Books
ഇന്നു രാത്രി പതിനൊന്നിന്
ലോക പുസ്തക ദിനത്തിൽ വിഎസ് അജിത്തിന്റെ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ഇന്നു രാത്രി പതിനൊന്നിന്’എന്ന കഥാസമാഹാരത്തെ പരിചയപ്പെടുത്തി യുവ എഴുത്തുകാരൻ റിഹാൻ റാഷിദ്
വിഎസ് അജിത്തിന്റെ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ഇന്നു രാത്രി പതിനൊന്നിന്’എന്ന കഥാസമാഹാരത്തിൽ പത്തൊമ്പതു കഥകളാണുള്ളത്. തന്റേതായ ഒരു കഥാലോകം സൃഷ്ടിച്ചുള്ള അദ്ദേഹത്തിന്റെ എഴുത്തിൽ ആക്ഷേപഹാസ്യത്തിന്റെയും ബ്ലാക് ഹ്യൂമറിന്റെയും സാധ്യകൾ മികച്ച രീതിയിൽ ഉൾച്ചേർത്തിട്ടുണ്ട്. സ്ത്രീകളെക്കുറിച്ച് ഏറ്റവും ആഴത്തിൽ എഴുതാൻ സ്ത്രീയ്ക് മാത്രമാണ് കഴിയൂവെന്നു പലപ്പോഴും പറയാറുണ്ട്. എന്നാൽ ഈ കഥാസമാഹാരത്തിൽ കഥാകൃത്ത് ആ അഭിപ്രായത്തെ പുനർചിന്തനം നടത്താൻ പ്രേരിപ്പിക്കുന്നുണ്ട്.
പാരമ്പര്യ സാഹീതിയ ഭാഷയോ കഥാപാത്രങ്ങളുടെ മാനസികനിലകളെ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ഭാഷാഗിമ്മിക്കുകളോയൊന്നും തന്നെ അജിത് വിഎസ് ഇതിൽ ചെയ്യുന്നില്ല. മറിച്ച്, തിരുവനന്തപുരത്തെ ലോക്കൽഡയലക്ടിലാണ് കഥ പറയുന്നത്.(ഈയൊരു ഡയലക്ടിൽ അതിഗംഭീരമായി എഴുതിയെന്നു തന്നെ പറയാൻ പറ്റുന്നത് ഇന്ദ്രൻസ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതുന്ന ആത്മകഥയാണ്) ഇന്ദുഗോപൻ ചേട്ടനും വി ഷിനിലാലും ഈയൊരു ഡയലക്ട് ഉപയോഗപ്പെടുത്തുന്നത് മറന്നതല്ല. മറിച്ച് ഈയൊരു സമാഹാരത്തിൽ കഥാപാശ്ചാത്തലത്തിന് പ്രാദേശികഭാഷയെ സൂക്ഷ്മപ്രകാരം തന്നെ കഥാകൃത്ത് ഉപയോഗിച്ചെന്നു സൂചിപ്പിക്കുകയാണ്.
അനുപമയുടെ മുയൽക്കടുവ എന്ന കഥയിൽ അമ്മയും മകളും തമ്മിലുള്ള ഒരു ഫോൺസംഭാഷണത്തിൽ ഇന്നത്തെ ഇന്ത്യൻ അവസ്ഥയിലെ വിദ്വേഷങ്ങൾ മുയൽക്കടുവയേയും എരുമവ്യാളിയേയും ഉപയോഗിച്ച് സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്- “ഇവിടെ ആകെ പ്രശ്നമാടീ. മുയൽക്കടുവയുടേം എരുമവ്യാളിയുടേയും പേരിൽ നാട്ടുകാര് രണ്ടായി തിരിഞ്ഞ അടി നടക്കുവാ. മൂന്നു വീടിന് തീയിട്ടു. രണ്ടു മനുഷ്യരെ കൊന്നു”(പേജ് നമ്പർ 25).
മറ്റൊന്ന് കഥകളുടെ തലക്കെട്ടുകളാണ്. ‘ആറ്റിറ്റ്യൂഡോഫ് ഗ്രാറ്റിറ്റ്യൂഡ്, ആനന്ദക്കൂത്ത് കണ്ടാടു പാമ്പേ, അരുന്ധതിയുടെ ആദ്യത്തെ ഓർഗാസം’ എന്നിവ അതിനൊരുദാഹരമാണ്. ഇതിനൊന്നും തന്നെ ഒറ്റനോട്ടത്തിൽ അതിശയപ്പെടുന്ന കഥാതന്തുവില്ലെന്നു തോന്നുമെങ്കിലും ഈയൊരു ‘ഈസിനെസി’ൽ നിന്നും കഥകൾ ഉണ്ടാക്കുന്നതിലാണ് എഴുത്തുകാരൻ തന്റെ ക്രാഫ്റ്റ് പ്രകടിപ്പിക്കുന്നത്.
ഏതൊരു മനുഷ്യനും സാധാരണമായി കാണുന്ന കാഴ്ചകളിൽ നിന്നും അനുഭവിക്കുന്ന അനുഭവങ്ങളിൽ നിന്നും കഥ കണ്ടെടുത്ത്, അതിലേക്ക് ഭാവനയും ഫാന്റസിയോടു ചേർന്നു നിൽക്കുന്നതെന്നു കരുതാവുന്ന കൂട്ടുകളും ഉപയോഗപ്പെടുത്തുമ്പോൾ അതൊരു അസാധാരാണ സംഭവമാണെന്ന തോന്നലുണ്ടാക്കുന്നതിൽ എഴുത്തുകാരൻ വിജയിച്ചിട്ടുണ്ട്.
“ഷിങ് ഹോയ്” എന്ന പേരിട്ട് നോവലെറ്റെന്നു പറയാൻ പറ്റുന്ന കഥയിൽ പ്രവാസത്തിന്റെ മറ്റൊരു അനുഭവാഖ്യാനമുണ്ട്. അപ്പർക്ലാസ് മനുഷ്യരുടെ ജീവിതമെന്നു പറയാൻ സാധിക്കുന്നൊരു കഥ. അതിൽ തന്നെ കഥാകാരന്റെ സ്വയാനുഭവത്തെ കഥയിലേക്ക് ഡൈവേർട്ട് ചെയ്തുവെന്ന് വിശ്വസിക്കാനാണ് താതപര്യപ്പെടുന്നത്.
പരസ്പരം പരിചയപ്പെടുന്ന രണ്ടു പേർ ആദ്യം ചോദിക്കുന്ന ചോദ്യത്തെ മലയാളിയാണെങ്കിൽ “എന്താ ജോലി” എന്ന ചോദ്യത്തിലൂടെയാവും തുടങ്ങുകയെന്നും “മരുന്നു കച്ചവടം” എന്നു കേൾക്കുമ്പോൾ നെറ്റി ചുളിക്കുമെന്നും പിഎസീ എഴുതാത്തതെന്തെന്നാവും അടുത്ത ചോദ്യമെന്നതിലൂടെ എഴുത്തുകാരൻ തെക്കൻ ജില്ലകളിളെ ഒരുവിധം യുവതീ-യുവാക്കൾ നേരിടുന്ന ചോദ്യത്തെ രസകരമായി പ്ലേസ് ചെയ്യുന്നു. (ഇനിയതേ ചോദ്യം മലബാറിലോ വടക്കൻ ജില്ലകളിലോയാണേല് ഗൾഫിലേക്കൊന്നും നോക്കുന്നില്ലേ എന്നാവും!)
അന്യന്റെ ശബ്ദം സംഗീതം പോലെ കേൾക്കണമെന്നോക്കെ പറയാമെങ്കിലും ഇമ്മാതിരി ചോദ്യം കേൾക്കുമ്പോൾ അതൊന്നും നടപടിയാവുകയുമില്ല.
