Gulf
ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍, ഒമാനില്‍ ശനിയാഴ്ച
വ്യാഴാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു
ദുബൈ | മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് നാളെ പെരുന്നാള്‍. അതേസമയം ശവ്വാല്‍ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി ഈദുല്‍ ഫിത്വര്‍ ശവ്വാല്‍ ഒന്ന് ശനിയാഴ്ച ആയിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. കേരളത്തിലും ശനിയാഴ്ചയാണ് ഈദ്.
വ്യാഴാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കാനും ചെയ്തുപോയ പാപങ്ങള്‍ കഴുകിക്കളയാനും നാഥനിലേക്ക് കരങ്ങള്‍ നീട്ടി പ്രാര്‍ത്ഥനയുമായി കഴിഞ്ഞ വിശുദ്ധ ദിവസങ്ങള്‍ക്ക് പരിസമാപ്തിയായാണ് ഈദ് ആഘോഷിക്കുന്നത്. ചൈതന്യധന്യമായ സാംസ്‌കാരിക പ്രവര്‍ത്തനം കൂടിയായിരുന്നു വിശുദ്ധ റമസാന്‍. അടുത്ത റമസാന്‍ വരെ നീളുന്ന ആത്മശുദ്ധിയുടെ നീണ്ട പോരാട്ടത്തിനുള്ള പരിശ്രമം കൂടിയാണെന്ന തിരിച്ചറിവോടെയാണ് വിശ്വാസികള്‍ റമസാന് വിട ചൊല്ലുന്നത്. മറ്റുള്ളവരിലേക്ക് സ്‌നേഹത്തിന്റെ നീരുറവ എന്നും പ്രവഹിപ്പിക്കുന്ന ആഘോഷത്തിലേക്ക് വിശ്വാസികള്‍ കടക്കും