From the print
ചൈനയോടും ഇറാനോടും കടുത്ത നിലപാട്; ടീം ട്രംപിൽ വിദേശകാര്യ സെക്രട്ടറിയാകാൻ മാർകോ റൂബിയോ
. ഏഷ്യ പസഫിക് മേഖലയിൽ ചൈനയും പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കൻ നയങ്ങളെ പരസ്യമായി എതിർക്കുന്ന നിലവിലെ സാഹചര്യത്തിൽ റുബിയോയെ പോലെ കർക്കശക്കാരൻ വിദേശകാര്യ വകുപ്പിന്റെ തലവനായി എത്തുന്നത് ട്രംപ് ഭരണകൂടത്തിന് കരുത്താകും
വാഷിംഗ്ടൺ | നിയുക്ത യു എസ് പ്രസിഡന്റ് അധികാരമേറ്റെടുക്കുന്നതിന് മുന്നോടിയായി ഡൊണാൾഡ് ട്രംപ് തന്റെ സംഘത്തെ കെട്ടിപ്പടുക്കുമ്പോൾ, ഫ്ലോറിഡ സെനറ്റർ മാർകോ റൂബിയോ സ്റ്റേറ്റ് സെക്രട്ടറിയാകുമെന്ന് റിപോർട്ട്. നിലവിൽ സ്റ്റേറ്റ് സെക്രട്ടറിയായ ആന്റണി ബ്ലിങ്കന്റെ പിൻഗാമിയായി റൂബിയോ എത്തുമ്പോൾ പദവിയിലെത്തുന്ന ആദ്യ ലാറ്റിനോ വംശജനായിരിക്കും അദ്ദേഹം. ജനുവരി വരെയാണ് ബ്ലിങ്കന്റെ കാലാവധി.
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനിടെയുണ്ടായ സംഘർഷത്തിൽ അമേരിക്കയിലെ മയാമിയിലേക്ക് പലായനം ചെയ്ത കുടുംബത്തിലാണ് റുബിയോ ജനിച്ചുവളർന്നത്. ചൈന, ഇറാൻ തുടങ്ങി അമേരിക്കക്ക് ഭീഷണി ഉയർത്തുന്ന രാജ്യങ്ങളോട് കടുത്ത നിലപാട് തുറന്നുപറയുന്ന റുബിയോ ഇന്ത്യയോട് മൃദുസമീപനത്തിലാണ് ഇടപെടുന്നത്. ഏഷ്യ പസഫിക് മേഖലയിൽ ചൈനയും പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കൻ നയങ്ങളെ പരസ്യമായി എതിർക്കുന്ന നിലവിലെ സാഹചര്യത്തിൽ റുബിയോയെ പോലെ കർക്കശക്കാരൻ വിദേശകാര്യ വകുപ്പിന്റെ തലവനായി എത്തുന്നത് ട്രംപ് ഭരണകൂടത്തിന് കരുത്താകും. കൂടാതെ, റഷ്യയെയും ഉത്തര കൊറിയയെയും പോലുള്ള വലിയ ശക്തികളുമായുള്ള ഇടപെടലുകൾക്കും പകരം വെക്കാൻ ട്രംപിന്റെ ടീമിൽ മറ്റൊരാളില്ല എന്നതും റുബിയോക്ക് ഗുണം ചെയ്യും.
ഇന്ത്യക്ക് ഗുണം
മാർകോ റൂബിയോ അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയായെത്തിയാൽ ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം ദൃഢമാകും. ആഴത്തിലുള്ള ഇന്ത്യ- അമേരിക്ക ബന്ധത്തിന് പലപ്പോഴും വാദിച്ചയാളാണ് അദ്ദേഹം. കഴിഞ്ഞ ജൂലൈയിൽ സെനറ്റിൽ യു എസ്- ഇന്ത്യ പ്രതിരോധ സഹകരണ ബിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു.
ഇന്ത്യക്കെതിരായ ഭീഷണികളെ പ്രതിരോധിക്കുന്നതിൽ മുഖ്യ പങ്കാളിയായി അമേരിക്കയുണ്ടാകുമെന്നായിരുന്നു ബില്ലിലെ പ്രധാന കാര്യം.
പ്രതിരോധം, സിവിൽ സ്‌പേസ്, സാങ്കേതിക മേഖല, മരുന്നുകൾ, സാമ്പത്തിക നിക്ഷേപം തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യയുമായി സഹകരിക്കാനും അമേരിക്കക്ക് സാധിക്കും. സാങ്കേതിക വിദ്യകൾ കൈമാറുന്നതിൽ നാറ്റോ സഖ്യരാജ്യങ്ങളെ പോലെ ഇന്ത്യയെ പരിഗണിക്കുമെന്നും ബില്ലിൽ പറഞ്ഞിരുന്നു.