Connect with us

Health

ഉപ്പ് കൂടിയാൽ പൊല്ലാപ്പാകും...

നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കുന്ന കിഡ്നിക്ക് അതിനുള്ള കഴിവ് നഷ്ടപ്പെടാന്‍ കാരണം പലപ്പോഴും ഉപ്പിന്റെ അമിതോപയോഗമാണ്

Published

|

Last Updated

പാചകത്തിന്റെ കാര്യത്തിൽ ഒട്ടും ഒഴിവാക്കാൻ കഴിയാത്ത ഒരു ഘടകമാണ് ഉപ്പ്. ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്നത് നമ്മൾ സാമാന്യമായി ഉപയോഗിക്കാറുള്ള ഒരു പ്രയോഗം കൂടിയാണ്. എന്നാൽ ശരീരത്തിൽ ഉപ്പിന്റെ അംശമേറിയാൽ അത് വലിയ പൊല്ലാപ്പാകും എന്ന കാര്യം അറിയാമോ? നീയില്ലെങ്കിൽ എന്റെ ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണെന്ന് പറയാറുള്ള നമ്മൾക്ക് ഭക്ഷണത്തിൽ ഒപ്പില്ലാത്തതിനെ കുറിച്ച് ചിന്തിക്കാൻ തന്നെ പറ്റില്ല. എന്നാല്‍ ഉപ്പിന്റെ അളവ് കൂടുമ്പോൾ അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

പലപ്പോഴും പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണം ഉപ്പ് തന്നെയാണ്. അമിത രക്തസമ്മര്‍ദ്ദമാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്‌നം. ഇതല്ലാതെ തന്നെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതിലൂടെ ഉണ്ടാവുന്നു. ഉപ്പിന്റെ ഉപയോഗം കൂടുമ്പോൾ അത് ക്യാന്‍സറിനും മറ്റ് ആരോഗ്യ പ്രതിസന്ധികള്‍ക്കും കാരണമാകുന്നു. ഇത് കൂടാതെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാവുന്നു.

പക്ഷാഘാതം

ഇന്ന് ലോകത്ത് അധികം ആളുകൾക്കും ഉണ്ടാകുന്ന പ്രശ്നമാണ് പക്ഷാഘാതം. പക്ഷാഘാതത്തിന്റെ പ്രധാന കാരണവും പലപ്പോഴും ഉപ്പിന്റെ അമിതോപയോഗം തന്നെയാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് പലപ്പോഴും ഉപ്പിന്റെ ഉപയോഗം കുറക്കുക എന്നത് തന്നെയാണ്.ശരീരത്തില്‍ സോഡിയത്തിന്റെ ഉപയോഗം വല്ലാതെ വര്‍ദ്ധിച്ചാല്‍ അത് പലപ്പോഴും പക്ഷാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഇത് ശരീരം മുഴുവനായി തളരുന്നതിനോ മരണത്തിലേക്കോ നയിക്കുന്നു.

വൃക്കകൾക്ക് തകരാർ ഉണ്ടാക്കുന്നു

വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പലപ്പോഴും ഉപ്പ് ഒരു വെല്ലുവിളി തന്നെയാണ്. അതിന് പരിഹാരം കാണാന്‍ ആകെയുള്ള മാര്‍ഗ്ഗം എന്ന് പറയുന്നത് ഉപ്പിന്റെ ഉപയോഗം കുറക്കുക എന്നത് തന്നെയാണ്.നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കുന്ന കിഡ്നിക്ക് അതിനുള്ള കഴിവ് നഷ്ടപ്പെടാന്‍ കാരണം പലപ്പോഴും ഉപ്പിന്റെ അമിതോപയോഗമാണ്.

ഉയർന്ന രക്തസമ്മർദ്ദം

രക്തസമ്മര്‍ദ്ദവും ഉപ്പിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. ഇതില്‍ ഉപ്പിന്റെ ഉപയോഗത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. അതുകൊണ്ട്തന്നെ രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കാന്‍ ഉപ്പിന്റെ ഉപയോഗം ശ്രദ്ധിക്കണം. സോഡിയത്തിന്റെ അളവ് ഉപ്പില്‍ വര്‍ദ്ധിക്കുന്നത് പോലെ തന്നെ ബിപിയുടെ അളവ് ശരീരത്തില്‍ കൂടിക്കൊണ്ടിരിക്കും. ഇത് ഹൃദയാഘാത സാധ്യത ഇരട്ടിയാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഹൃദയത്തെ തകരാറിലാക്കും

ഉപ്പിന്റെ അമിത ഉപയോഗം ഹൃദയത്തെയും വലിയ അളവിൽ ബാധിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സോഡിയത്തിന്റെ ഉപയോഗവും അതിന്റെ ഫലവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ വിവിധ രാജ്യങ്ങളിലായി നടന്നിട്ടുണ്ട്. ‘ദി ലാൻസെറ്റി’ൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, സോഡിയം കഴിക്കുന്നത് കുറയ്ക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള രോഗികളിൽ ഹൃദയ സ്തംഭനത്തിന്റെ സാധ്യത കുറക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഹൃദയവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും സോഡിയം സാധാരണ അളവിൽ നില നിർത്തുക വഴി മാറുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന ക്ഷീണം, ചുമ, തുടങ്ങിയവ എല്ലാം ലഘൂകരിക്കാൻ സോഡിയത്തിന്റെ മിതമായ അളവ് സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.

ഈ നാല് അസുഖങ്ങളെ കൂടാതെ മറ്റ് നിരവധി അസുഖങ്ങൾക്കും ഉപ്പ് കാരണക്കാരനായേക്കാം എന്നതാണ് സത്യം. അതുകൊണ്ട് ഇനി ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണെന്ന് പറയുന്നത് പോസിറ്റീവ് ആയി സ്വീകരിച്ചോളൂ.

Latest