Kerala
കോഴിക്കോട് കോതിയിലെ മലിനജല സംസ്‌കരണ പ്ലാന്റ്: പ്രതിഷേധം ശക്തമാകുന്നു
നാളെ കോര്‍പ്പറേഷനിലെ മൂന്ന് വാര്‍ഡുകളില്‍ ജനകീയ ഹര്‍ത്താല്‍ നടത്തുമെന്നും സമര സമിതി.
കോഴിക്കോട് | കോഴിക്കോട് കോതിയില്‍ സ്ഥാപിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റിനെതിരായ പ്രതിഷേധം തുടരുന്നു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് സ്ത്രീകള്‍ ഇന്ന് ഉപരോധിക്കുകയാണ്. ഈ റോഡ് വഴിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങളുമായി വാഹനങ്ങള്‍ കടന്നുപോകേണ്ടത്. നാളെ കോര്‍പ്പറേഷനിലെ മൂന്ന് വാര്‍ഡുകളില്‍ ജനകീയ ഹര്‍ത്താല്‍ നടത്തുമെന്നും സമര സമിതി അറിയിച്ചു. കുറ്റിച്ചിറ, മുഖദാര്‍, ചാലപ്പുറം എന്നീ വാര്‍ഡുകളിലാണ് ഹര്‍ത്താല്‍ നടത്തുക.
പദ്ധതി പ്രദേശത്തേക്കുള്ള റോഡ് മരത്തടി കൂട്ടിയിട്ട് തടഞ്ഞിട്ടുണ്ട്. ഇന്നലെ രാവിലെ മാലിന്യ പ്ലാന്റ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഇവിടെ എത്തിയ അധികൃതരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. കോര്‍പറേഷന്‍ ജീവനക്കാര്‍ക്കു പുറമെ തൊഴിലാളികളെയും തടഞ്ഞു. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. ആറ് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള പോലീസ് സേനയാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കാനായി ഉണ്ടായിരുന്നത്.