From the print
പ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴും;നാളെ നിശബ്ദ പ്രചാരണം
2.77 കോടി മലയാളികൾ വിധിയെഴുതും

തിരുവനന്തപുരം | കൊടുംചൂടിനെ തോൽപ്പിച്ച് നാൽപ്പത് നാൾ നീണ്ട തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്ന് വൈകിട്ട് ആറിന് തിരശ്ശീല വീഴും. നാളെ നിശബ്ദ പ്രചാരണം നടക്കും. മറ്റന്നാൾ 2.77 കോടി മലയാളികൾ ജനാധിപത്യത്തിന്റെ നിലനിൽപ്പിനായി നിർണായക വിധിയെഴുതും. രാജ്യത്ത് നടക്കുന്ന പൊതുതിരഞ്ഞെടിപ്പിലെ രണ്ടാം ഘട്ടത്തിലാണ് കേരളം സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജീവ് കൗൾ അറിയിച്ചു. കൊടും ചൂടും ഒപ്പം വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് വന്നതും വോട്ടിംഗ് ശതമാനത്തെ ബാധിക്കാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാർട്ടികളും മുസ്‌ലിം സംഘടനകളും ജാഗ്രതയോടെയുള്ള നീക്കങ്ങളാണ് നടത്തുന്നത്. കൊട്ടിക്കലാശം ഗംഭീരമാക്കാൻ രാഷ്ട്രീയ പാർട്ടികളും അവസാന മണിക്കൂറുകളിൽ പരമാവധി വോട്ടുറപ്പിക്കാനുള്ള നീക്കങ്ങളുമായി സ്ഥാനാർഥികളും സജീവമാണ്.
കഴിഞ്ഞ ആഴ്ച നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം കുറഞ്ഞത് ആശങ്ക ഉയർത്തിയിരുന്നു. ഇതുകൂടി മുൻനിർത്തിയാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും രാഷ്ട്രീയ പാർട്ടികളുടെയും നീക്കങ്ങൾ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരുന്നു. പല മണ്ഡലങ്ങളിലും പോളിംഗ് 80 ശതമാനത്തിന് മുകളിലെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ മികച്ച പോളിംഗായിരുന്നു ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശവും പി വി അൻവർ എം എൽ എയുടെ രാഹുൽ ഗാന്ധിക്കെതിരായ വിമർശവും കഴിഞ്ഞ രണ്ട് ദിവസമായി പ്രചാരണത്തിലെ ചൂടേറിയ വിവാദമാണ്. ഇന്നും നാളെയുമായി ഇത്തരം വൈകാരിക വിഷയങ്ങൾ വീണ്ടും ചർച്ചയായേക്കും.
മുഖ്യമന്ത്രി പിണറായി വിജയനെയും സി പി എമ്മിനെയും ബി ജെ പിക്കൊപ്പം ചേർത്തുകെട്ടി രാഹുൽ ഗാന്ധിക്കെതിരാണെന്ന തരത്തിൽ പ്രചാരണം ഉയർത്താൻ കോൺഗ്രസ്സ് കിണഞ്ഞു ശ്രമിക്കുന്നുണ്ട്. എന്നാൽ, ബി ജെ പിക്കൊപ്പം രാഹുൽ ഗാന്ധിയെയും കോൺഗ്രസ്സിനെയും രൂക്ഷമായി വിമർശിച്ച് തന്നെയാണ് ഇടതിന്റെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പിണറായി വിജയൻ പ്രചാരണം സജീവമാക്കിയത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെയും മുസ്‌ലിംകളെയും ബാധിക്കുന്ന വിഷയങ്ങളിൽ ദേശീയ തലത്തിൽ നിലപാടെടുക്കുന്നതിൽ കോൺഗ്രസ്സ് കാപട്യം തുടരുന്നുവെന്ന് തുറന്നടിച്ചാണ് മുഖ്യമന്ത്രിയുടെ പ്രധാന പ്രചാരണം.