Connect with us

Business

യു എ ഇ യിലെ മികച്ച ബ്രാന്‍ഡുകള്‍; എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഐക്കിയ, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മുന്നില്‍

ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന ഏറ്റവും മികച്ച സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് 2022 ലെ യു എ ഇയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

Published

|

Last Updated

അബൂദബി | യു എ ഇയിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ പട്ടിക പ്രമുഖ ഓഡിറ്റ് സ്ഥാപനമായ കെ പി എം ജി പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന ഏറ്റവും മികച്ച സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് 2022 ലെ യു എ ഇയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കിയത്. യു എ ഇയില്‍ വസിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 89,000ത്തി ലധികം ആളുകളുടെ അഭിപ്രായവും ഇതില്‍ നിര്‍ണായകമായി.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിമാന കമ്പനികളിലൊന്നായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, സ്വീഡന്‍ ആസ്ഥാനമായ ഫര്‍ണിച്ചര്‍ റീട്ടെയിലറായ ഐക്കിയ, ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു എന്നിവയാണ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥാപനങ്ങള്‍.

എത്തിഹാദ് എയര്‍വേയ്‌സ്, ആമസോണ്‍, വോക്‌സ് സിനിമാസ്, അബൂദബി കൊമേഴ്‌സ്യല്‍ ബേങ്ക് തുടങ്ങിയ സ്ഥാപനങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്

ഡിജിറ്റല്‍ രംഗത്തെ സേവനങ്ങളും നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചതും ആകര്‍ഷകവുമായ ഓഫറുകള്‍ നല്‍കുവാനുള്ള പ്രാപ്തിയും ഉപഭോക്താക്കളുമായുള്ള ഇടപെടലുകളും മൂന്ന് സ്ഥാപനങ്ങള്‍ക്കും പട്ടികയുടെ മുമ്പന്തിയില്‍ എത്താന്‍ സഹായകരമായി.

ഒന്നിലധികം മേഖലകളില്‍ നല്‍കുന്ന വിവിധ സേവനങ്ങളെയും മറ്റ് സൗകര്യങ്ങളെയും ഉപഭോക്താക്കള്‍ ഏറെ വിലമതിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലെന്ന് കെ പി എം ജി ലോവര്‍ ഗള്‍ഫ് മേധാവി ഗോണ്‍കാളോ ട്രാക്വീന അഭിപ്രായപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജനസ് ഉള്‍പ്പെടെ ഇന്ന് ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളും സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വിപണിയിലെ മത്സരങ്ങള്‍ സ്ഥാപനങ്ങളെ കൂടുതല്‍ മേന്മയുള്ളതാക്കി മാറ്റുവാന്‍ പ്രേരിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 247 ഹൈപ്പര്‍ മാര്‍ക്കറ്റുകളുള്ള ലുലു ഗ്രൂപ്പില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 65,000 പരം ആളുകളാണ് ജോലി ചെയ്യുന്നത്. യു എസ്, ബ്രിട്ടണ്‍, ഇറ്റലി, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈന്‍സ്, തായ്ലന്‍ഡ്, ശ്രീലങ്ക ഉള്‍പ്പെടെ 23 രാജ്യങ്ങളില്‍ ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളും ലുലു ഗ്രൂപ്പിനുണ്ട്. അടുത്ത് തന്നെ ആസ്‌ത്രേലിയയിലെ മെല്‍ബണിലും പുതിയ ലോജിസ്റ്റിക്‌സ് കേന്ദ്രം ലുലു തുടങ്ങുന്നുണ്ട്.

യു എ ഇയിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ പട്ടികയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും ഉള്‍പ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ലോകത്തിലെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ നല്‍കുക എന്നതാണ് ഗ്രൂപ്പിന്റെ മുഖ്യലക്ഷ്യം.

മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തിന്റെ സഹകരണത്തില്‍ എന്നും നന്ദിയുള്ളവരാണ്. യു എ ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍ നല്‍കി വരുന്ന പിന്തുണ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണെന്നും യൂസഫലി പറഞ്ഞു.

 

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി