Connect with us

Editors Pick

ഇന്ന് ലോക പാമ്പുദിനം; രാജവെമ്പാലയല്ല വിഷപ്പാമ്പില്‍ മുന്നില്‍ ഇവന്‍

ലോകത്തിലെ ഏറ്റവും നീളമുള്ള വിഷപ്പാമ്പ് രാജവെമ്പാലയാണ്. എന്നാല്‍ വിഷത്തിന്റെ വീര്യത്തില്‍ ആ സ്ഥാനം മറ്റൊരാള്‍ക്കാണ്.

Published

|

Last Updated

ലോകത്ത് നാലായിരത്തോളം ഇനം പാമ്പുകളുണ്ടെന്ന് പറയപ്പെടുന്നു. ഇന്ത്യയില്‍ 300ഓളം ഇനങ്ങളെയും കേരളത്തില്‍ നൂറിലധികം ഇനം പാമ്പുകളെയും കണ്ടുവരുന്നു. ഇവയില്‍ അധികവും വിഷമില്ലാത്തവയാണ്. ലോകത്തുതന്നെ അറുന്നൂറോളം ഇനം വിഷപ്പാമ്പുകളില്‍ 200 എണ്ണത്തിന് മാത്രമാണ് മനുഷ്യനെ കൊല്ലാനോ അല്ലെങ്കില്‍ ജീവന് അപകടമുണ്ടാക്കാനോ സാധിക്കുകയുള്ളൂ.

ആരാകും ലോകത്തിലെ ഏറ്റവും വിഷമേറിയ പാമ്പ്. മലയാളികള്‍ ഒറ്റയടിക്ക് രാജവെമ്പാലയെന്ന് പറയും. സത്യമാണ്. ലോകത്തിലെ ഏറ്റവും നീളമുള്ള വിഷപ്പാമ്പ് രാജവെമ്പാലയാണ്. എന്നാല്‍ വിഷത്തിന്റെ വീര്യത്തില്‍ ആ സ്ഥാനം മറ്റൊരാള്‍ക്കാണ്. ഓസ്‌ട്രേലിയയില്‍ കാണപ്പെടുന്ന ഇന്‍ലന്‍ഡ് തായ്പാന്‍ എന്ന പാമ്പാണ് ലോകത്തിലെ ഏറ്റവും അപകടകാരിയായ പാമ്പ്.

വെസ്റ്റേണ്‍ തായ്പാന്‍, ഫിയെര്‍സ് സ്നേക്ക് എന്നീ പേരുകളിലും തായ്പാന്‍ അറിയപ്പെടുന്നു. ആസ്‌ത്രേലിയയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ഇതിനെ ഡാന്‍ഡാറബില്ല (Dandarabilla) എന്നാണ് വിളിക്കുന്നത്. ഒറ്റക്കൊത്തിന് 100 പേരെ വരെ കൊല്ലാനുള്ള ശേഷി ഇവയുടെ വിഷത്തിനുണ്ട്. 2,50,000 എലികളെ ഒറ്റക്കൊത്തിന് കൊല്ലാം. 44 മുതല്‍ 110 മില്ലിഗ്രാം വരെ വിഷമാണ് ഒറ്റത്തവണ ഇവ പുറത്തേക്ക് വിടുന്നത്. ഉടനെ ചികിത്സ കിട്ടിയില്ലെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കടിയേറ്റയാള്‍ മരിക്കും. ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് കെമിസ്ട്രിയുടെ വെബ്സൈറ്റ് അനുസരിച്ച്, ഇന്‍ലാന്‍ഡ് തായ്പാന്‍ ഏറ്റവും മാരകമായ പാമ്പുകളുടെ പട്ടികയില്‍ ഒന്നാമതാണ്.

മാരകമായ വിഷമുണ്ടെങ്കിലും ഇവ വളരെ ഒറ്റപ്പെട്ട ആവാസ സ്ഥലങ്ങളില്‍ ആണ് കാണപ്പെടുന്നത്. മനുഷ്യരുമായി സമ്പര്‍ക്കം തീരെ ഇല്ലാത്തതിനാല്‍ അപകടകരമായ പാമ്പായി ഇവയെ കണക്കാക്കുന്നില്ല. ഓസ്‌ട്രേലിയയിലെ തന്നെ ഏറ്റവും വിജനമായ പ്രദേശമായ കൂബര്‍ പെഡിയിലാണ് ഇവയെ കാണാന്‍ കഴിയുക. വിണ്ടു കീറിയ മണ്‍കട്ടകള്‍ക്കടിയിലാണ് വാസം. പൊതുവെ നാണം കുണുങ്ങികളായ പാമ്പുകളെന്നാണ് ഇവ അറിയപ്പെടുന്നത്. പകല്‍ സമയങ്ങളില്‍ പ്രദേശത്ത് 46 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നതിനാല്‍ ഇന്‍ലന്‍ഡ് തായ്പനുകളെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയാറില്ല. തണുപ്പും ഈര്‍പ്പവും തേടി മണ്‍കട്ടകള്‍ക്കടിയിലാണ് ഇവ കഴിയുക. മണ്ണിനടിയില്‍ കഴിയുന്ന എലികളും മറ്റു ജീവികളുമാണ് ഇവയുടെ പ്രധാന ആഹാരം.

Latest