Kerala
പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടരും; ഉത്തരവ് പിന്‍വലിച്ച് കലക്ടര്‍
വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെയാണ് താത്കാലികമായി ടോള്‍ പിരിവ് നിര്‍ത്താന്‍ ഉത്തരവിട്ടത്

തൃശൂര്‍ | പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടരും. ടോള്‍ പിരിവ് റദ്ദാക്കിയ നടപടി തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പിന്‍വലിച്ചു. നിര്‍മാണം നടക്കുന്ന മേഖലയില്‍ ഗതാഗത ക്രമീകരണത്തിന് നടപടി സ്വീകരിക്കാമെന്ന ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ടോള്‍ പിരിക്കാനുള്ള അനുമതി കലക്ടര്‍ നല്‍കിയത്. ഇന്നലെ രാത്രിയാണ് കലക്ടര്‍ ടോള്‍ പിരിവ് നിര്‍ത്തിവെച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
ദേശീയപാത 544ല്‍ ഇടപ്പള്ളി-മണ്ണുത്തി മേഖലയില്‍ ബ്ലാക്ക് സ്പോട്ട് റെക്ടിഫിക്കേഷന്റെ ഭാഗമായുള്ള അടിപ്പാത-മേല്‍പ്പാലങ്ങളുടെ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ദേശീയപാത ചിറങ്ങര അടിപ്പാത നിര്‍മാണം പുരോഗമിക്കുന്ന സ്ഥലത്തും മറ്റ് ചിലയിടങ്ങളിലുമായിരുന്നു ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്നായിരുന്നു പാലിയേക്കരയിലെ ടോള്‍ പിരിവ് താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ കലക്ടര്‍ ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ ടോള്‍ പിരിവ് റദ്ദാക്കിയ നടപടിക്കെതിരെ ദേശീയപാതാ അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ അപേക്ഷ നല്‍കി.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് നടപടി സ്വീകരിച്ചതായി ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ രേഖാമൂലം കലക്ടറെ അറിയിച്ചു.