Connect with us

From the print

തക്കാളിക്കും ബീൻസിനും 100 കടന്നു; പച്ചക്കറി സംഭരണം പാളി

വിപണിയിൽ ഇടപെടാതെ സർക്കാർ • വരും ദിവസങ്ങളിൽ വില ഇനിയും ഉയർന്നേക്കും

Published

|

Last Updated

കൊച്ചി | സംസ്ഥാനത്തെ പച്ചക്കറി വില അനിയന്ത്രിതമായി വർധിക്കുമ്പോഴും വിപണിയിൽ ഇടപെടാൻ സർക്കാർ ഏജൻസികൾക്ക് കഴിയുന്നില്ല. കൃഷി വകുപ്പിന് കീഴിലുള്ള ഹോർട്ടികോർപ്പിനും പഴം, പച്ചക്കറികൾ എന്നിവ കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് സംഭരിച്ച് ഉപഭോക്താക്കളിലെത്തിക്കാൻ ചുമതലപ്പെട്ട വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിനും പച്ചക്കറി സംഭരിച്ച് വിലക്കുറവിൽ ഉപഭോക്താക്കൾക്കെത്തിച്ച് നൽകാൻ കഴിയുന്നില്ല.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. വരും ദിവസങ്ങളിലും പച്ചക്കറി വില ഉയർന്നേക്കും. പ്രധാന ഇനങ്ങൾ കേരള വിപണിയിലേക്ക് എത്തിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും മഴ തുടങ്ങിയതോടെ സാധനങ്ങൾ കുറച്ചേ എത്തുന്നുള്ളൂവെന്നും ഇതാണ് വിലക്കയറ്റത്തിനു കാരണമെന്നുമാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്.
തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം, ഒട്ടഛത്രം, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തെ പല വിപണികളിലും പച്ചക്കറികൾ എത്തുന്നത്. തക്കാളി, ബീറ്റ്‌റൂട്ട്, കാബേജ്, ഉരുളക്കിഴങ്ങ്, വെള്ളരി, ചേന എന്നിവക്കെല്ലാം ഇന്നലെ മുതൽ വിപണിയിൽ വില കുത്തനെ ഉയർന്നിട്ടുണ്ട്. ബീൻസ്, പാവയ്ക്ക, ഇഞ്ചി തുടങ്ങിയവയുടെ വില 100 കടന്നു. തക്കാളിക്ക് പൊള്ളുന്ന വിലയാണ്. പൊതുവിപണിയിൽ പച്ചക്കറി വില കുറച്ചു നിർത്താനായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് കാർഷികോത്പന്നങ്ങൾ സംഭരിക്കാൻ ഇത്തവണയും ഹോർട്ടികോർപ്പിന് കഴിഞ്ഞിട്ടില്ല.
കേരളത്തിലെ മൂന്നാർ, തമിഴ്‌നാട്ടിലെ തിരുനെൽവേലി, ആന്ധ്രാപ്രദേശ്, മൈസൂരു (കർണാടക) എന്നിവിടങ്ങളിലെ കർഷക ഫെഡറേഷനുകളുമായി സഹകരിച്ച് ഇടനിലക്കാരെ ഒഴിവാക്കി ന്യായവിലക്ക് പച്ചക്കറി സംഭരിക്കാനുള്ള ശ്രമങ്ങൾ മുൻകാലങ്ങളിൽ നടത്തിയിരുന്നു. ഇത്തവണ കാര്യക്ഷമമായി നടത്താനായിട്ടില്ല. സവാള, ചെറിയ ഉള്ളി, നാരങ്ങ, ശീതകാല പച്ചക്കറികൾ, വെണ്ട, അമരക്ക, വെള്ളരി, പയർവർഗങ്ങൾ, പഴവർഗങ്ങൾ തുടങ്ങിയവയെല്ലാമാണ് നേരത്തേ സംഭരിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ ഹോർട്ടി കോർപ് കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് വിൽക്കുന്ന പച്ചക്കറികളുടെ വില ഉയർന്നുതന്നെയാണ് നിൽക്കുന്നത്. 35 രൂപയുണ്ടായിരുന്ന തക്കാളിക്ക് പൊതുവിപണിയിൽ കിലോക്ക് 100 രൂപ നൽകുമ്പോൾ ഹോർട്ടി കോർപ്പിന്റെ ഔട്ട്്ലെറ്റുകളിൽ 110 രൂപ വരെയായിരുന്നു ഇന്നലത്തെ വില.
പച്ചക്കറിയും പഴങ്ങളും ന്യായവിലക്ക് നൽകാനായി വി എഫ് പി സി കെയുടെ നേതൃത്വത്തിൽ ആരംഭിച്ച തളിർ, തളിർ ഗ്രീൻ ഔട്ട്്ലെറ്റുകളിൽ മിക്കതും ഇപ്പോഴും തുറന്നിട്ടില്ല. കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച പഴം, പച്ചക്കറികൾ തളിർ എന്ന ബ്രാൻഡിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന പദ്ധതിയും പാളി.
റീബിൽഡ് കേരള വഴി കോടികൾ ചെലവിട്ട പദ്ധതികളാണ് എങ്ങുമെത്താതെ പോയത്. വിവിധ ജില്ലകളിലായി നൂറിൽ താഴെ വിപണന കേന്ദ്രങ്ങളാണ് ആരംഭിച്ചിരുന്നത്. തളിർ, തളിർ ഗ്രീൻ എന്നീ രണ്ട് പേരുകളിൽ ഔട്ട്‌ലെറ്റുകൾ ഉദ്ഘാടനം ചെയ്യപ്പെട്ടെങ്കിലും മാസങ്ങൾ മാത്രമേ ഇവക്ക് ആയുസ്സുണ്ടായുള്ളൂ. നേരത്തേ വിലക്കയറ്റത്തിന് കടിഞ്ഞാണിടാനുള്ള നടപടികളുടെ ഭാഗമായി ഒരുക്കിയിരുന്ന തക്കാളി വണ്ടിയും ഇക്കുറി വി എഫ് പി സി കെക്ക് സജ്ജമാക്കാനായിട്ടില്ല.

Latest