From the print
ലാൻഡിംഗ് പ്രക്രിയ തുടങ്ങി; ആദ്യ രണ്ട് ഘട്ടം വിജയകരം; ലാൻഡിംഗ് 6.04ന്
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ലോകത്തെ ആദ്യ രാജ്യം എന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
ഹൈദരാബാദ് | ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിംഗ് പ്രക്രിയ തുടങ്ങി. ലാൻഡിംഗിനുള്ള കമാൻഡ് ഐ എ്സ ആർ ഒ നൽകിയതിന് പിന്നാെല നാല് ഘട്ടങ്ങളുള്ള ലാൻഡിംഗിൽ ആദ്യ രണ്ട് ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടു. മനുഷ്യന്റെ ഇടപെടൽ കൂടാതെ സോഫ്റ്റ് വെയറാണ് ഈ നിമിഷത്തിൽ പേടകത്തെ നിയന്ത്രിക്കുന്നത്. ചന്ദ്രയാൻ 2 പരാജയപ്പെട്ട നിമിഷവും നമ്മൾ പിന്നിട്ടുകഴിഞ്ഞു. ഇതുവരെ എല്ലാം കിറുകൃത്യമായാണ് പുരോഗമിക്കുന്നത്.
ഇന്ന് വൈകുന്നേരം 6.04ന് ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യും. 41 ദിവസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റർ പിന്നിട്ടാണ് ചന്ദ്രയാൻ അമ്പിളിക്കുമ്പിളിൽ കാലുകുത്താനൊരുങ്ങുന്നത്.
എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് ഐഎസ്ആർഒ അറിയിച്ചു. ബാംഗ്ലൂർ ഓഫീസിൽ മിഷൻ ഓപ്പറേഷൻ ടീമിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. വൈകുന്നേരം 5:44 ന് ലാൻഡർ ശരിയായ സ്ഥാനത്ത് എത്തിയാലുടൻ ടീം ഓട്ടോമാറ്റിക് ലാൻഡിംഗ് സീക്വൻസ് (ALS) പ്രവർത്തിപ്പിക്കും. ലാൻഡർ ചന്ദ്രനിൽ ഇറങ്ങുമ്പോൾ തന്നെ റാംപ് തുറക്കുകയും പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ എത്തുകയും ചെയ്യും. വിക്രം ലാൻഡറും പ്രഗ്യാനും പരസ്പരം ഫോട്ടോയെടുത്ത് ഭൂമിയിലേക്ക് അയയ്ക്കും.
ചന്ദ്രനിൽ ഇറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ്, ലാൻഡർ മൊഡ്യൂളിന്റെ സ്ഥാനവും ചന്ദ്രനിലെ അവസ്ഥയും അനുസരിച്ച്, ആ സമയത്ത് ഇറങ്ങുന്നത് ഉചിതമാണോ എന്ന് തീരുമാനിക്കും. ഏതെങ്കിലും ഘടകം അനുയോജ്യമല്ലെങ്കിൽ, ലാൻഡിംഗ് ഓഗസ്റ്റ് 27ലേക്ക് മാറ്റിവെക്കും.
ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ടെലിമെട്രി ആൻഡ് കമാൻഡ് സെന്ററിലെ (ഐഎസ്ആർഒ) മിഷൻ ഓപ്പറേഷൻ കോംപ്ലക്സിലെ (മോക്സ്) 50-ലധികം ശാസ്ത്രജ്ഞരാണ് ചന്ദ്രയാൻ സോഫ്റ്റ്ലാൻഡിംഗ് നിയന്ത്രിക്കുന്നത്. അവർ ലാൻഡറിലേക്ക് ഇൻപുട്ടുകൾ അയയ്ക്കുന്നു, അതനുസരിച്ചാണ് ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗ് ക്രമീകരിക്കുന്നത്. കമാൻഡ് സെന്ററിൽ ആവേശവും അസ്വസ്ഥതയും സമ്മിശ്രമായ അന്തരീക്ഷമാണ്.
ലാൻഡിംഗിന്റെ തത്സമയ സംപ്രേഷണം വൈകുന്നേരം 5:20 ന് ആരംഭിക്കും. ദക്ഷിണാഫ്രിക്കയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്ച്വലായി ഈ പരിപാടിയിൽ പങ്കെടുക്കും.
സോഫ്റ്റ് ലാന്‍ഡിംഗ് സാധ്യമായാല്‍ അമേരിക്ക, സോവിയറ്റ് യൂനിയന്‍, ചൈന എന്നിവക്ക് ശേഷം ചന്ദ്രനില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അതേസമയം, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ലോകത്തെ ആദ്യ രാജ്യം എന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ചന്ദ്രനെ തേടിയുള്ള ഇന്ത്യയുടെ മൂന്നാം ദൗത്യമാണിത്. ആദ്യ ദൗത്യമായ ചന്ദ്രയാന്‍ ഒന്ന് ഉപേക്ഷിക്കുകയും രണ്ടാം ദൗത്യം (ചന്ദ്രയാന്‍ 2) ലാന്‍ഡിംഗ് ഘട്ടത്തില്‍ പരാജയപ്പെടുകയുമായിരുന്നു.
സോഫ്റ്റ് ലാൻഡിംഗ് തത്സമയം
20 മിനുട്ട് ഭീകരത
ചന്ദ്രയാന്‍ മൂന്നിന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്പ് നിര്‍ണായകമായ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്രാരംഭ തയ്യാറെടുപ്പ്, വേഗം കുറക്കല്‍, ഓറിയന്റേഷന്‍ ഷിഫ്റ്റ്, ആറ്റിറ്റിയൂഡ് ഹോള്‍ഡ് ഫേസ്, ഫൈന്‍ ബ്രേക്കിംഗ്, ഫൈനല്‍ ഡിസെന്റ്, ടച്ച്ഡൗണ്‍ എന്നിവയാണ് വിവിധ ഘട്ടങ്ങള്‍. നിര്‍ണായകമായ ’20 മിനുട്ട് ഭീകരത’ എന്നാണ് ലാന്‍ഡിംഗ് ദിവസത്തെ അവസാന നിമിഷങ്ങളെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്.
ബെംഗളൂരുവില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് 25 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങും. ഈ ‘ശക്തമായ ഇറക്കത്തില്‍’, ലാന്‍ഡര്‍ സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ വേഗത്തിലാണ് ചന്ദ്രനിലേക്ക് കുതിക്കുക. ഇത് ഏകദേശം മണിക്കൂറില്‍ 6,048 കിലോമീറ്ററിന് തുല്യമാണ്. (വിമാന വേഗത്തിന്റെ പത്തിരട്ടി വരുമിത്).
പിന്നീട് വിക്രം ലാന്‍ഡര്‍ അതിന്റെ എന്‍ജിനുകള്‍ ഉപയോഗിച്ച് വേഗം കുറക്കുകയും ചന്ദ്രോപരിതലത്തിന് ഏതാണ്ട് തിരശ്ചീനമായി നിലകൊള്ളുകയും ചെയ്യും. ‘റഫ് ബ്രേക്കിംഗ്’ എന്നറിയപ്പെടുന്ന ഈ ഘട്ടം ഏകദേശം 11 മിനുട്ട് നീളും.
സൂക്ഷ്മമായ നീക്കങ്ങളിലൂടെ, വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലവുമായി ലംബമായി വിന്യസിക്കുന്ന ‘ഫൈന്‍ ബ്രേക്കിംഗ് ഘട്ട’മാണ് അടുത്തത്. ചന്ദ്രയാന്‍- 2ന്റെ അവസാന ബ്രേക്കിംഗ് ഘട്ടത്തില്‍, വിക്രം ലാന്‍ഡര്‍ നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീണുവെന്നതാണ് ആശങ്ക.
ചന്ദ്രോപരിതലത്തില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തില്‍ വെച്ച് വിക്രം ലാന്‍ഡറിന്റെ തിരശ്ചീനവും ലംബവുമായ വേഗം നിലക്കുന്നു. ലാന്‍ഡര്‍ ചാന്ദ്രോപരിതലത്തിന് മുകളിലൂടെ സഞ്ചരിച്ച് ഇറങ്ങാനുള്ള മേഖല നിരീക്ഷിക്കും.
സസൂക്ഷ്മം കാല്‍വെപ്പ്
ഇറക്കം തുടരുന്നതിനിടയില്‍ വിക്രം ലാന്‍ഡര്‍ 150 മീറ്റര്‍ ഉയരത്തില്‍ നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തും. അപകട സാധ്യത കണ്ടെത്തുന്നതിനും ‘ഒപ്റ്റിമല്‍ ലാന്‍ഡിംഗ് സ്‌പോട്ട്’ തിരിച്ചറിയുന്നതിനും വേണ്ടിയാണിത്.
എല്ലാം സുരക്ഷിതമെങ്കില്‍, രണ്ട് എന്‍ജിനുകള്‍ മാത്രം ഉപയോഗിച്ച് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും. സെക്കന്‍ഡില്‍ മൂന്ന് മീറ്റര്‍ വരെ (മണിക്കൂറില്‍ ഏകദേശം 10.8 കിലോമീറ്റര്‍) വരെ ആഘാതം താങ്ങാന്‍ ശേഷിയുള്ള തരത്തിലാണ് ലാന്‍ഡറിന്റെ കാലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ലെഗ് സെന്‍സറുകള്‍ ചന്ദ്രോപരിതലവുമായുള്ള സമ്പര്‍ക്കം കണ്ടെത്തിക്കഴിഞ്ഞാല്‍, എന്‍ജിനുകള്‍ നിര്‍ത്തുകയും ’20 മിനുട്ട് ഭീകരത’യുടെ പിരിമുറുക്കം അവസാനിപ്പിക്കുകയും ചെയ്യും.
ലാന്‍ഡിംഗിനിടെ ഉയരുന്ന ചാന്ദ്രധൂളികള്‍ (റെഗോലിത്ത്) അമരുന്നതോടെ ലാന്‍ഡറിന്റെ റാംപ് തുറക്കുകയും ത്രിവര്‍ണ പതാകയും ഐ എസ് ആര്‍ ഒ മുദ്രയും പതിച്ച പ്രഗ്യാന്‍ റോവര്‍ സുഗമമായി ഇറങ്ങുകയും ചെയ്യും.
വിജയകരമായ ലാന്‍ഡിംഗിന് ശേഷം, സുപ്രധാന ശാസ്ത്രീയ വിവരങ്ങള്‍ പിടിച്ചെടുക്കുന്ന ചന്ദ്രോപരിതലത്തിലെ പര്യവേക്ഷണത്തിനായി പ്രഗ്യാന്‍ റോവര്‍ സജ്ജമാകും.
തത്സമയം
ചന്ദ്രയാൻ 3ന്റെ ലാൻഡിംഗ് ഐ എസ് ആർ ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും (https://www.isro.gov.in) സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലും യൂട്യൂബിലും ടെലിവിഷനിലും തത്സമയം സംപ്രേഷണം ചെയ്യും. ഇത് വൈകുന്നേരം 5.27ന് ആരംഭിക്കും. ഡി ഡി നാഷനൽ ചാനലിലും ഇന്റർനെറ്റ് കണക്‌ഷനുള്ള സ്‌മാർട്ട് ഫോണുകളിലും കമ്പ്യൂട്ടറിലും തത്സമയ ദൃശ്യങ്ങൾ ലഭ്യമാകും.