Kerala
മര്‍ദ്ദനം മറച്ചുവച്ചു; മരിച്ച സജിക്ക് ശരിയായ ചികിത്സ നിഷേധിച്ചതായി സംശയം
കല്ലറ തുറന്ന് പുറത്തെടുത്ത സജിയുടെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് രാവിലെ പോസ്റ്റ് മോര്‍ട്ടം നടത്തും
ആലപ്പുഴ | ഭര്‍ത്താവ് മാരകമായി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നു മരിച്ചതായി പരാതി ഉയര്‍ന്ന ചേര്‍ത്തലയിലെ വീട്ടമ്മ സജിക്ക് ശരിയായ ചികിത്സ ലഭിച്ചിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കും.
വീട്ടിലെ സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്ക് പറ്റി എന്നാണ് ഭര്‍ത്താവ് സോണി ഡോക്ടര്‍ മാരോട് പറഞ്ഞത്. യാഥാര്‍ഥ്യം ഡോക്ടര്‍മാരോട് പറയാത്തത് ചികിത്സയെ ബാധിച്ചു എന്നാണ് പോലീസ് സംശയിക്കുന്നത്. സജിയുടെ ദുരൂഹ മരണത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കല്ലറ തുറന്ന് പുറത്തെടുത്ത സജിയുടെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് രാവിലെ പോസ്റ്റ് മോര്‍ട്ടം നടത്തും. പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും കൊലപാതക കുറ്റം ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമത്തുന്നതിനു പോലീസ് നടപടികള്‍ സ്വീകരിക്കുക.
ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനായി മുഴുവന്‍ സമയവും ഭര്‍ത്താവ് സോണി ഉണ്ടായിരുന്നു. അച്ഛന്‍ അമ്മയുടെ തല പലതവണ ഭിത്തിയില്‍ ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന മകളുടെ വെളിപ്പെടുത്തല്‍ ആണ് മരണത്തില്‍ വഴിത്തിരിവായത്. മകളുടെ പരാതിയിലാണ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ജനുവരി എട്ടിന് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജി ഞായറാഴ്ചയാണ് മരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് മകള്‍ അച്ഛനെതിരെ പരാതി നല്‍കിയത്. ഭര്‍ത്താവായ സോണിയുടെ സ്ത്രീ സൗഹൃദങ്ങള്‍ സജി ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് മകള്‍ പരാതിയില്‍ പറയുന്നത്.