Connect with us

Kerala

വിരലിനു പകരം നാവിന് ശസ്ത്രക്രിയ; കുട്ടിയുടെ കുടുംബം പറയുന്നതില്‍ കഴമ്പുണ്ടെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് അടുത്ത ദിവസം ചോദ്യംചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കും.

Published

|

Last Updated

കോഴിക്കോട്  | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിരലിനു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കുട്ടിയുടെ കുടുംബം പറയുന്നതില്‍ കഴമ്പുണ്ടെന്ന് പോലീസ്. നാലു വയസ്സുകാരിക്ക് വിരലിനു നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ നാവിന് നടത്തിയതില്‍
ചികിത്സാ വീഴ്ചയുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

നാവിന്റെ ചികിത്സക്കല്ല, കുട്ടിയുമായി കുടുംബം ആശുപത്രിയില്‍ എത്തിയതെന്നും നാക്കിന് കുഴപ്പമുണ്ടായിരുന്നുവെന്ന് ഒരു ചികിത്സാ രേഖയിലും കണ്ടെത്താനായിട്ടില്ലെന്നുമാണ് അന്വേഷണസംഘം പറയുന്നത്.

അതിനിടെ, കുട്ടിയെ പരിശോധിച്ച മറ്റ് ഡോക്ടര്‍മാരില്‍ നിന്നും, ശസ്ത്രക്രിയ നടക്കുമ്പോള്‍ ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാരില്‍ നിന്നും മറ്റും പോലീസ് മൊഴിയെടുത്തു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് അടുത്ത ദിവസം ചോദ്യംചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കും.

ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഇതും അന്വേഷണ സംഘം പരിശോധിക്കും.
കൈപ്പത്തിയിലെ ആറാം വിരല്‍ നീക്കം ചെയ്യാന്‍ എത്തിയ കുട്ടിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. ചെറുവണ്ണൂര്‍ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സാ പിഴവിന് ഇരയായത്. സംഭവത്തില്‍ ഡോക്ടറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചികിത്സാ വീഴ്ചയില്‍ അടിയന്തരാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.