National
കെജ്‌രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ചോദ്യം ചെയ്തുള്ള ഇഡിയുടെ ഹരജിയില്‍ വിധി ഇന്ന്
ഇന്ന് ഉച്ചയ്ക്ക് 2.30ന് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിന്‍ ആണ് വിധി പറയുക.
ന്യൂഡല്‍ഹി|മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ചോദ്യം ചെയ്തുള്ള ഇഡിയുടെ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഇഡിയുടെ അപ്പീലില്‍ ഇന്ന് ഉച്ചയ്ക്ക് 2.30ന് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിന്‍ ആണ് വിധി പറയുക. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് കാട്ടി ഇഡി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
മദ്യനയ അഴിമതികേസില്‍ കെജ്‌രിവാളിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് കാണിച്ചാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. പിന്നാലെ ജാമ്യം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു.
വിചാരണക്കോടതി തങ്ങളുടെ വാദങ്ങള്‍ പരിഗണിച്ചില്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ നാല്‍പ്പത്തിയഞ്ചാം വകുപ്പിന്റെ ലംഘനമാണിതെന്നും ഹൈക്കോടതിയില്‍ ഇഡി വാദിച്ചു. ഇതിന് പിന്നാലെ ഡല്‍ഹി ഹൈക്കോടതി കെജ്രിവാളിന്റെ ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു.
അതേസമയം, ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതിയുടെ നടപടിക്കെതിരെ കെജ്‌രിവാള്‍ നല്‍കിയ ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും.