Kerala
ഒന്നിച്ച് അവര്‍ ഒരിടത്ത്; ഉള്ളുപൊട്ടി പ്രിയപ്പെട്ടവർ: പനയമ്പാടം വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ഥിനികളുടെ മൃതദേഹം ഖബറടക്കി
വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ക്കരികില്‍ അലമുറയിട്ടു കരയുന്ന സഹപാഠികളുടെ ദു:ഖം നൊമ്പരക്കാഴ്ചയായി മാറി.
പാലക്കാട് | അവര്‍ ഒരുമിച്ച് മടങ്ങുന്നു. കല്ലടിക്കോട് പനയമ്പാടത്ത് സിമന്റ് ലോറി മറിഞ്ഞ് മരിച്ച നാല് വിദ്യാര്‍ഥിനികളെ ഖബറടക്കി. തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയശേഷമാണ് തുപ്പനാട് ജുമാ മസ്ജിദില്‍ മൃതദേഹങ്ങള്‍ ഖബറടക്കിയത്. അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലാണ് പെണ്‍കുട്ടികളുടെ ഖബറടക്കം. വിദ്യാര്‍ഥിനികളെ അവസാനമായി ഒരു നോക്കുകാണാന്‍ നൂറ് കണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ഹാളിലും എത്തിയത്.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ അതിദാരുണ അപകടം സംഭവിച്ചത്.പരീക്ഷ കഴിഞ്ഞ് മടങ്ങിയ ഉറ്റ സുഹൃത്തുക്കളായ പെണ്‍കുട്ടികളാണ് മരണമടഞ്ഞത്. മണ്ണാര്‍കാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് കരിമ്പയില്‍വെച്ച് മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.
വിദ്യാര്‍ഥിനികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോള്‍ കണ്ടത് ഹൃദയഭേദകമായ കാഴ്ച്ചകളായിരുന്നു. മാതാപിതാക്കളേയും സുഹൃത്തുക്കളേയും ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയാത്ത സ്ഥിതിയായിരുന്നു. വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ക്കരികില്‍ അലമുറയിട്ടു കരയുന്ന സഹപാഠികളുടെ ദു:ഖം നൊമ്പരക്കാഴ്ചയായി മാറി. മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി, എംഎല്‍എമാരായ കെ ശാന്തകുമാരി, രാഹുല്‍ മാങ്കൂട്ടത്തില്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ കുട്ടികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ രാവിലെ 5.30 ഓടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. അഞ്ച് വിദ്യാര്‍ഥിനികളുടെ ദേഹത്തേക്ക് സിമന്റ് കയറ്റി വന്ന ലോറി മറിഞ്ഞാണ് അപകടം സംഭവിച്ചത്. നാല് വിദ്യാര്‍ഥിനികള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടുകയായിരുന്നു.ലോറിയുടെ അപകടകരമായ വരവ് ശ്രദ്ധയില്‍പെട്ട വിദ്യാര്‍ഥിനി ഓടിമാറിയതാണ് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്.
അതേസമയം അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ലോറി ഡ്രൈവറുടേയും ക്ലീനറുടെയും വിശദമായ മൊഴി ഇന്നെടുക്കും. ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരുടെ മൊഴി കല്ലടിക്കോട് പോലീസിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തും. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.