും. ജീവിതശൈലി പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന പ്രമേഹത്തില്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണം നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. പ്രത്യേകിച്ച് മധുരം അടങ്ങിയവ. എന്നാല്‍ മധുരം അല്ലാത്ത ചില ഭക്ഷണങ്ങളും പ്രമേഹത്തിന് കാരണമാകുന്നുണ്ട്. അങ്ങനെ രഹസ്യമായി നമുക്ക് പ്രമേഹം തരുന്ന ചില ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.

  1. മധുരപാനീയങ്ങള്‍ –  ആളുകള്‍ക്ക് പ്രമേഹം തന്നിട്ടുപോകുന്നതില്‍ ഒന്നാംസ്ഥാനമാണ് മധുരപാനീയങ്ങള്‍ക്ക്.സ്ഥിരമായി സോഡകളും ശീതളപാനീയങ്ങളും ജ്യൂസുകളും കുടിക്കുന്നത് പ്രമേഹസാധ്യത വര്‍ധിപ്പിക്കും. പകരം മധുരമില്ലാത്ത പാനീയങ്ങളും വെറുംവെള്ളവും കഞ്ഞിവെള്ളവും മോര് പോലുള്ള പാനീയങ്ങളും കുടിക്കുന്നത് ശീലമാക്കുക. പഴങ്ങള്‍ ജ്യൂസ് ആയി കുടിക്കുന്നതിന് പകരം കഷ്ണങ്ങളാക്കി കഴിക്കുകയാണ് നല്ലത്.
  2.  ബ്രെഡ് – മൈദ കൊണ്ട് ഉണ്ടാക്കുന്ന ബ്രെഡ്, തവിട് കളഞ്ഞ ധാന്യങ്ങള്‍, അവയില്‍ നിന്ന് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ വലിയതോതില്‍ പഞ്ചസാര ഉണ്ട്. നിരന്തരമായി ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. ഇവയ്ക്ക് പകരം തവിട് കളയാത്ത ധാന്യങ്ങള്‍ ഉപയോഗിക്കുക.
  3.  സംസ്‌കരിച്ച മാംസം – ഇന്നത്തെ കാലത്ത് സംസ്‌കരിച്ച മാംസങ്ങളുടെ ഉപയോഗം വളരെ കൂടുതലാണ്. സോസേജ്, ബേക്കണ്‍, നഗെറ്റ്‌സ്, സലോമി തുടങ്ങിയ ഇത്തരം ഉല്‍പ്പന്നങ്ങളില്‍ സോഡിയത്തിൻ്റെയും കേട് വരാതിരിക്കാന്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകളുടെയും അളവ് വളരെ കൂടുതല്‍ ആയിരിക്കും. ഇവ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. മാംസാഹാരപ്രിയര്‍ക്ക് ഇവയ്ക്ക് പകരം തൊലി നീക്കിയ കോഴിയിറച്ചി, മീന്‍, എന്നിവ ഉപയോഗിക്കാം.
  4. ഫ്രെഞ്ച് ഫ്രൈസ്, പൊട്ടറ്റോ ചിപ്പ്‌സ് –  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഫ്രെഞ്ച് ഫ്രൈസ്, പൊട്ടറ്റോ ചിപ്പ്‌സ് എന്നിവ വറുക്കാന്‍ ഉപയോഗിക്കുന്ന എണ്ണ ശരീരത്തിന് ഒട്ടും നന്നല്ല. ഇവ പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. ഇവ കടയില്‍ നിന്ന് വാങ്ങി കഴിക്കുന്നതിന് പകരം വീട്ടില്‍ തന്നെ ബെയ്ക്ക് ചെയ്ത് എടുക്കുക. എണ്ണയില്‍ വറുക്കുന്നതിന് പകരം എയര്‍ഫ്രൈ ചെയ്യുന്നത് നല്ല ബദലാണ്.
  5.  കോണ്‍ഫ്‌ളേക്‌സ് പോലുള്ള പ്രഭാതഭക്ഷണം – വളരെ എളുപ്പത്തില്‍ കഴിക്കാവുന്ന കോണ്‍ഫ്‌ളേക്‌സ് പോലുള്ള പ്രഭാതഭക്ഷണ ഓപ്ഷനുകളില്‍ ധാരാളം മധുരം ചേര്‍ത്തിട്ടുണ്ടാകും. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. ഇവയ്ക്ക് പകരം തവിട് കളയാത്ത ധാന്യങ്ങളോ ഓട്‌സോ പോലുള്ളവ കഴിക്കുക.
  6. വറുത്ത ഭക്ഷണങ്ങള്‍ – വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കൊളസ്‌ട്രോള്‍ മാത്രമല്ല, പ്രമേഹ സാധ്യതയും വര്‍ധിപ്പിക്കും. ഫ്രൈഡ് ചിക്കന്‍, വറുത്ത പലഹാരങ്ങള്‍ എന്നിവയും ഇന്‍സുലിന്‍ പ്രതിരോധത്തിനും നീര്‍ക്കെട്ടിനും കാരണമാകുന്നു. വറുത്ത് കഴിക്കുന്നതിന് പകരം ആഹാരങ്ങള്‍ ബെയ്ക്ക് ചെയ്‌തോ ഗ്രില്ല് ചെയ്‌തോ കഴിക്കുന്നത് പ്രമേഹസാധ്യത കുറയ്ക്കും.
  7. കൊഴുപ്പ് അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ – വെണ്ണ നീക്കാത്ത പാലുല്‍പ്പന്നങ്ങളില്‍ പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നു. അവ പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. വെണ്ണ നീക്കിയ പാല്‍, തൈര്, ചീസ് എന്നിവ പകരം ഉപയോഗിക്കാം.

Latest