Connect with us

Editors Pick

ഇന്ന് ലോക കണ്ടല്‍ ദിനം; അറിയാം ലോകത്തിലെ വലിയ കണ്ടല്‍കാടിനെ കുറിച്ച്

കണ്ടല്‍ക്കാടുകളുടെ ആവാസവ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക, അവയുടെ പരിപാലനവും സംരക്ഷണവും വികസനവും ഉറപ്പാക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

Published

|

Last Updated

ജൈവവൈവിധ്യ കലവറയാണ് കണ്ടല്‍കാടുകള്‍. തീരദേശത്തിന്റെയും അതുവഴി ഭൂമിയുടെയും കാവല്‍ക്കാര്‍. ജൂലൈ 26 ലോക കണ്ടല്‍ ദിനമാണ്. കണ്ടല്‍കാടിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് 2016 മുതലാണ് ഈ ദിനം ആചരിക്കുന്നത്.

സവിശേഷവും ദുര്‍ബലവുമായ ആവാസവ്യവസ്ഥ എന്ന നിലയില്‍ കണ്ടല്‍ക്കാടുകളുടെ ആവാസവ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക, അവയുടെ പരിപാലനവും സംരക്ഷണവും വികസനവും ഉറപ്പാക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. യുനെസ്‌കോ മുന്‍കൈ എടുത്താണ് ഈ ദിവസം ലോകമെങ്ങും വിപുലമായി ആചരിക്കുന്നത്.

1998 ജൂലായ് 26-ന് ഇക്വഡോറിലെ മ്യൂസ്നിലെ കണ്ടല്‍ക്കാടുകള്‍ പുനഃസ്ഥാപിക്കുന്നതിനായി നടന്ന വന്‍ പ്രതിഷേധത്തിനിടെ ഹൃദയാഘാതം മൂലം മരിച്ച ഗ്രീന്‍പീസ് പ്രവര്‍ത്തകന്‍ ഹെയ്ഹോ ഡാനിയല്‍ നാനോട്ടോയുടെ സ്മരണയ്ക്കായാണ് ഈ ദിവസംതന്നെ കണ്ടല്‍ദിനമായി തിരഞ്ഞെടുത്തത്.

ഉപ്പുവെള്ളത്തില്‍ വളരുന്ന ഏക വൃക്ഷമാണ് കണ്ടല്‍. കണ്ടല്‍ വനം അപൂര്‍വവും എന്നാല്‍ മനോഹരവും സമൃദ്ധവുമായ ഒരു ആവാസവ്യവസ്ഥയാണ്. സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. ആഗോളതലത്തില്‍, കണ്ടല്‍ക്കാടുകള്‍ എല്ലാ ഉഷ്ണമേഖലാ വനങ്ങളുടെയും ഒരു ശതമാനത്തില്‍ താഴെ മാത്രമേ ഉള്ളൂ. ആകെ വനത്തില്‍ 0.4 ശതമാനത്തില്‍ താഴെ മാത്രമാണ് കണ്ടല്‍ക്കാടുകള്ളത്.

ലോകത്തിലെ വലിയ കണ്ടല്‍ക്കാട് ഇന്ത്യയില്‍

ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാട് നമ്മുടെ ഇന്ത്യയിലാണെന്ന് എത്രപേര്‍ക്കറിയാം. അതെ ഗംഗ, ബ്രഹ്മപുത്ര നദികളുടെ തീരത്ത് പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി പരന്നുകിടക്കുന്ന സുന്ദര്‍ബനാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ ജൈവ കലവറ. ബംഗാളിഭാഷയില്‍ സുന്ദര്‍ബന്‍ എന്ന വാക്കിന്റെ അര്‍ഥം ഭംഗിയുള്ള വനം എന്നാണ്.

പത്മ, ബ്രഹ്മപുത്ര, മേഘ്‌ന എന്നീ നദികളുടെ സംഗമപ്രദേശത്തിലാണ് സുന്ദര്‍ബന്‍ കണ്ടല്‍ക്കാടുകള്‍ സ്ഥിതി ചെയ്യുന്നത്.  10000 ചതുരശ്ര കിലോമീറ്ററിലായി ഈ വനം വ്യാപിച്ചുകിടക്കുന്നു. ഇതിലൂടെ അനേകം നദികളും അരുവികളും കടന്നുപോകുന്നതിനാല്‍ എല്ലാ മുക്കിലും മൂലയിലും ബോട്ട് സേവനം ലഭ്യമാണ്. ഈ കണ്ടല്‍പ്രദേശം ഉള്‍പ്പെടുന്നതാണ് സുന്ദര്‍ബന്‍ ടൈഗര്‍ റിസര്‍വ്. ഇതിന് 2585 ച.കി.മീ വിസ്തീര്‍ണമുണ്ട്. 1764-ല്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലത്താണ് ഈ സ്ഥലം ആദ്യമായി അളന്നുതിട്ടപ്പെടുത്തിയത്.

1875-ല്‍ ഇത് സംരക്ഷിതവനമേഖലയായി പ്രഖ്യാപിച്ചു. സുന്ദര്‍ബന്‍ വംശഭീഷണിനേരിടുന്ന വിശിഷ്ടമായ ബംഗാള്‍ കടുവയുടെ വാസസ്ഥലമാണ്. ജന്തുവൈവിധ്യത്തിനു പേരെടുത്തതാണ് ഈ വനം.അനേകം പ്രാദേശികയിനത്തില്‍പെട്ട പക്ഷികളും ചെടികളും വന്യമൃഗങ്ങളും ഇവിടെയുണ്ട്. 300-ല്‍പരം ഇനം മരങ്ങളും ഔഷധ സസ്യങ്ങളും 425-ഓളം ഇനം വന്യജീവികളെയും ഇവിടെ കണ്ടുവരുന്നു. ഇതുകൊണ്ടെല്ലാംതന്നെ ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് സുന്ദര്‍ബന്‍.

 

Latest