navakerala sadas
ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ നവകേരള സദസ്സിന് ഇന്ന് കൊടിയിറക്കം
അവസാന നിമിഷം വരെ മാധ്യമങ്ങളിലെ പ്രധാനവാര്‍ത്തയാക്കി നിലനിര്‍ത്തുന്നതില്‍ നവകേരള സദസ്സിന്റെ ബുദ്ധികേന്ദ്രങ്ങള്‍ വിജയിച്ചു.
തിരുവനന്തപുരം | കേരള ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന നവകേരള സദസ്സിന് ഇന്നു സമാപനമാവും. കേരളത്തിലെ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലും പര്യടനം മെന്ന വലിയ ലക്ഷ്യവുമായി നടത്തിയ പരിപാടിയില്‍ ജനലക്ഷങ്ങളാണ് അണിനിരന്നത്.
തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളുടെ നവകേരള സദസ്സ് ഒരുമിച്ചായിരിക്കും വൈകിട്ട് നടക്കുക . കോവളം ,നേമം,കഴക്കൂട്ടം തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് ഇന്ന് പര്യടനം നടത്തുന്നത്. ഇന്നും പ്രഭാത യോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകും.
വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്നതി നുള്ള ജനകീയ സംവാദം ലക്ഷ്യമിട്ടായിരുന്നു നവകേരള സദസ്സുകള്‍ നടന്നത്. കേരളത്തെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍, ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ തുടങ്ങി രാഷ്ട്രീയവും ജനങ്ങളുമായി സംവദിച്ചു. വരാനിരിക്കുന്ന ലോക സഭാ തിരഞ്ഞെടുപ്പിനു മുമ്പു രാഷ്ട്രീയ കാര്യങ്ങള്‍ ജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യം നവകേരള സദസ്സ് കൈവരിച്ചതായി മുന്നണി വിലയിരുത്തുന്നു.
രാഷ്ട്രീയ പ്രചാരണ പരിപാടി എന്ന നിലയില്‍ മാധ്യമങ്ങള്‍ അവഗണിക്കുമായിരുന്ന പരിപാടി അവസാന നിമിഷം വരെ മാധ്യമങ്ങളിലെ പ്രധാനവാര്‍ത്തയാക്കി നിലനിര്‍ത്തുന്നതില്‍ നവകേരള സദസ്സിന്റെ ബുദ്ധികേന്ദ്രങ്ങള്‍ വിജയിച്ചു. പരിപാടി തുടക്കത്തില്‍ തന്നെ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ യാത്രക്കൊപ്പം കൊണ്ടുപോവുക എന്നതു തന്നെയായിരുന്നു തന്ത്രം. ഏതാനും പേര്‍ ചേര്‍ന്നു നടത്തിയ കരിങ്കൊടി കാട്ടലിനെ വലിയ പ്രതിരോധമെന്ന നിലയില്‍ വളര്‍ത്തി ഒരു പിരിമുറുക്കത്തിന്റെ അന്തരീക്ഷം അവസാനം വരെ നിലനിര്‍ത്താന്‍ കഴിഞ്ഞതും സംഘാടനത്തിന്റെ തന്ത്രമായിരുന്നു എന്നാണു കരുതുന്നത്.
കരിങ്കൊടി കാട്ടലിനെ അവഗണിക്കാതെ വലിയ വെല്ലുവിളി എന്ന നിലയില്‍ മുഖ്യമന്ത്രി തന്നെ കണ്ടതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണു വിലയിരുത്തപ്പെടുന്നത്. കരിങ്കൊടി പ്രകടനത്തിനെതിരെ ഡി വൈ എഫ്‌ഐയെ രംഗത്തിറക്കി ജീവന്‍ രക്ഷാ പ്രവര്‍ത്തനം എന്ന നിലയില്‍ പരാമര്‍ശിച്ചു മാധ്യമ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയെന്നാണു സംഘാടകര്‍ കരുതുന്നത്.
സംസ്ഥാന മന്ത്രിസഭ മുഴുവന്‍ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലും യാത്ര ചെയ്യാന്‍ തീരുമാനിച്ചത് കേരള രൂപീകരണത്തിന് ശേഷം ആദ്യം. ലോകത്തില്‍ തന്നെ സമാന സംഭവമില്ലെന്നാണു സര്‍ക്കാര്‍ അവകാശപ്പെട്ടത്. നവംബര്‍ 18ന് മഞ്ചേശ്വരത്തു നിന്നു തുടങ്ങി ഇന്ന് വൈകിട്ട് വട്ടിയൂര്‍ക്കാവില്‍ യാത്ര സമാപിക്കുമ്പോള്‍ സര്‍ക്കാര്‍ ലക്ഷ്യങ്ങള്‍ കൈവരിച്ചു എന്നാണു വിലയിരുത്തല്‍. ഇതിനിടെ പുറത്തുവന്ന ചില മാധ്യമ സര്‍വേകള്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമില്ലെന്നുകാണിച്ചിരുന്നു.
ജനങ്ങള്‍ക്കുള്ള പരാതികള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ നേരിട്ടു കേള്‍ക്കുക എന്ന സര്‍ക്കാര്‍ പരിപാടിയോടു വന്‍ പ്രതികരണമാണുണ്ടായത്. നിരവധി കോടതി ഇടപെടല്‍ അടക്കം മാധ്യമങ്ങള്‍ ഉയര്‍ത്തിയ വലിയ വിമര്‍ശനങ്ങള്‍ വരെ ജനപങ്കാളിത്തം ഉയര്‍ത്തുന്നതിന് ആയുധമാക്കി മാറ്റാന്‍ സംഘാടകര്‍ക്കുകഴിഞ്ഞു എന്നാണു വിലയിരുത്തുന്നത്. ഓരോ വേദിയിലും പതിനായിരത്തിലധികം ജനങ്ങളെ അണിനിരത്തുന്നതില്‍ എതിര്‍ പ്രചാരണങ്ങള്‍ വലിയ പങ്കു വഹിച്ചു.
മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി എത്തുന്നതിനുമുമ്പ് സംസാരിക്കുന്ന മൂന്നു മന്ത്രിമാരും സമകാലിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് പറഞ്ഞു. അവസാനം എത്തുന്ന മുഖ്യമന്ത്രി കേന്ദ്രത്തെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രിയും മന്ത്രിസഭയും സഞ്ചരിക്കുന്ന ബസ്സിനെക്കുറിച്ചായിരുന്നു ആദ്യത്തെ പ്രചാരണം. പ്രഭാത യോഗത്തിലെ ഭക്ഷണം വരെ എതിരായ പ്രചാരണം നടന്നു. നവകേരള ബസ്സുകാണാന്‍ തന്നെ വന്‍ ജനാവലി വഴിയോരങ്ങളിലും സ്വീകരണ കേന്ദ്രങ്ങളിലും ഒഴുകിയെത്തി എന്നതും സര്‍ക്കാര്‍ ഗുണകരമാക്കിമാറ്റി.
സര്‍ക്കാര്‍ ചെലവില്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നു എന്ന പ്രതിപക്ഷ ആരോപണത്തെ ശരിവെക്കുന്ന തരത്തില്‍ കൃത്യമായ രാഷ്ട്രീയ പ്രസംഗ വേദികളായിരുന്നു ഓരോ സ്വീകരണ കേന്ദ്രവും. പ്രഭാത യോഗങ്ങളും ശക്തമായ രാഷ്ട്രീയ കരുനീക്കങ്ങളായി. സമൂഹത്തിന്റെ പരിഛേദമാണ് ഇത്തരം യോഗങ്ങളില്‍ പങ്കെടുത്തത്. പരിപാടി ബഹിഷ്‌കരിച്ച യു ഡി എഫ് നേതാക്കളെ വിവിധ കേന്ദ്രങ്ങളില്‍ പരിപാടിയില്‍ എത്തിക്കാന്‍ കഴിഞ്ഞതും വലിയ നേട്ടമായി. വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനു മുമ്പു ഇടതു മുന്നണിക്ക് ഏറെ മുന്നില്‍ സഞ്ചരിക്കാന്‍ ഈപരിപാടിയിലൂടെ സാധിച്ചു.
നവകേരള സദസ്സിനെതിരെ നിരവധി കോടതി വിധികള്‍ കൊണ്ടുവരാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പണം നല്‍കുന്നത്, സ്‌കൂള്‍ ബസ്സുകള്‍ പരിപാടിക്കു വിട്ടു നല്‍കുന്നത്, സ്‌കൂള്‍കുട്ടികള്‍ അഭിവാദ്യം അര്‍പ്പിക്കുന്നത്, തിരുവിതാംകൂര്‍ ക്ഷേത്ര മൈതാനം ഉപയോഗിക്കുന്നത്, സുവോളജിക്കല്‍ പാര്‍ക്കില്‍ പരിപാടി നടത്തുന്നത്, സ്‌കൂള്‍ മതിലുകള്‍ പൊളിച്ചത്, പരിപാടിക്കുള്ള പണപ്പിരിവ് തുടങ്ങി നവകേരള സദസ്സിനെതിരെ നിരവധി കോടതി ഉത്തരവുകള്‍ വാര്‍ത്തകളില്‍ ഇടം നേടി. എന്നാല്‍ കോടതി ഇടപെടലിലൂടെ ഉണ്ടായ തിരിച്ചടികളെ പോലും രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ച് ആളെ കൂട്ടാനാണ് എല്‍ ഡി എഫ് സംവിധാനം ശ്രമിച്ചത്.
പരിപാടിയുടെ സംഘാടനത്തില്‍ അതുല്യമായ മാതൃകയാണുണ്ടായത്. പരിപാടിയുടെ പ്രചാരണം, ധനസമാഹരണം, വേദികള്‍, പ്രസംഗം, പ്രഭാത യോഗം, വാര്‍ത്താ സമ്മേളനം, യാത്ര, താമസം തുടങ്ങി സൂക്ഷ്മമായ ഓരോ കാര്യത്തിലും കൃത്യമായ ആസൂത്രണത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്. പതിനായിരങ്ങള്‍ ഒഴുകിയെത്തിയിട്ടും പരിപാടിയുടെ നടത്തിപ്പില്‍ എവിടെയും ഒരു താളപ്പിഴയും ഉണ്ടായില്ല. മലപ്പുറത്ത് എന്‍ സി സി കാഡറ്റിന്റെ കൈ മുഖ്യമന്ത്രിയുടെ കണ്ണില്‍ തട്ടിയതുപോലും പ്രചാരണത്തിന് അനുകൂലമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു.
140 മണ്ഡലങ്ങളില്‍ നിന്നു ലഭിച്ച പരാതികളില്‍ നടപടികള്‍ എന്തായിരിക്കും എന്നതു വരും നാളുകളില്‍ രാഷ്ട്രീയ ചര്‍ച്ചയായി മാറും. പരാതി നല്‍കിയവര്‍ക്ക് അതിലെ നടപടികള്‍ സംബന്ധിച്ച് സന്ദേശങ്ങള്‍ ലഭിച്ചുവരുന്നുണ്ട്.