National
ടോയ്‍ലറ്റ് അടഞ്ഞു; വാഷ്റൂമിൽ ഭീഷണിക്കത്ത്; ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
മുംബൈ-ന്യൂയോർക്ക് (JFK) സർവീസ് നടത്തുന്ന AI119 ബോയിംഗ് 777 വിമാനമാണ് പറക്കുന്നതിനിടെ സുരക്ഷാ ഭീഷണി നേരിട്ടതിനെ തുടർന്ന് തിരിച്ചിറക്കിയത്.

മുംബൈ | മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം സുരക്ഷാ പ്രശ്നം കാരണം മുംബൈയിൽ തന്നെ തിരിച്ചിറക്കി. വിമാനത്തിന്റെ ടോയ്‍ലറ്റ് അടയുകയും വാഷ്റൂമിൽ നിന്ന് സ്ഫോടന മുന്നറിയിപ്പുള്ള ഒരു കുറിപ്പ് കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം തിങ്കളാഴ്ച രാവിലെ 10:25 ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. എത്തിയ ഉടൻ, സുരക്ഷാ ഏജൻസികൾ വിമാനത്തിൽ പരിശോധനകൾ നടത്തി. സമഗ്രമായ അന്വേഷണം സാധ്യമാക്കുന്നതിന് അധികൃതരുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു.
മുംബൈ-ന്യൂയോർക്ക് (JFK) സർവീസ് നടത്തുന്ന AI119 ബോയിംഗ് 777 വിമാനമാണ് പറക്കുന്നതിനിടെ സുരക്ഷാ ഭീഷണി നേരിട്ടതിനെ തുടർന്ന് തിരിച്ചിറക്കിയത്. 303 യാത്രക്കാരും 19 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം അസർബൈജാന് മുകളിലൂടെ പറക്കുന്നതിനിടെയാണ് ടോയ്‍ലറ്റ് അടഞ്ഞതായി കണ്ടെത്തിയതും ഭീഷണി സന്ദേശം ലഭിച്ചതും.
വിമാനത്തിലെ യാത്രക്കാർക്ക് താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്നും പരിശോധനകൾ പൂർത്തിയാക്കി വിമാനം ചൊവ്വാഴ്ച രാവിലെ 5 മണിക്ക് പുറപ്പെടുമെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ പരമാവധി കുറയ്ക്കുന്നതിന് ശ്രമിക്കുന്നുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.
വിമാനത്തിലെ ടോയ്‌ലറ്റ് അടഞ്ഞതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ട് നേരിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.