World Water Day
ഇന്ന് ലോക ജലദിനം
ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം
ന്യൂഡൽഹി | ഇന്ന് ലോക ജലദിനം. സംസ്ഥാനം കടുത്ത ചൂടിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ലോക ജലദിനം എത്തുന്നത്. പലയിടത്തും ജലക്ഷാമം അനുഭവപ്പെടുമ്പോൾ ജലം അമൂല്യമാണെന്ന ഓർമപ്പെടുത്തലാണ് ഈ ദിനം നൽകുന്നത്. ‘ജല-ശുചിത്വ പ്രതിസന്ധി പരിഹരിക്കാൻ മാറ്റം ത്വരിതപ്പെടുത്തുന്നു’ എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം.
എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ്. ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നാണ് പൊതുവെ പറയാറ്. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തിൽ ഇക്കാര്യങ്ങളെല്ലാം നാം ഓർമയിൽ വെക്കണം.