Connect with us

Kerala

ഇന്ന് പോലീസ് ചോദ്യം ചെയ്യും; മുന്‍കൂര്‍ ജാമ്യത്തിനായി പിപി ദിവ്യ ഹൈക്കോടതിയിലേക്ക്

കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്

Published

|

Last Updated

കണ്ണൂര്‍  | എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും. ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് ദിവ്യയുടെ നീക്കം. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വൈകാതെ തന്നെ അറസ്റ്റിനു സാധ്യതയുണ്ട്. അതിനിടെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം.

കേസില്‍ പൊലീസ് ദിവ്യയെ ഇന്ന് ചോദ്യം ചെയ്‌തേക്കും. ദിവ്യയെ പ്രതി ചേര്‍ത്ത് ഇന്നലെ കോടതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്

പ്രശാന്തന്‍ ഉന്നയിച്ച കൈക്കൂലി പരാതിയിലും പമ്പ് അപേക്ഷ നല്‍കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും വിജിലന്‍സ് കോഴിക്കോട് യൂണിറ്റിന്റെ അന്വേഷണവും ഇന്ന് തുടങ്ങും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗ തീരുമാന പ്രകാരം ഇന്നലെ രാത്രിയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു പിപി ദിവ്യയെ നീക്കിയിരുന്നു. പിന്നാലെ സ്ഥാനം രാജി വച്ചതായി പിപി ദിവ്യ കത്തിലൂടെ വ്യക്തമാക്കി. ഈ കത്ത് അവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചതായും അവര്‍ വ്യക്തമാക്കി.

പരിയാരം ഡിവിഷനില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട കെകെ രത്‌നകുമാരിയാണ് പുതിയ ജില്ലാ പ്രസിഡന്റ്.