International
തോഷഖാന കേസ്: ഇമ്രാന്‍ ഖാനെ തടവിനു ശിക്ഷിച്ച വിധി ഹൈക്കോടതി മരവിപ്പിച്ചു
ഇമ്രാന്‍ ഖാനെ ജാമ്യത്തില്‍ വിടാനും ഹൈക്കോടതി ഉത്തരവിട്ടു.
ഇസ്ലാമാബാദ് | തോഷഖാന അഴിമതി കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന് ആശ്വാസം. ഇമ്രാനെ മൂന്നുവര്‍ഷം തടവിനു ശിക്ഷിച്ച വിചാരണ കോടതി വിധി ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. തടവില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെ ജാമ്യത്തില്‍ വിടാനും ഹൈക്കോടതി ഉത്തരവിട്ടു.
ഇതോടെ ഇമ്രാന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അയോഗ്യത നീങ്ങി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമിര്‍ ഫാറൂഖും ജസ്റ്റിസ് താരിഖ് മെഹമൂദ് ജഹാംഗിരിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ആഗസ്റ്റ് അഞ്ചിനാണ് 70കാരനായ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ തലവനായ ഇമ്രാന്‍ ഖാനെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചു കൊണ്ട് ഇസ്ലാമാബാദിലെ വിചാരണ കോടതി ഉത്തരവിട്ടത്. 2018-2022ലെ ഭരണകാലത്ത് തനിക്കും കുടുംബത്തിനും രാജ്യം നല്‍കിയ പുരസ്‌കാരങ്ങള്‍ നിയമവിരുദ്ധമായി വിറ്റുവെന്നതാണ് ഇമ്രാന്‍ ഖാനെതിരെ ആരോപിക്കപ്പെട്ട കുറ്റം. അഞ്ചു വര്‍ഷത്തേക്ക് ഇമ്രാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് വിലക്കിയ കോടതി വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ തടഞ്ഞു.