Connect with us

rahul gandhi

ആരാണ് രാഹുല്‍ ഗാന്ധി എന്ന ബി ജെ പിയുടെ പരിഹാസ ചോദ്യത്തിന് രാജ്യം ഇന്നു മറുപടി നല്‍കി

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ബി ജെ പി നേതാക്കള്‍ കൂട്ടത്തോടെ 'കോന്‍ ഹേ രാഹുല്‍ ഗാന്ധി?' എന്ന പരിഹാസ ചോദ്യമുയര്‍ത്തിയത്

Published

|

Last Updated

ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധി ആരാണെന്ന പരിഹാസ ചോദ്യം ബി ജെ പിയെ തിരിഞ്ഞുകൊത്തിയ ദിനമായിരുന്നു ഇന്നലെ. രാഹുല്‍ രാജ്യത്തിന്റെ പ്രതിപക്ഷ നേതാവാണെന്ന പ്രഖ്യാപനം ആ നേതാവിനെ പരിഹസിച്ചവര്‍ക്കുള്ള ചുട്ട മറുപടിയായി.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ബി ജെ പി നേതാക്കള്‍ കൂട്ടത്തോടെ ‘കോന്‍ ഹേ രാഹുല്‍ ഗാന്ധി?’ എന്ന പരിഹാസ ചോദ്യമുയര്‍ത്തിയത്. മോദിക്കുമുന്നില്‍ രാഹുല്‍ ആര് എന്നതായിരുന്നു ആ ചോദ്യത്തിന്റെ ധ്വനി. ബി ജെ പി നേതാക്കളായ തേജസ്വി സൂര്യ, സുധാന്‍ഷു ത്രിവേദി, സ്മൃതി ഇറാനി തുടങ്ങിയവരുടെ പ്രസംഗങ്ങളിലും പോസ്റ്റുകളിലുമെല്ലാം ‘കോന്‍ ഹേ രാഹുല്‍ ഗാന്ധി?’ പരിഹാസം നിറഞ്ഞു നിന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താ സമ്മേളനത്തെ അഭിമുഖീകരിക്കാന്‍ ഭയപ്പെടുന്നു എന്ന ചര്‍ച്ച സജീവമായിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ഹൈകോടതി മുന്‍ ജസ്റ്റിസ് അജിത് പി ഷാ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം എന്നിവര്‍ രാഹുല്‍ ഗാന്ധിയെയും നരേന്ദ്രമോദിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ചു. താന്‍ സംവാദത്തിന് തയ്യാറാണെന്ന് രാഹുല്‍ അറിയിച്ചെങ്കിലും മോദി പ്രതികരിച്ചില്ല. ഈ പശ്ചാത്തലത്തിലായിരുന്നു കോന്‍ ഹേ രാഹുല്‍ഗാന്ധി ? എന്ന പരിഹാസവുമായി ബി ജെ പി രംഗത്തുവന്നത്. രാഹുല്‍ ഗാന്ധിയോടു സംവദിക്കാന്‍ തങ്ങളുടെ ജൂനിയര്‍ നേതാക്കള്‍ മതിയെന്ന അഹങ്കാരവും ബി ജെ പി കേന്ദ്രങ്ങള്‍ പ്രകടിപ്പിച്ചു.

തിരഞ്ഞെടുപ്പു ഫലംവന്നപ്പോള്‍ രാഹുല്‍ ഗാന്ധിയെ പരിഹസരിച്ച സ്മൃതി ഇറാനി അമേത്തിയില്‍ ദയനീയമായി പരാജയപ്പെട്ടു. രാഹുല്‍ മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും ഗംഭീര ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ ലോകസഭയിലെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കാന്‍ ഇന്‍ഡ്യ മുന്നണി തീരുമാനിച്ചതോടെ രാഹുല്‍ ആരാണെന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഉദിച്ചുയര്‍ന്നത്.

കാബിനറ്റ് റാങ്കോടെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ തിളങ്ങിയ ദിവസമായിരുന്നു ഇന്ന്. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ലയെ, പ്രധാനമന്ത്രി മോദിയും പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയും കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും ചേര്‍ന്നാണ് സ്പീക്കറുടെ ചേംബറിലേക്ക് ആനയിച്ചത്. മോദിയും രാഹുലും ഹസ്തദാനം ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രിയുടെ അതേ പ്രാധാന്യത്തോടെ പ്രതിപക്ഷ നേതൃപദവിയില്‍ രാഹുല്‍ ഇരുന്നപ്പോള്‍ ആരാണ് രാഹുല്‍ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് രാജ്യം കണ്ടത്.

സ്പീക്കര്‍ ഓംബിര്‍ലക്ക് രാഹുല്‍ഗാന്ധി ഹസ്തദാനം ചെയ്യുന്നത് മോദി നോക്കി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ‘കോന്‍ ഹേ രാഹുല്‍ ഗാന്ധി?’ ബി ജെ പിയുടെ പരിഹാസ ചോദ്യത്തിന് മറുപടി നല്‍കി.

 

Latest