Uae
ദുബൈ മെട്രോക്ക് നാളെ 15-ാം വാര്‍ഷികം
ഈ വര്‍ഷം ആദ്യം, സ്റ്റേഷനുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ വെളിപ്പെടുത്തിയിരുന്നു. 2030-ഓടെ സ്റ്റേഷനുകളുടെ എണ്ണം 96 ആയും 2040-ഓടെ 140 ആയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ദുബൈ | ദുബൈ ഗതാഗതത്തിന്റെ ജീവനാഡിയായ മെട്രോക്ക് നാളെ 15-ാം വാര്‍ഷികം. 2009 സെപ്തംബര്‍ ഒമ്പതിന് ആരംഭിച്ച മെട്രോ റെയില്‍ സംവിധാനം ദുബൈ സമ്പദ് വ്യവസ്ഥക്കും വലിയ സംഭാവന അര്‍പ്പിച്ചു. നഗരത്തിലുടനീളമുള്ള നിവാസികളില്‍ വലിയൊരു ഭാഗം 15 വര്‍ഷമായി ഈ ഐതിഹാസിക ഗതാഗത രീതി ജീവിതചര്യയുടെ ഭാഗമാക്കി.
യാത്രക്കാരുടെ ഒരു ലൈഫ്‌ലൈനായി മെട്രോ വളര്‍ന്നു. ഗതാഗതത്തില്‍ സൗകര്യവും ഫലപ്രാപ്തിയും കൂടുതലാണ്. സുസ്ഥിര ബദലും നടപ്പായി. പ്രൊഫഷണലുകള്‍ മുതല്‍ വിനോദസഞ്ചാരികള്‍ വരെ യാത്ര ചെയ്യാന്‍ മെട്രോയെ ആശ്രയിക്കുന്നു. വിദ്യാര്‍ഥികള്‍ക്കും ഇത് ഗുണകരമായി.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് മെട്രോ ആശയം നടപ്പാക്കിയത്. 2009 സെപ്തംബര്‍ ഒമ്പതിന് രാത്രി ഒമ്പത് കഴിഞ്ഞ് ഒമ്പത് മിനുട്ട് ഒമ്പത് സെക്കന്‍ഡില്‍ ശൈഖ് മുഹമ്മദ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇത്തരമൊരു മഹത്തായ പദ്ധതിക്ക് തുടക്കം കുറിക്കേണ്ട സമയമായിരുന്നു അത്. ദുബൈയും ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലായിരുന്നു. വിപണികള്‍ അനിശ്ചിതത്വത്തില്‍ മുങ്ങിയിരുന്നു. നിര്‍മാണ പദ്ധതികള്‍ നിലച്ചു. എന്നിരുന്നാലും, വെല്ലുവിളികള്‍ക്കിടയിലും പദ്ധതി ആസൂത്രണം ചെയ്ത് വിപുലീകരിച്ചു.
തുടക്കത്തില്‍, ചുകപ്പ് പാതയിലെ പത്ത് സ്റ്റേഷനുകള്‍ മാത്രമാണ് തുറന്നത്. ബാക്കിയുള്ള 19 എണ്ണത്തിന്റെ നിര്‍മാണം 2010 ഏപ്രിലില്‍ പൂര്‍ത്തിയായി. അടുത്ത വര്‍ഷം മുഴുവന്‍ മറ്റു ചില സ്റ്റേഷനുകളും. ചുകപ്പ് പാതയുടെ അവസാന സ്റ്റോപ്പായ ജബല്‍ അലി സ്റ്റേഷന്‍ 2011 മാര്‍ച്ചില്‍ തുറന്നു. ചുകപ്പ് പാത അല്‍ റാശിദിയയില്‍ നിന്ന് ജബല്‍ അലി ഫ്രീ സോണിലേക്ക് പോകുമ്പോള്‍, പച്ചപ്പാത അല്‍ ഖിസൈസ് 2-നെ അല്‍ ജദ്ദാഫുമായി ബന്ധിപ്പിക്കുന്നു. 2011 സെപ്തംബര്‍ ഒമ്പതിനാണ് പച്ചപ്പാത ആരംഭിച്ചത്. അവ ആരംഭിച്ചതിനു ശേഷം രണ്ട് ലൈനുകളും നീട്ടിയിട്ടുണ്ട്. എക്‌സ്‌പോ 2020 ദുബൈക്ക് ഒരു പ്രധാന വിപുലീകരണം നടന്നു. എക്‌സ്‌പോ 2020 സൈറ്റുമായി ബന്ധിപ്പിക്കുന്നതിന് ചുകപ്പ് പാത 15 കി. മീ. വര്‍ധിപ്പിച്ചു.
പച്ചപ്പാത തുറക്കുകയും കൂടുതല്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്തതോടെ മെട്രോയുടെ ഉപയോഗം ഗണ്യമായി വര്‍ധിച്ചു. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2022-ല്‍ 22.5 കോടിയിലധികം യാത്രകള്‍ നടന്നു. ജുമൈറയില്‍ ദുബൈ ട്രാം മെട്രോയുമായി ബന്ധിപ്പിക്കുന്നു. മെട്രോയില്‍ ഇപ്പോള്‍ 55 സ്റ്റേഷനുകളാണുള്ളത്. ചുകപ്പില്‍ 35 സ്റ്റേഷനുകള്‍. മറീനയെ പാം ജുമൈറയുമായി ബന്ധിപ്പിക്കുന്ന അല്‍ സുഫൂഹ് റോഡിലൂടെയും കടന്നുപോകുന്നു. ഡി എം സി സി, ശോഭ റിയാലിറ്റി സ്റ്റേഷനുകള്‍ വഴി ട്രാം സംവിധാനം ബന്ധിപ്പിച്ചിരിക്കുന്നു.
ദുബൈ മെട്രോക്ക് സുപ്രധാന വികസന പദ്ധതികളുണ്ട്. ഈ വര്‍ഷം ആദ്യം, സ്റ്റേഷനുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ വെളിപ്പെടുത്തിയിരുന്നു. 2030-ഓടെ സ്റ്റേഷനുകളുടെ എണ്ണം 96 ആയും 2040-ഓടെ 140 ആയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നീല പാത യാഥാര്‍ഥ്യമാകും. ദുബൈ 2040 അര്‍ബന്‍ പദ്ധതിയുടെ ഭാഗമായാണ് ഈ വിപുലീകരണം. യു എ ഇയുടെ ഇത്തിഹാദ് റയിലുമായി ബന്ധിപ്പിക്കുകയും ചെയ്യും.