Kasargod
റെഡ് അലർട്ട്: കാസർകോട് ജില്ലയിൽ നാളെ അവധി; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും
ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്.
കാസർകോട് | ജില്ലയിൽ നാളെ (ഡിസംബർ 3) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു.
ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്നും നാളെയും (ഡിസംബർ 2 3)റ അതിശക്തമായ മഴയുടെ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ ഈ ദിവസങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. തീരദേശങ്ങളിലും മലയോരങ്ങളിലും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ മീൻപിടുത്തത്തിന് പോകാൻ പാടുള്ളതല്ല. ജില്ലയിൽ ക്വാറികളിലെ ഖനനവും രണ്ടുദിവസത്തേക്ക് നിർത്തിവെക്കേണ്ടതാണ്.
നിർമ്മാണ പ്രവർത്തനങ്ങളോ അറ്റകുറ്റപ്പണികളോ നടക്കുന്ന ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡുകൾ എന്നിവിടങ്ങളിൽ സുരക്ഷ ബോർഡുകൾ യാത്രക്കാർക്ക് കാണുന്ന തരത്തിൽ ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് നിർദ്ദേശം നൽകി.
റോഡുകളിൽ കുഴികളോ മറ്റ് അപകട സാധ്യതകളോ ഉള്ള ഇടങ്ങളിൽ അടിയന്തരമായി അപകട സാധ്യത ലഘുകരിക്കാൻ വേണ്ട ഇടപെടൽ നടത്തും.