വാംപയറും മാലാഖയും എന്ന കഥയിൽ സോഷ്യൽമീഡിയകളിലെ ഒളിഞ്ഞുനോട്ടക്കാർക്കിട്ട് നന്നായി കൊട്ടുന്നുണ്ട്. ‘സമാനഹൃദയ, നിനക്കായ് പാടുന്നതെന്ത്’എന്ന കഥയിൽ തന്നെയും സാഹിത്യകാരന്മാരേയും ട്രോളുന്നത് ഇപ്രകാരമാണ്; “സാഹിത്യറെയിലിൽക്കയറി അനുസ്യൂതം ലോക്കോമോട്ടീവ് ഓടിക്കാൻ പ്രാപ്തനാവുമെങ്കിൽ എന്നെങ്കിലുമൊരിക്കൽ ഏതെങ്കിലും സാഹിത്യസമ്മേളനത്തിൽ വീണ്ടും കാണാമെന്നും അതുവരെ തന്നെ അന്വേഷിക്കരുതെന്നും അവൾ പറഞ്ഞു”(പേജ് 93).
ഇതൊക്കെയാണെങ്കിലും ചില സ്ഥലങ്ങളിൽ എഴുത്തുകാരൻ ഉപയോഗിച്ച ഉപമകളോട് യാതൊരുവിധത്തിലും യോജിക്കുന്നില്ല. പ്രത്യേകിച്ച് നമ്മൾ ജീവിക്കുന്ന പുതിയ കാലത്ത് റേസിസത്തേയും മറ്റ് അമാനവികതകളേയും ഏറ്റവും ശക്തിയുക്തമായി എതിർക്കേണ്ടതുണ്ട്. “അർജുന രണതുംഗയ്ക്ക് വിജയ് മല്യയിൽ ജനിച്ചതുപോലൊരു സാധനം” ഈയൊരു പ്രയോഗം കഥയിൽ ഇല്ലായിരുന്നവെങ്കിൽ പോലും കഥയ്ക്ക് യാതൊന്നും സംഭവിക്കുകയില്ല.
എഴുത്തുകാരി/കാരൻ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റണ്ടതുണ്ടെന്ന ബോധ്യത്തിന്റെ പുറത്താണ് ടി വിയോജിപ്പ് രേഖപ്പെടുത്തുന്നത്. ഇങ്ങനെ ചില കാര്യങ്ങൾ മാറ്റി നിർത്തിയാൽ മടുപ്പില്ലാതെ മനോഹരമായി വായിച്ചു പോവാൻ കഴിയുന്ന പുസ്തകമാണ് ‘ഇന്നു രാത്രി പതിനൊന്നിന്’.
ഒരൊറ്റ പുസ്തകം പോലും വായിക്കാത്തവരുടെ ജീവിതത്തിലും എന്നെങ്കിലുമൊരിക്കൽ ഏതെങ്കിലും ഒരെഴുത്തുകാരൻ എഴുതിയൊരു വാക്ക് ഉപയോഗപ്പെടുമെന്ന് ഉറപ്പാണ്.
കാരണം, നൂറ്റിക്കണക്കിനു കോടി മനുഷ്യരുടെ ജീവിതങ്ങളിൽ നിന്നാണ് കഥകളുണ്ടാവുന്നത്. ജീവിതത്തിന്റെ ഏതെങ്കിലുമൊരുഘട്ടത്തിൽ എല്ലാ മനുഷ്യരും ഒരു കഥയാണ്. ചിലരത് സ്വയം എഴുതുന്നു.മറ്റ് ചിലതാവട്ടെ, ലോകത്തിന്റെ ഏതോയൊരു കോണിലിരുന്ന് മറ്റൊരാൾ എഴുതുന്നു.എഴുത്തിന്റെ ഏറ്റവും മനോഹരമായ മാജിക് എന്നു പറയുന്നതും ഇതു തന്നെയാവും. ഏവർക്കും ലോകപുസ്തകദിനാശംസകൾ നേരുന്നു.